കേസ് പിന്‍വലിച്ചാല്‍ വിഹിതം തരാമെന്ന കേന്ദ്രനിലപാട് ഭരണഘടനാവിരുദ്ധം, ചോദിച്ചത് കിട്ടാനുള്ള രൂപയെന്ന്  മന്ത്രി ബാലഗോപാല്‍

കേസ് പിന്‍വലിച്ചാല്‍ വിഹിതം തരാമെന്ന കേന്ദ്രനിലപാട് ഭരണഘടനാവിരുദ്ധം, ചോദിച്ചത് കിട്ടാനുള്ള രൂപയെന്ന് മന്ത്രി ബാലഗോപാല്‍

ഭരണഘടനാപരമായ അവകാശങ്ങള്‍ നേടിയെടുക്കാനാണ് സുപ്രീം കോടതിയില്‍ പോയത്. സംസാരിച്ചു തീര്‍ത്തുകൂടെ എന്ന് കോടതി വരെ ചോദിച്ചു

സംസ്ഥാനത്തിന്‌റെ വായ്പാപരിധി വെട്ടിക്കുറച്ചത് സംബന്ധിച്ച് സുപ്രീംകോടതിയില്‍ കേന്ദ്രം സ്വീകരിക്കുന്ന നിലപാടുകള്‍ കേരളത്തെ വല്ലാതെ ബാധിക്കുന്നതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്ര സംസ്ഥാന ബന്ധത്തെ ഇത് വല്ലാതെ ബാധിക്കുന്നുണ്ട്. ഭരണഘടനാപരമായ അവകാശങ്ങള്‍ നേടിയെടുക്കാനാണ് സുപ്രീം കോടതിയില്‍ പോയത്. സംസാരിച്ചു തീര്‍ത്തുകൂടെ എന്ന് കോടതി വരെ ചോദിച്ചു. അതിനു ശേഷമാണ് കേന്ദ്രം ചര്‍ച്ചയ്ക്ക് തയ്യാറായതെന്നും ബാലഗോപാല്‍ പറഞ്ഞു.

13000 കോടി രൂപയോളം കേന്ദ്രം തരാനുണ്ട്. ഇത് കിട്ടണമെങ്കില്‍ കേസ് പിന്‍വലിക്കണം എന്നാണ് കേന്ദ്ര നിലപാട്. അങ്ങേയറ്റം ഭരണഘടനാവിരുദ്ധ നിലപാടാണിത്. വിവിധ ഘട്ടങ്ങളിലായി ലഭിക്കാനുള്ള രൂപയാണ് ചോദിച്ചത്. ഒരു കേസ് കൊടുത്തില്ലെങ്കിലും കിട്ടാനുള്ള രൂപയാണ് ചോദിക്കുന്നത്. കേരളത്തിനെതിരെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണ്. കേസിനകത്ത് എന്തെക്കെയോ കാര്യം ഉള്ളത് കൊണ്ടല്ലേ അവര്‍ കേസ് പിന്‍വലിക്കാന്‍ പറഞ്ഞത്- ബാലഗോപാല്‍ ചോദിച്ചു.

കേന്ദ്രം സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുകയാണ്. കോടതിയെ സമീപിക്കുമ്പോള്‍ ഭീഷണിപ്പെടുത്തുകയാണ്. കോടതിയില്‍നിന്ന് ന്യായമായ വിധി പ്രതീക്ഷിക്കുന്നതായും ബാലഗോപാല്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുകയാണെന്ന് ആരോപിച്ചാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. 28,550 കോടി രൂപ പ്രതീക്ഷിച്ച കേരളത്തിന് ഇത്തവണ 20, 521 കോടി രൂപ മാത്രമേ പൊതുവിപണിയില്‍നിന്ന് കടമെടുക്കാനാവൂവെന്ന് കേന്ദ്രം അറിയിച്ചിരുന്നു. കടമെടുപ്പ് പരിധി വര്‍ധിപ്പിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് തള്ളുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സംസ്ഥാനം കേടതിയെ സമീപിച്ചത്.

കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു കൊണ്ട് കേന്ദ്രം പുറത്തിറക്കിയ രണ്ട് ഉത്തരവുകള്‍ക്കെതിരെയാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. ഭരണഘടനയുടെ 131-ാം അനുച്ഛേദം അനുസരിച്ചായിരുന്നു ഹര്‍ജി.

എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങള്‍ തെറ്റാണെന്നായിരുന്നു കേരളം സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞത്.

logo
The Fourth
www.thefourthnews.in