ആരിഫ് മുഹമ്മദ് ഖാന്‍
ആരിഫ് മുഹമ്മദ് ഖാന്‍

ഗവർണറെ വെട്ടി സർക്കാർ; വി സി നിയമന സമിതിയുടെ ഘടന മാറ്റും

സെർച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം മൂന്നില്‍ നിന്ന് അഞ്ചാക്കും

സർവകലാശാല വൈസ് ചാന്‍സലർമാരുടെ നിയമനത്തില്‍ ചാന്‍സലാറായ ഗവർണറുടെ അധികാരം കുറയ്ക്കുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. വി സി നിയമനസമിതിയുടെ ഘടന മാറ്റും. ഗവർണറുടെ പ്രതിനിധിയെ സർക്കാർ നോമിനേറ്റ് ചെയ്യും. സെർച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം മൂന്നില്‍ നിന്ന് അഞ്ചാക്കും. സംസ്ഥാന സർക്കാരിന്റെ ഒരു പ്രതിനിധിയേയും ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ പ്രതിനിധിയേയും സെർച്ച് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും. വരുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. വിഷയത്തില്‍ ഗവർണറുമായുള്ള ഏറ്റുമുട്ടല്‍ കടുത്തതോടെയാണ് സർക്കാർ നീക്കം.

നിലവില്‍ കേരളത്തിലെ സർവകലാശാലകളുടെ സെർച്ച് കമ്മിറ്റിയില്‍ ഗവർണറാണ് അധികാര കേന്ദ്രം. ഗവർണറുടെയും യുജിസിയുടെയും അതത് സർവകലാശാലകളുടെയും പ്രതിനിധികളായ മൂന്ന് പേരാണ് സെർച്ച് കമ്മിറ്റിയിലുള്ളത്. ഇതിനിടെ, കേരള സർവകലാശാല വി സി നിയമനത്തിനായി സർക്കാരിനെ മറികടന്ന് ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചിരുന്നു. എന്നാൽ പുതിയ തീരുമാനം ഈ നീക്കത്തെ ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. നിയമസഭ ഇതു സംബന്ധിച്ച ബിൽ പാസാക്കിയ ശേഷം മാത്രമേ തുടർനടപടകളിലേക്ക് കടക്കാൻ കഴിയും. എന്നാൽ നിയമം പ്രാബല്യത്തിലാകാൻ ഗവർണറുടെ അംഗീകാരം അനിവാര്യമാണ്.

കാലിക്കറ്റ്, കണ്ണൂർ, സംസ്കൃത സർവകലാശാലകളിലെ വി സി നിയമനങ്ങളിൽ ഗവർണർ സർക്കാരിനെതിരെ പരസ്യവിമർശനം നടത്തിയിരുന്നു. പിന്നാലെ മുഖ്യമന്ത്രിയെ സർവകലാശാലകളുടെ വിസിറ്ററായി നിയമിക്കണമെന്നും ഓരോ സർവകലാശാലകള്‍ക്കും വെവ്വേറെ ചാന്‍സലറെ നിയമിക്കണമെന്നും ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മീഷന്‍ ശുപാർശ സമർപ്പിച്ചിരുന്നു. സർവകലാശാലകളുടെ അധികാരം ഗവർണറില്‍ കേന്ദ്രീകരിക്കരുതെന്നാണ് അംബേദ്കർ സർവകലാശാല മുന്‍ വൈസ് ചാന്‍സലർ ശ്യാം ബി മേനോന്‍ അധ്യക്ഷനായ ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മീഷന്‍ ശുപാർശ ചെയ്തത്.

മുന്‍പ് എന്‍ കെ ജയകുമാർ അധ്യക്ഷനായ നിയമ പരിഷ്കരണ കമ്മീഷനും ഗവർണറുടെ അധികാരം കുറയ്ക്കാന്‍ ശുപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സെർച്ച് കമ്മിറ്റിയിലെ ഗവർണറുടെ പ്രതിനിധിയെ സർക്കാരിന് നോമിനേറ്റ് ചെയ്യാമെന്ന ഭേദഗതിയോടെ ഓർഡിനന്‍സ് ഇറക്കാന്‍ നീക്കം തുടങ്ങിയത്. ഇതിനുപിന്നാലെയാണ് രാജ്ഭവൻ കേരള സർവകലാശാലയിൽ ഒഴിവുവരുന്ന വി സി പദവിയിയിൽ നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരിച്ചത്.

ഓര്‍ഡിനൻസ് വിഷയത്തിൽ ഗവര്‍ണറെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് സർവകലാ വിസി നിയമനത്തിലെ മന്ത്രിസഭാ തീരുമാനം

ഓര്‍ഡിനൻസ് വിഷയത്തിൽ ഗവര്‍ണറെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് സർവകലാ വിസി നിയമനത്തിലെ മന്ത്രിസഭാ തീരുമാനം. പുതുക്കാനായി സർക്കാർ അയച്ച 11 ഓർഡിനൻസുകൾ ഗവർണർ ഒപ്പുവെക്കാതെ വന്നതോടെയാണ് ബില്ലായി കൊണ്ടുവന്ന് നിയമമാക്കാനുള്ള നീക്കം തുടങ്ങിയത്. തുടർന്നാണ് ഓർഡിനന്‍സിറക്കി വി സി നിയമനത്തിലെ ഗവർണറുടെ അധികാരം കുറയ്ക്കുന്നതും ബില്ലാക്കാനുള്ള തീരുമാനത്തിലേക്ക് കടന്നത്. ഇതിനായുള്ള പ്രത്യേക നിയമസഭാസമ്മേളനം ആഗസ്റ്റ് 22 ന് ആരംഭിക്കും.

logo
The Fourth
www.thefourthnews.in