അവയവദാനം  കച്ചവടമാണെന്ന  സംശയം എപ്പോഴും ഉന്നയിക്കരുത്: ഹൈക്കോടതി

അവയവദാനം കച്ചവടമാണെന്ന സംശയം എപ്പോഴും ഉന്നയിക്കരുത്: ഹൈക്കോടതി

അപേക്ഷകൾ പരിഗണിക്കുമ്പോൾ ഓഥറൈസേഷന്‍ കമ്മിറ്റി സാങ്കേതികത്വം നോക്കരുതെന്നും കോടതി നിരീക്ഷണം

അവയവം മാറ്റിവയ്ക്കലിന് അനുമതി തേടിയുള്ള അപേക്ഷകൾ പരിഗണിക്കുന്ന ജില്ലാതല ഓഥറൈസേഷന്‍ കമ്മിറ്റിയുടെ പങ്ക് ദൈവികമാണെന്ന് ഹൈക്കോടതി. അപേക്ഷകൾ പരിഗണിക്കുമ്പോൾ കമ്മിറ്റി സാങ്കേതികത്വം ഉയർത്താൻ പാടില്ലന്നും അപേക്ഷയിലെ കാര്യങ്ങൾ തൃപ്തികരമാണെങ്കിൽ മനുഷ്യാവയവങ്ങൾ നീക്കം ചെയ്യുന്നതിനും മാറ്റിവയ്ക്കുന്നതിനും കമ്മിറ്റി അനുമതി നൽകണമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ സൂചിപ്പിച്ചു.

"ഒരു മനുഷ്യൻ മരണക്കിടക്കയിലായിരിക്കുമ്പോൾ അയാൾ മറ്റൊരു വ്യക്തിയിൽ നിന്ന് ഒരു ജീവിതം ലഭിക്കുമെന്ന് പ്രതീക്ഷിക്കും. ആ സമയത്ത് ചില സാങ്കേതികതകളും സംശയങ്ങളും കണ്ടെത്തുന്നതിന് പകരം മരണക്കിടക്കയിലുള്ള മനുഷ്യനെ സഹായിക്കാനാണ് ഓഥറൈസേഷന്‍ കമ്മിറ്റിയും പോലീസും ശ്രമിക്കേണ്ടത്. ദാതാവിന് രോഗിയുമായി ബന്ധമോ സൗഹൃദമോ കണ്ടെത്താൻ കഴിയാത്തതിനാൽ, അവയവം മാറ്റിവയ്ക്കാനുള്ള അപേക്ഷ നിരസിച്ച ഓഥറൈസേഷന്‍ കമ്മിറ്റിയുടെ ഉത്തരവ് ചോദ്യം ചെയ്ത് രോഗിയുടെ ഭാര്യ നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമർശം.

കേരള ലീഗൽ സർവീസ് അതോറിറ്റിയുടെ (കെൽസ) റിപ്പോർട്ട് തങ്ങൾക്കനുകൂലമാണെന്ന് കാണിച്ചാണ് അവർ ഹൈക്കോടതിയെ സമീപിച്ചത്. അവയവദാനവും മാറ്റിവയ്ക്കലും വാണിജ്യവൽക്കരിക്കുന്നത് ഒഴിവാക്കാനാണ് പോലീസ് പരിശോധന നടത്തുന്നതെന്ന് കോടതി നിരീക്ഷിച്ചു. എന്നിരുന്നാലും, പോലീസ് വെരിഫിക്കേഷൻ റിപ്പോർട്ടുകൾ സമർപ്പിക്കുമ്പോൾ, കേവലം സാങ്കേതിക ഓർഡറുകൾ ഓഥറൈസേഷന്‍ കമ്മിറ്റി നൽകരുത്.

1994ലെ മനുഷ്യാവയവങ്ങൾ മാറ്റിവയ്ക്കൽ നിയമത്തിലെയും അതിന് കീഴിലുള്ള ചട്ടങ്ങളിലെയും എല്ലാ ആവശ്യങ്ങളും പാലിക്കുന്നുണ്ടെന്ന് ഓഥറൈസേഷന്‍ കമ്മിറ്റി ഒരു സ്വതന്ത്ര അന്വേഷണം നടത്തണമെന്നും സ്വയം തൃപ്തിപ്പെടുത്തണമെന്നും കോടതി നിർദ്ദേശിച്ചു. ഹർജിക്കാരിയുടെ ഭർത്താവ് ജീവിതത്തിനും മരണത്തിനുമിടയിലാണിപ്പോൾ. വൃക്ക ദാനത്തിന് ദാതാവ് സ്വമേധയാ സമ്മതിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതിനാൽ ഓഥറൈസേഷന്‍ കമ്മറ്റി വീണ്ടും അപേക്ഷ പരിഗണിച്ച് തീർപ്പാക്കാനും കോടതി നിർദ്ദേശിച്ചു.

logo
The Fourth
www.thefourthnews.in