ഐ എൻസ് വിക്രാന്ത്, പ്രധാന മന്ത്രിക്കൊപ്പം നാവിക സേനാ മേധാവി
ഐ എൻസ് വിക്രാന്ത്, പ്രധാന മന്ത്രിക്കൊപ്പം നാവിക സേനാ മേധാവി

സമുദ്രമേഖലയിലെ വെല്ലുവിളികൾക്ക് രാജ്യത്തിന്റെ ഉത്തരമാണ് വിക്രാന്ത് ; പ്രധാനമന്ത്രി നരേന്ദ്ര മോദി

കൊച്ചി കപ്പൽശാലയിലെ ഉദ്യോ​ഗസ്ഥർക്കും എൻജിനീയർമാർക്കും അഭിനന്ദനം അറിയിച്ചു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്തി നരേന്ദ്രമോദി. കൊച്ചിയിലെ കപ്പൽ ശാലയിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഐഎൻഎസ് വിക്രാന്ത് ഔദ്യോഗികമായി നാവികസേനയ്ക്ക് കൈമാറിയത്. ഭാരതത്തിന്റെ കരുത്ത് തെളിയിക്കുന്നതാണ് ഐഎൻഎസ് വിക്രാന്തെന്നും നാവിക സേനയിൽ വനിതാ പ്രാതിനിധ്യം വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം പുതിയൊരു സൂര്യോദയത്തിന് സാക്ഷിയാകുന്നുവെന്ന് ചടങ്ങിൽ പ്രധാനമന്ത്രി പറഞ്ഞു. ഐഎൻഎസ് വിക്രാന്ത് ഇന്ത്യ നേരിടുന്ന വെല്ലുവിളികൾക്കുള്ള ഉത്തരമാണെന്നും ഒരു ലക്ഷ്യവും അസാധ്യമല്ലെന്നു വിക്രാന്ത് തെളിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയ്ക്ക് ഇത് അഭിമാനനേട്ടമെന്ന് നാവികസേനാ മേധാവി അ‍ഡ്മിറൽ ആർ. ഹരികുമാർ പറഞ്ഞു.അതേസമയം മേക് ഇൻ ഇന്ത്യ മാത്രമല്ല മേക് ഫോ‍ർ ദ വേൾഡും ലക്ഷ്യമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ഐഎൻഎസ് വിക്രാന്ത് രാജ്യത്തിനു മുതൽക്കൂട്ടാകുമെന്നും വിക്രാന്ത് സ്വയംപര്യാപ്തതയുടെ പ്രതീകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ഇന്ന് പിറന്നത് പുതിയ വിശ്വാസമാണ്. ആത്മനിർഭർ ഭാരതിന്റെ ഉദാത്ത പ്രതീകമാണ് ഇത്. കൊച്ചി കപ്പൽശാലയിലെ ഉദ്യോ​ഗസ്ഥർക്കും എൻജിനീയർമാർക്കും അഭിനന്ദനം അറിയിച്ചു" കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. "ഐഎൻഎസ് വിക്രാന്ത് ഇന്ത്യ നേരിടുന്ന വെല്ലുവിളികൾക്കുള്ള ഉത്തരമാണ്. സമുദ്രമേഖലയിലെ വെല്ലുവിളികൾക്ക് രാജ്യത്തിന്റെ ഉത്തരമാണ് വിക്രാന്ത്. ഒരു ലക്ഷ്യവും അസാധ്യമല്ലെന്നു വിക്രാന്ത് തെളിയിച്ചു. ഇതിലൂടെ ഇന്ത്യയ്ക്കു പുതിയ ശക്തിയും ഊർജവും ലഭിച്ചു. വികസിത രാജ്യങ്ങളുടെ വഴിയിലാണ് ഇന്ത്യ പോകുന്നത്. അതിന് തെളിവാണ് ഇന്ന് പിറന്നതെന്നും" അദ്ദേഹം കൂട്ടിച്ചേർത്തു.

കൊളോണിയൽ കാലഘട്ടത്തിൽ നഷ്ടപ്പെട്ട ഊർജത്തെ ഇന്ത്യ ഈ ആസാദി കാ അമൃത് മഹോത്സവത്തിൽ കൂടി പുനരുജ്ജീവിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ തമിഴ്‌നാടിനും ഉത്തർപ്രദേശിനും രണ്ട് പുതിയ പ്രതിരോധ ഇടനാഴികൾ വരുന്നുവെന്നും പ്രതിരോധ മേഖലയിൽ ഈ നടപടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മോദി പറഞ്ഞു. പ്രതിരോധ ബജറ്റിന്റെ 25% തദ്ദേശീയമായ സ്രോതസ്സുകൾക്കായി നീക്കിവയ്ക്കുകയും മേഖലയിലെ ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് മറ്റൊരു സുപ്രധാന തീരുമാനമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഐഎൻഎസ് വിക്രാന്ത് ഓരോ ഇന്ത്യക്കാരന്റെയും അഭിമാനം ഉയർത്തുന്നതാണ്. നേരത്തെ, വികസിത രാജ്യങ്ങൾക്കു മാത്രമേ ഐഎൻഎസ് വിക്രാന്ത് പോലുള്ള വിമാനവാഹിനിക്കപ്പലുകൾ നിർമിക്കാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ഇന്ത്യ ഈ നേട്ടം കൈവരിച്ചു കഴിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം ചടങ്ങിൽ സംസാരിക്കവേ പറഞ്ഞു.

logo
The Fourth
www.thefourthnews.in