ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

കേരള വിസി നിയമനം: സെര്‍ച്ച് കമ്മിറ്റിയുടെ കാലാവധി നീട്ടി ഗവർണർ

നവംബര്‍ അഞ്ചുമുതല്‍ മൂന്നുമാസത്തേക്കാണ് കാലാവധി നീട്ടിയിരിക്കുന്നത്

കേരള സര്‍വകലാശാല വി സി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയുടെ കാലാവധി നീട്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാരുമായുള്ള പോര് മുറുകുന്നതിനിടെയാണ് ഗവർണറുടെ നടപടി. ഇതോടെ സെര്‍ച്ച് കമ്മിറ്റിയിലേയ്ക്കുള്ള സെനറ്റ് പ്രതിനിധിയെ നിർദേശിക്കാൻ സർവകലാശാലയ്ക്ക് കൂടുതൽ സമയം ലഭിക്കും. നവംബര്‍ അഞ്ച് മുതല്‍ മൂന്ന് മാസത്തേയ്ക്കാണ് സെർച്ച് കമ്മിറ്റിയുടെ കാലാവധി നീട്ടിയത്. ഓഗസ്റ്റിൽ നിയമിച്ച സെർച്ച കമ്മിറ്റിയുടെ കാലാവധി ഒക്ടോബര്‍ 11ന് അവസാനിച്ചിരുന്നു . സര്‍വലാശാല സെനറ്റ് പ്രതിനിധി, യുജിസി പ്രതിനിധി, ഗവര്‍ണറുടെ പ്രതിനിധി എന്നിവരടങ്ങിയ സെര്‍ച്ച് കമ്മിറ്റിയാണ് വിസിയെ ശുപാർശ ചെയ്യുന്നത്. സെർച്ച് കമ്മിറ്റി നൽകുന്ന മൂന്നംഗ ചുരുക്കപ്പട്ടികയിൽ നിന്ന് ഗവർണറാണ് വിസിയെ നിയമിക്കേണ്ടത്. സർവകലാശാലാ പ്രതിനിധിയെ നിർദേശിക്കാത്തതിനെ തുടർന്ന് സെർച്ച് കമ്മിറ്റിയ്ക്ക് നടപടിക്രമങ്ങളിലേക്ക് കടക്കാൻ സാധിച്ചിരുന്നില്ല.

നവംബര്‍ അഞ്ച് മുതല്‍ മൂന്ന് മാസത്തേയ്ക്കാണ് പ്രതിനിധിയെ നിയമിക്കാനുള്ള സമയം നീട്ടി നല്‍കിയത്

സർവകലാശാലാ സെനറ്റ് പ്രതിനിധിയെ നേരത്തെ നിർദേശിച്ചിരുന്നെങ്കിലും അദ്ദേഹം വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി പിൻമാറി. തുടർന്ന് ഓഗസ്റ്റിൽ ഗവർണർ രണ്ടംഗ സെർച്ച് കമ്മിറ്റിയെ നിയമിച്ചു. സെനറ്റ് പ്രതിനിധിയില്ലാതെയാണ് ഇത്. സർവകലാശാലാ പ്രതിനിധിയെ ഉടൻ നിർദേശിക്കണമെന്നും അതിനായി സെനറ്റ് യോഗം ചേരണമെന്നും ഗവർണർ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. എന്നാൽ സെർച്ച് കമ്മിറ്റി രൂപീകരിച്ച ഗവർണറുടെ നടപടിക്കെതിരെ പ്രമേയം പാസാക്കുകയാണ് യോഗം ചെയ്തത്.

ഗവർണറുടെ ഉത്തരവ്
ഗവർണറുടെ ഉത്തരവ്

ഒക്ടോബർ 11 ന് സെർച്ച് കമ്മിറ്റിയുടെ സമയപരിധി അവസാനിച്ചതോടെ ഗവർണർ നടപടി കടുപ്പിച്ചിരുന്നു. വേഗത്തിൽ പ്രതിനിധിയെ നിർദേശിക്കാൻ അന്ത്യശാസനം നൽകി. എന്നാൽ തുടർന്ന് ചേർന്ന സെനറ്റ് യോഗം കോറം തികയാതെ പിരിഞ്ഞതോടെ തിരഞ്ഞെടുപ്പ് നടന്നില്ല. ഇത് തുടർന്ന് യോഗത്തിൽ നിന്ന് വിട്ടുനിന്ന 15 നോമിനേറ്റഡ് അംഗങ്ങളെ ഗവർണർ സെനറ്റിൽ നിന്ന് നീക്കി. 10 വർഷം പൂർത്തിയായ പ്രൊഫസർമാരുടെ ലിസ്റ്റും രാജ്ഭവൻ കഴിഞ്ഞ ദിവസം വിസിയോട് ആരാഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സെർച്ച് കമ്മിറ്റിയുടെ സമയപരിധി നീട്ടിനൽകിയത്. ഓഗസ്റ്റ് എട്ടിലെ ഉത്തരവിലെ എല്ലാ നിർദേശങ്ങളും പാലിക്കപ്പെടണമെന്നും പുതിയ ഉത്തരവ് വ്യക്തമാക്കുന്നു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഗവര്‍ണറുടെ അസാധാരണ നടപടി

ഈ മാസം 24 നാണ് കേരള സർവകലാശാലാ വിസി ഡോ. വി പി മഹാദേവൻ പിള്ളയുടെ കാലാവധി അവസാനിക്കുന്നത്. അടുത്തമാസം ആദ്യം സെനറ്റ് യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in