കലാപ ഭൂമിയിൽ നിന്ന് നാടണഞ്ഞ് മലയാളികൾ; സുഡാനിൽ കൊല്ലപ്പെട്ട ആൽബർട്ടിന്റെ കുടുംബവും തിരികെയെത്തി

കലാപ ഭൂമിയിൽ നിന്ന് നാടണഞ്ഞ് മലയാളികൾ; സുഡാനിൽ കൊല്ലപ്പെട്ട ആൽബർട്ടിന്റെ കുടുംബവും തിരികെയെത്തി

ഒന്‍പത് പേരാണ് കൊച്ചിയിലും തിരുവനന്തപുരത്തും വിമാനമിറങ്ങിയത്

ആഭ്യന്തര കലാപം നടക്കുന്ന സുഡാനില്‍ നിന്ന് ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി ഒന്‍പത് മലയാളികള്‍ കേരളത്തിലെത്തി. കൊച്ചിയിലും തിരുവനന്തപുരത്തുമായാണ് ഇവരെത്തിയത്. സുഡാനില്‍ കൊല്ലപ്പെട്ട ആല്‍ബര്‍ട്ട് അഗസ്റ്റിന്‌റെ ഭാര്യയും മകളും ഇക്കൂട്ടത്തിലുണ്ട്.

ഡല്‍ഹിയിലും മുംബൈയിലുമെത്തിയ മലയാളികളാണ് കൊച്ചിയിലും തിരുവനന്തപുരത്തും വിമാനമിറങ്ങിയത്. ആല്‍ബര്‍ട്ടിന്റെ ഭാര്യ സൈബല്ലയും മകള്‍ മരീറ്റയും ജിദ്ദയില്‍ നിന്നുള്ള സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ നെടുമ്പാശേരിയിലെത്തുകയായിരുന്നു. വിദേശകാര്യ മന്ത്രാലയം ഏര്‍പ്പാടാക്കിയ പ്രത്യേക കാറില്‍ ഇവര്‍ സ്വദേശമായ കണ്ണൂരിലെത്തി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ജിദ്ദയില്‍ നിന്നും മുംബൈയിലെത്തിയ ഏഴു മലയാളികളാണ് ഇന്നും നാളെയുമായി കേരളത്തിലെത്തുക

ബിജി ആലപ്പാട്ട്, ഷെരോണ്‍ ആലപ്പാട്ട്, ഡാനിയേല്‍ ആലപ്പാട്ട്, മിഷേല്‍ ആലപ്പാട്ട്, റോഷലേ ആലപ്പാട്ട്, ജയേഷ് എന്നിവരാണ് രാവിലെ കൊച്ചിയിലെത്തിയത്.പിന്നീട് പതിനൊന്നരയോടെ മൂന്നു പേര്‍ കൂടി കൊച്ചിയിലെത്തി . ഷറിന്‍ തോമസ്, ഷീലാമ്മ തോമസ് വര്‍ഗ്ഗീസ്, തോമസ് വര്‍ഗ്ഗീസ് എന്നിവരാണ് ആ സംഘത്തിലുണ്ടായിരുന്നവര്‍. നാട്ടിലെത്തിയ ഇവരെ നോര്‍ക്ക റൂട്ട്സ പ്രതിനിധികള്‍ ചേര്‍ന്ന് വീടുകളിലേക്ക് യാത്രയാക്കുകയും ചെയ്തു.

ജിദ്ദയില്‍ നിന്ന് മുംബൈയിലെത്തിയ ഏഴു മലയാളികള്‍ ഇന്നും നാളെയുമായി കേരളത്തിലെത്തും. പത്തനംതിട്ട സ്വദേശികളായ ജോസ് ജോര്‍ജ്, തോമസ് മാത്യു, കൊല്ലം സ്വദേശി രാജു ബേബി, തിരുവനന്തപുരം സ്വദേശികളായ ഷബീന്‍ സുദേവന്‍, രജിത്ത് സുധ, മലപ്പുറം സ്വദേശി ശിവന്‍ പട്ടേല്‍, കാസര്‍ഗോഡ് സ്വദേശി അജു മൂളയില്‍ എന്നിവരാണ് ഈ സംഘത്തിലുണ്ടാകുക. ഈ കൂട്ടത്തില്‍ രണ്ടു പേര്‍ രാത്രി 10.15 ഓടെ തിരുവനന്തപുരത്തെത്തും. ബാക്കിയുള്ളവര്‍ നാളെ നാട്ടിലെത്തും. മൂന്നു പേര്‍ തിരുവനന്തപുരത്തും രണ്ടു പേര്‍ കണ്ണൂരും, ബാക്കിയുള്ളവര്‍ കോഴിക്കോട് വിമാനത്താവളങ്ങളിലുമായി എത്തിച്ചേരും. ഇന്ന് അവര്‍ക്ക് കഴിയാനുള്ള സൗകര്യങ്ങള്‍ മുംബൈയില്‍ ഒരുക്കിയിട്ടുണ്ട്.

സുഡാനിൽ നിന്ന് മുംബൈ കേരള ഹൗസിൽ
എത്തിയ ഏഴംഗ സംഘത്തിലെ അഞ്ചുപേർ  നോർക്ക അധികൃതരോടൊപ്പം. ഇവർ നാളെ കേരളത്തിലേയ്ക്ക് തിരിയ്ക്കും.
സുഡാനിൽ നിന്ന് മുംബൈ കേരള ഹൗസിൽ എത്തിയ ഏഴംഗ സംഘത്തിലെ അഞ്ചുപേർ നോർക്ക അധികൃതരോടൊപ്പം. ഇവർ നാളെ കേരളത്തിലേയ്ക്ക് തിരിയ്ക്കും.

സുഡാനില്‍ നിന്ന് നാട്ടിലെത്തുന്നവര്‍ക്കാവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. എല്ലാവരേയും നാട്ടില്‍ തിരിച്ചെത്തിക്കുവരെ സര്‍ക്കാര്‍ നടപടികള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇതിനായി ഡല്‍ഹിയിലും, മുംബൈയിലും പ്രത്യേക ഹെല്‍പ്പ് ഡെസ്‌ക് സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞദിവസം 19 മലയാളികളടക്കം 360 പേരെയാണ് ഓപ്പറേഷന്‍ കാവേരി ദൗത്യത്തിന്റെ ഭാഗമായി ചൊവ്വാഴ്ച സുഡാനില്‍ നിന്ന് ജിദ്ദ വഴി ഡല്‍ഹിയിലെത്തിച്ചത്.സുഡാനിലെ സൈനികരും അര്‍ധസൈനിക സേനയും തമ്മിലുള്ള സംഘര്‍ഷത്തിനിടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ നാട്ടിലെത്തിക്കാന്‍ വേണ്ടിയാണ് ഓപ്പറേഷന്‍ കാവേരി ആരംഭിച്ചത് . സൗദി അറേബ്യയില്‍ നിലയുറപ്പിച്ചിട്ടുള്ള ഐഎഎഫിന്റെ രണ്ട് സി-130 ജെ മീഡിയം ലിഫ്റ്റ് വിമാനങ്ങളിലൂടെയും പോര്‍ട്ട് സുഡാനിലെത്തുന്ന ഇന്ത്യക്കാരെ നാവികസേനയുടെ യുദ്ധക്കപ്പലുകളും മുഖേനയാണ് ജിദ്ദയില്‍ എത്തിച്ചത്.

logo
The Fourth
www.thefourthnews.in