ഡോ ഷാനവാസ്
ഡോ ഷാനവാസ്

ഡോ. ഷാനവാസിന്റെ മരണം; അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

മരണത്തിലെ ദുരൂഹതയും ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ സുഹൃത്തുക്കൾ നടത്തിയ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കണമെന്ന് ഹർജി

ആദിവാസി മേഖലയിൽ ഡോക്ടറായി സേവനം അനുഷ്ഠിച്ചിരുന്ന ഡോ. ഷാനവാസിന്‍റെ മരണം സംബന്ധിച്ച് അന്വേഷണം വേണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിൻ്റെ വിശദീകരണം തേടി. മരണത്തിലെ ദുരൂഹതയും ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ സുഹൃത്തുക്കൾ നടത്തിയ സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം . എട്ട് വർഷം മുമ്പ് നടന്ന സംഭവം സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നാരോപിച്ച് മലപ്പുറം സ്വദേശി മനോജ് കേദാരം നൽകിയ ഹര്‍ജിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പരിഗണിച്ചത്.

ഷാനവാസ് ആദിവാസി ഊരുകളില്‍
ഷാനവാസ് ആദിവാസി ഊരുകളില്‍

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മദ്യത്തിന്റെ അംശവും ശ്വാസനാളത്തിൽ ഭക്ഷണാവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു

2015 ഫെബ്രുവരി 13 നു രാത്രി കോഴിക്കോട്ട് നിന്ന് കാറിൽ നിലമ്പൂരിലേക്ക് മടങ്ങുമ്പോഴാണ് ഡോ. ഷാനവാസ് ദുരൂഹ സാഹചര്യത്തിൽ മരിച്ചതെന്ന് ഹര്‍ജിയില്‍ പറയുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മദ്യത്തിന്റെ അംശവും ശ്വാസനാളത്തിൽ ഭക്ഷണാവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. ഷാനവാസിനെ കാറിൽ ഒപ്പമുണ്ടായിരുന്നവർ യഥാസമയം ആശുപത്രിയിൽ എത്തിച്ചില്ലെന്നും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിക്കുന്നതിനു പകരം എടവണ്ണയിലെ ഒരു ക്ലിനിക്കിലാണ് എത്തിച്ചതെന്നും ഹർജിക്കാരൻ ആരോപിക്കുന്നു.

ഷാനവാസിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ 'ആത്മാ ചാരിറ്റബിൾ ട്രസ്റ്റി'ന്റെ മറവിൽ സുഹൃത്തുക്കൾ ലക്ഷങ്ങൾ വിദേശത്തു നിന്ന് പിരിച്ചെടുത്തെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളിലൊരാൾ പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ടു. ഇയാൾക്കും തട്ടിപ്പിൽ പങ്കുണ്ട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകിയതെന്ന് ഹർജിയിൽ പറയുന്നു. ഹർജി അടുത്ത മാസം വീണ്ടും പരിഗണിക്കും.

logo
The Fourth
www.thefourthnews.in