സ്ത്രീത്വത്തെ അപമാനിക്കൽ: ഉണ്ണി മുകുന്ദനെതിരായ കേസ് തുടരും, ഹര്‍ജി തള്ളി ഹൈക്കോടതി

സ്ത്രീത്വത്തെ അപമാനിക്കൽ: ഉണ്ണി മുകുന്ദനെതിരായ കേസ് തുടരും, ഹര്‍ജി തള്ളി ഹൈക്കോടതി

തിരക്കഥാചർച്ചയുമായി ബന്ധപ്പെട്ട് എത്തിയ യുവതിയെ അപമാനിച്ചു എന്നാണ് നടനെതിരായ കേസ്

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയില്‍ എഫ്ഐആർ റദ്ദാക്കണമെന്ന നടൻ ഉണ്ണി മുകുന്ദന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ വിചാരണ തുടരാമെന്ന് ജസ്റ്റിസ് കെ ബാബു ഉത്തരവിട്ടു.

എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസിലെ തുടർനടപടികൾ റദ്ദാക്കണമെന്നായിരുന്നു നടന്റെ ഹര്‍ജി. എന്നാൽ കീഴ്കോടതി നടപടി തുടരാനാണ് ഹൈക്കോടതി നിർദേശം. തിരക്കഥ ചർച്ചയുമായി ബന്ധപ്പെട്ട് എത്തിയ യുവതിയെ അപമാനിച്ചു എന്നാണ് ഉണ്ണി മുകുന്ദനെതിരായ കേസ്.

കേസിന്റെ വിചാരണയ്ക്ക് 2021ൽ അനുവദിച്ച സ്റ്റേ ഹൈക്കോടതി പിൻവലിച്ചിരുന്നു. കേസ് പരാതിക്കാരിയുമായി ഒത്തുതീർപ്പാക്കിയതിന്റെ രേഖയുടെ അടിസ്ഥാനത്തിലായിരുന്നു നേരത്തെ കോടതി സ്റ്റേ അനുവദിച്ചത്.

എന്നാൽ, താൻ ഒത്തുതീർപ്പ് കരാറിൽ ഒപ്പിട്ടിട്ടില്ലെന്നും തെറ്റായ വിവരം നൽകിയാണ് സ്റ്റേ സമ്പാദിച്ചതെന്നും പരാതിക്കാരിയായ യുവതി അറിയിച്ചതിനെ തുടർന്നാണ് സ്റ്റേ നീക്കാന്‍ ഉത്തരവുണ്ടായത്. ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ കക്ഷികളിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരിടുന്ന അഡ്വ. സൈബി ജോസ് കിടങ്ങൂരാണ് കേസിൽ നടനുവേണ്ടി ഹാജരായത്.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in