നികുതി വർധനയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം; സഭ പിരിഞ്ഞു

നികുതി വർധനയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം; സഭ പിരിഞ്ഞു

ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ യു ഡി എഫ് എം എല്‍ എമാര്‍ പ്രതിഷേധവുമായി സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു

ബജറ്റിലെ നികുതി വർധന പിൻവലിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ പ്രതിഷേധം ഇന്നും നിയമസഭയെ പ്രക്ഷുബ്ധമാക്കി. ചോദ്യോത്തര വേള തടസപ്പെടുത്തിയ പ്രതിഷേധത്തെ തുടർന്ന് നടപടികൾ വേഗത്തിലാക്കി സഭ ഇടക്കാലത്തേക്ക് പിരിഞ്ഞു. ഫെബ്രുവരി 27 നാണ് ഇനി സഭാസമ്മേളനം ചേരുക.

പ്രതിഷേധത്തിന്‌റെ ഭാഗമായി എംഎല്‍എ ഹോസ്റ്റലിന് മുന്നില്‍ നിന്ന് കാല്‍നടയായാണ് പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയിലെത്തിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും യുഡിഎഫ് നേതാക്കളും പ്രതിഷേധത്തിന് നേതൃത്വം നല്‍കി. നിയമസഭയിലും പ്രതിഷേധം ഇന്ന് ശക്തമായിരുന്നു. സഭയിലെത്തിയ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സ്പീക്കറുടെ ചേംബറിന് മുന്നില്‍ നിന്ന് മുദ്രാവാക്യം വിളിച്ചു. പ്രതിപക്ഷം സഹകരിക്കാത്തത് നിര്‍ഭാഗ്യകരമെന്ന് സ്പീക്കര്‍ പറഞ്ഞു. തുടര്‍ന്ന് ചോദ്യോത്തരവേള റദ്ദാക്കി.

നികുതി നിര്‍ദേശങ്ങള്‍ ജനജീവിതം താളം തെറ്റിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാരിന് ജനങ്ങളോട് പുച്ഛമാണെന്നും സെസ് പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയില്‍ നടത്തുന്ന സത്യാഗ്രഹം അവസാനിപ്പിച്ചു. നിയമസഭ ഇന്ന് പിരിയുന്നത് കണക്കിലെടുത്താണ് ഷാഫി പറമ്പില്‍ , മാത്യു കുഴല്‍നാടന്‍, നജീബ് കാന്തപുരം, സി ആര്‍ മഹേഷ് എന്നിവര്‍ സമരം അവസാനിപ്പിക്കുന്നത്. വരും ദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് യു ഡി എഫ് തീരുമാനം.

logo
The Fourth
www.thefourthnews.in