'റബ്ബറിന് 300 രൂപ തന്നാല്‍ ബിജെപിക്ക് എംപിയില്ലെന്ന വിഷമം മാറ്റും': നിലപാടിലുറച്ച് തലശ്ശേരി ആര്‍ച്ച് ബിഷപ്പ്

'റബ്ബറിന് 300 രൂപ തന്നാല്‍ ബിജെപിക്ക് എംപിയില്ലെന്ന വിഷമം മാറ്റും': നിലപാടിലുറച്ച് തലശ്ശേരി ആര്‍ച്ച് ബിഷപ്പ്

കത്തോലിക്കാ കോണ്‍ഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കര്‍ഷക റാലിയിലായിരുന്നു ആര്‍ച്ച് ബിഷപ്പിന്റെ പ്രതികരണം

റബ്ബറിന് 300 രൂപ വില തന്നാല്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാമെന്ന പ്രസ്താവനയില്‍ ഉറച്ച് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. റബ്ബര്‍ വില 300 രൂപയാക്കിയാല്‍ ബിജെപിക്ക് കേരളത്തില്‍ ഒരു എംപി പോലുമില്ലെന്ന വിഷമം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച കത്തോലിക്കാ കോണ്‍ഗ്രസ് തലശ്ശേരി അതിരൂപത സംഘടിപ്പിച്ച കര്‍ഷക റാലിയിലായിരുന്നു ആര്‍ച്ച് ബിഷപ്പിന്റെ പ്രതികരണം. കുടിയേറ്റ ജനതയ്ക്ക് അതിജീവനം വേണമെങ്കില്‍ രാഷ്ട്രീയമായി പ്രതികരിക്കണമെന്നാണ് ആര്‍ച്ച് ബിഷപ്പിന്റെ നിലപാട്. ജനാധിപത്യത്തില്‍ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന സത്യം കര്‍ഷകര്‍ തിരിച്ചറിയണമെന്നും ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞിരുന്നു.

പ്രസ്താവന വിവാദമായതോടെ ഇത് സഭയുടെ നിലപാടല്ലെന്നും മലയോര കര്‍ഷകരുടെ പൊതുവികാരമാണെന്നും പാംപ്ലാനി വിശദീകരിച്ചു. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുമായി യാതൊരു അകല്‍ച്ചയുമില്ലെന്ന് പറഞ്ഞ അദ്ദേഹം താന്‍ മലയോര കര്‍ഷകരുമായി കൂടിയാലോചിച്ചാണ് ഇക്കാര്യങ്ങള്‍ പറഞ്ഞതെന്ന് വ്യക്തമാക്കി. മലയോര കര്‍ഷകര്‍ക്കൊപ്പം ഇടതോ, കോണ്‍ഗ്രസോ, ബിജെപിയോ ആരാകും നില്‍ക്കുക എന്നതാണ് പ്രധാനമെന്നും പാംപ്ലാനി പറയുന്നു.

'' ആരുമായും അയിത്തമില്ല. അയിത്തം എന്നത് സഭയുടെ നിഘണ്ടുവിലില്ല. ദേശീയതലത്തില്‍ മതന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്നതും ഒറ്റപ്പെടുന്നതുമായ സംഭവങ്ങളെ ഗൗരവത്തോടെ കാണുന്നു. ബിജെപിയെ സഹായിക്കാം എന്നല്ല പറഞ്ഞത്, മലയോര കര്‍ഷകരുടെ ജീവിതം വഴിമുട്ടിനില്‍ക്കുമ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നവരെ സഹായിക്കാമെന്നാണ് പറഞ്ഞത്. '' - ജോസഫ് പാംപ്ലാനി വ്യക്തമാക്കി. തന്റെ മുന്നില്‍ കര്‍ഷക സംഘടനകളാണ് ഈ ആവശ്യമുന്നയിച്ചതെന്നും അദ്ദേഹം പറയുന്നു.

തലശ്ശേരി ബിഷപ്പിന്റെ പ്രസ്താവന ഏത് അവസരത്തിലാണെന്ന് അറിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കി. ബിജെപിയുടെ സോഷ്യല്‍ എഞ്ചിനീയറിങ് കേരളത്തില്‍ ഫലപ്രദമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. '' ഇവിടെ റബ്ബറിന്റെ വില മാത്രമല്ല പ്രശ്‌നം, ക്രിസ്ത്യന്‍ - മുസ്ലീം ന്യൂനപക്ഷങ്ങളെയും ഹിന്ദു ഭൂരിപക്ഷത്തെയും കൂടെ നിര്‍ത്താനുള്ള നീക്കം നടക്കുന്നുണ്ട്. ഏതെങ്കിലും ഒരു തുറുപ്പുചീട്ട് വെച്ച് കേരളം പിടിക്കാം എന്ന് ആരും കരുതേണ്ട. അതൊന്നും കേരളത്തില്‍ വിലപോകില്ല'' - എം വി ഗോവിന്ദന്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in