വിദ്യാർഥി യൂണിയന്റെ നിസഹകരണം; പരിപാടി റദ്ദാക്കിയത് ജിയോ ബേബിക്ക് പ്രയാസമുണ്ടാവാതിരിക്കാനെന്ന് ഫാറൂഖ് കോളേജ്

വിദ്യാർഥി യൂണിയന്റെ നിസഹകരണം; പരിപാടി റദ്ദാക്കിയത് ജിയോ ബേബിക്ക് പ്രയാസമുണ്ടാവാതിരിക്കാനെന്ന് ഫാറൂഖ് കോളേജ്

തങ്ങള്‍ ഉദ്ദേശിക്കുന്ന സിനിമാ പ്രവര്‍ത്തനത്തിനോ ആസ്വാദനത്തിനോ കാമ്പസ് വളര്‍ന്നിട്ടില്ലെന്നത് സങ്കടകരമെന്ന് കോളേജ് ഫിലിം ക്ലബ് കോര്‍ഡിനേറ്ററായ അധ്യാപകന്‍

കോളേജ് യൂണിയന്‍ സഹകരിക്കില്ലെന്നും പ്രതിഷേധം സംഘടിപ്പിക്കുമെന്നും അറിയിച്ചതിനെത്തുടര്‍ന്നാണ് സംവിധായകൻ ജിയോ ബേബി പങ്കെടുക്കേണ്ടിയിരുന്ന പരിപാടി റദ്ദാക്കിയതെന്ന് ഫാറൂഖ് കോളേജ് അധികൃതർ. അതിഥിക്ക് പ്രയാസമുണ്ടാവുന്നതിനേക്കാള്‍ അഭികാമ്യം പരിപാടി തല്‍ക്കാലത്തേക്ക് മാറ്റിവയ്ക്കുന്നതാണ് ഉചിതമെന്ന നിലയിലാണ് ജിയോ ബേബിയെ വിളിച്ച് ഇക്കാര്യം അറിയിച്ചതെന്നും കോളേജ് പത്രക്കുറിപ്പില്‍ അറിയിച്ചു.

ജിയോ ബേബിയെ ക്ഷണിച്ച പരിപാടി റദ്ദാക്കേണ്ടിവന്ന പശ്ചാത്തലത്തില്‍ ഫാറുഖ് കോളേജ് ഫിലിം ക്ലബ് കോര്‍ഡിനേറ്റര്‍ മന്‍സൂര്‍ അലി സ്ഥാനമൊഴിഞ്ഞു. തങ്ങള്‍ ഉദ്ദേശിക്കുന്ന സിനിമാ പ്രവര്‍ത്തനത്തിനോ ആസ്വാദനത്തിനോ കാമ്പസ് വളര്‍ന്നിട്ടില്ലെന്നത് സങ്കടകരമെന്ന് മലയാളം വിഭാഗം അധ്യാപകനായ മന്‍സൂര്‍ അലി പറഞ്ഞു.

''2017 ലാണ് ഞാന്‍ ഫാറൂഖ് കോളേജ് ഫിലിം ക്ലബ് കോഡിനേറ്റര്‍ ആവുന്നത്. ആ വര്‍ഷം ഫിലിം ക്ലബ് ഉദ്ഘാടനം ചെയ്തത് സക്കരിയ (സുഡാനി ഫ്രം നൈജീരിയ സംവിധായകൻ) ആയിരുന്നു. അതത് സമയങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന ആളുകളെയാണ് നമ്മള്‍ ഉദ്ഘാടകരായി വിളിക്കാറുള്ളത്. പല നടന്മാരെയും സംവിധായകരെയും ഫിലിം ക്ലബ് കൊണ്ടുവന്നിട്ടുണ്ട്. ഒട്ടേറെ സിനിമകള്‍ നമ്മള്‍ സ്‌ക്രീന്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സിനിമയുടെ നൂറ്റിപ്പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കേരളത്തിലെ മികച്ച കോളേജ് ഫിലിം ക്ലബിനുള്ള ആദരം ഫറൂഖ് കോളേജ് ഫിലിം ക്ലബിന് ലഭിച്ചിരുന്നു. ഈ പ്രാവശ്യം മലയാളസിനിമയില്‍ സൂക്ഷ്മ രാഷ്ട്രീയത്തിന്റെ, ക്രാഫ്റ്റിലെ കയ്യടക്കം കൊണ്ട് പുതുമ സൃഷ്ടിച്ച ജിയോ ബേബിയെ കൊണ്ട് വരാനാണല്ലോ ശ്രമിച്ചത്. നമ്മള്‍ ഉദ്ദേശിക്കുന്ന സിനിമാ പ്രവര്‍ത്തനത്തിനോ ആസ്വാദനത്തിനോ കാമ്പസ് വളര്‍ന്നിട്ടില്ലെ ന്നത് സങ്കടകരമായ വസ്തുതയാണ്. ഫിലിം ക്ലബ് കോഡിനേറ്റര്‍ സ്ഥാനത്ത് ഇനിയും തുടരുന്നതില്‍ അര്‍ഥമില്ല. തല്‍സ്ഥാനത്ത് നിന്ന് മാറുകയാണ്. ഇതുവരെ സഹകരിച്ച എല്ലാവര്‍ക്കും നന്ദി,'' മന്‍സൂര്‍ അലി അധ്യാപകരുടെ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വ്യക്തമാക്കി.

വിദ്യാർഥി യൂണിയന്റെ നിസഹകരണം; പരിപാടി റദ്ദാക്കിയത് ജിയോ ബേബിക്ക് പ്രയാസമുണ്ടാവാതിരിക്കാനെന്ന് ഫാറൂഖ് കോളേജ്
'അവരുടെ പ്രശ്നം എന്റെ ധാർമിക മൂല്യങ്ങൾ, അപമാനിതനായി, നിയമനടപടി സ്വീകരിക്കും'; ഫാറൂഖ് കോളേജിനെതിരെ ജിയോ ബേബി

ഫിലിം ക്ലബ് ഡിസംബര്‍ അഞ്ചിന് സംഘടിപ്പിച്ച സിനിമ ചര്‍ച്ചയിലേക്കായിരുന്നു ജിയോ ബേബിയെ ക്ഷണിച്ചത്. ഇതില്‍ പങ്കെടുക്കാനായി അഞ്ചിന് രാവിലെ കോഴിക്കോട്ട് എത്തിയപ്പോഴാണ് പരിപാടി റദ്ദാക്കിയ വിവരം പ്രോഗ്രാം കോഡിനേറ്റ് ചെയ്ത അധ്യാപിക ജിയോ ബേബിയെ അറിയിച്ചത്. കോഴിക്കോട് ഫാറൂഖ് കോളേജും വിദ്യാര്‍ഥി യൂണിയനും അപമാനിച്ചതായി ആരോപിച്ച് സംവിധായകന്‍ ജിയോ ബേബിയും രംഗത്തെത്തിയിരുന്നു. ഫിലിം ക്ലബ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ ക്ഷണിച്ചുവരുത്തിയ ശേഷം തന്നെ മുന്‍കൂട്ടി അറിയിക്കാതെ അവസാന നിമിഷം പരിപാടി റദ്ദാക്കി. തന്റെ പരാമര്‍ശങ്ങള്‍ കോളേജിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്കെതിരാണെന്ന് പറഞ്ഞുകൊണ്ടാണ് നടപടി. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജിയോ പറഞ്ഞിരുന്നു.

സോഷ്യല്‍ മീഡിയയില്‍ വരെ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്ന പരിപാടി പെട്ടെന്ന് റദ്ദാക്കിയത് എന്താണെന്ന് ചോദിച്ചുകൊണ്ട് പ്രിന്‍സിപ്പലിന് മെയില്‍ അയച്ചെങ്കിലും മറുപടി ഉണ്ടായില്ല. വാട്സ്ആപ്പ് സന്ദേശത്തിനും പ്രതികരണമുണ്ടായില്ല.

ഇതിനിടെ വിഷയവുമായി ബന്ധപ്പെട്ട് ഫാറൂഖ് കോളേജ് സ്റ്റുഡന്‍സ് യൂണിയന്റെ കത്ത് ഫോര്‍വേര്‍ഡ് ചെയ്ത് ജിയോയ്ക്ക് ലഭിച്ചു. ''ഫാറൂഖ് കോളേജില്‍ പ്രവര്‍ത്തിച്ചുവരുന്ന ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിച്ചേരുന്ന ഉദ്ഘാടകന്റെ പരാമര്‍ശങ്ങള്‍, കോളേജിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്ക് എതിരാണ്. അതിനാല്‍ പ്രസ്തുത പരിപാടിയുമായി ഫാറൂഖ് വിദ്യാര്‍ത്ഥി യൂണിയന്‍ സഹകരിക്കുന്നതല്ല,'', എന്നായിരുന്നു അതില്‍ പറയുന്നത്.

തന്റെ ധാര്‍മിക മൂല്യങ്ങള്‍ പ്രശ്നമാണെന്നാണ് സ്റ്റുഡന്റ്‌സ് യൂണിയന്‍ പറയുന്നത്. മാനേജ്മെന്റ് എന്തുകൊണ്ടാണ് പരിപാടി റദ്ദാക്കിയതെന്ന് അറിയേണ്ടതുണ്ട്. ഈ പരിപാടിക്ക് വേണ്ടി ഒരുദിവസത്തോളം യാത്ര ചെയ്തിട്ടുണ്ട്. അതിനേക്കാള്‍ ഉപരി താന്‍ അപമാനിതനായിട്ടുണ്ട്. അതിനുള്ള ഉത്തരം ലഭിക്കണം. ഇതുമായി ബന്ധപ്പെട്ട് നിയമനടപടി സ്വീകരിക്കും.

വിദ്യാർഥി യൂണിയന്റെ നിസഹകരണം; പരിപാടി റദ്ദാക്കിയത് ജിയോ ബേബിക്ക് പ്രയാസമുണ്ടാവാതിരിക്കാനെന്ന് ഫാറൂഖ് കോളേജ്
രാജ്യത്തെ ടിവി പ്രേക്ഷകരുടെ എണ്ണത്തിൽ വർധന; ആഴ്ചയിൽ കൂടുതലായി മാറ്റിവയ്ക്കുന്നത് 53 മിനുറ്റ്

ഇത്തരം വിദ്യാര്‍ത്ഥി യൂണിയന്‍ എന്ത് ആശയമാണ് മുന്നോട്ടുവയ്ക്കുന്നതെന്നും ജിയോ ബേബി ചോദിച്ചു. സംഭവത്തില്‍ പ്രതികരണം തേടി ഫാറൂഖ് കോളേജ് യൂണിയന്‍ ഭാരവാഹികളെ ദ ഫോര്‍ത്ത് ബന്ധപ്പെട്ടെങ്കിലും ലഭ്യമായില്ല.

സ്വവര്‍ഗ പ്രണയം ചര്‍ച്ച ചെയ്യുന്ന കാതല്‍ എന്ന ചിത്രം ചര്‍ച്ചയായതോടെയാണ് ഫറൂഖ് കോളേജ് ഫിലിം ക്ലബ് ജിയോ ബേബിയെ അതിഥിയായി ക്ഷണിക്കുകയും പരിപാടി സംഘടിപ്പിക്കുകയും ചെയ്തത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in