നിയമസഭാ കയ്യാങ്കളി: അന്വേഷണം രണ്ട് മാസത്തിനുളളിൽ പൂർത്തിയാക്കും, തുടരന്വേഷണത്തിന്റെ ആദ്യഘട്ട റിപ്പോർട്ട് സമർപ്പിച്ചു

നിയമസഭാ കയ്യാങ്കളി: അന്വേഷണം രണ്ട് മാസത്തിനുളളിൽ പൂർത്തിയാക്കും, തുടരന്വേഷണത്തിന്റെ ആദ്യഘട്ട റിപ്പോർട്ട് സമർപ്പിച്ചു

2015 മാർച്ച് 13ന് ധനമന്ത്രി കെഎം മാണി ബജറ്റ് അവതരിപ്പിക്കുന്നതിന് എതിരെയായിരുന്നു പ്രതിപക്ഷ പ്രതിഷേധം

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന നിയമസഭാ കയ്യാങ്കളിയിൽ തുടരന്വേഷണ പുരോഗതി റിപ്പോർട്ട് അന്വേഷണസംഘം സമർപ്പിച്ചു. അന്വേഷണം രണ്ട് മാസത്തിനുള്ളിൽതന്നെ പൂർത്തിയാക്കും. വി ശിവൻ കുട്ടിക്ക് പരുക്കുപറ്റിയത് സംബന്ധിച്ച സർട്ടിഫിക്കറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

ഈ മാസം ആദ്യമാണ് കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകിയിരുന്നത്. തുടർന്ന് ജൂലൈ 7ന് കോടതി കർശന ഉപാധികളോടെ അനുമതി നൽകി. 60ദിവസത്തിനകം അന്തിമ റിപ്പോർട്ട് നൽകണമെന്നും മൂന്നാഴ്ച കൂടുമ്പോൾ അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണമെന്നും തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ആദ്യഘട്ട റിപ്പോർട്ട് സമർപ്പിച്ചത്.

അയിഷ പോറ്റി, ജമീല പ്രകാശം, ടി വി രാജേഷ്, എ പി അനിൽകുമാർ, എം എ വാഹിദ്, വി ശശി, സി ദിവാകരൻ, വി എസ് ശിവകുമാർ, ബിജിമോൾ, എ ടി ജോർജ് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ജൂലൈ 10ന് മുൻ എംഎൽഎ എൻ ശക്തന് നോട്ടിസ് അയച്ചെങ്കിലും അദ്ദേഹം മൊഴി നൽകാൻ തയ്യാറായിട്ടില്ല. പാർട്ടിയോട് ആലോചിച്ച ശേഷമേ മൊഴി നൽകാൻ കഴിയൂ എന്നാണ് ശക്തൻ അന്വേഷണ സംഘത്തെ അറിയിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ആക്രമണ സമയത്ത് പരുക്കേറ്റ എംഎൽഎമാരെ ചികിത്സിച്ച ഡോക്ടർമാരുടെ മൊഴിരേഖപ്പെടുത്തിയതായും ഡിവൈഎസ്പി സജീവ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. മെഡിക്കൽ കോളജിലെയും ജനറൽ ആശുപത്രിയിലെയും ഡോക്ടർമാരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. നിയമസഭയിലെ വാച്ച് ആൻഡ് വാർഡിന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

വി ശിവൻകുട്ടി, കെ ടി ജലീൽ , കെ കുഞ്ഞമ്മദ്, സി കെ സദാശിവൻ, കെ അജിത്ത്, ഇ പി ജയരാജൻ എന്നിവരാണ് കേസിലെ പ്രതികൾ.

2015 മാർച്ച് 13ന് ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ,ആറ് പ്രതികളും സ്പീക്കറുടെ ഡയസിൽ അതിക്രമിച്ച് കടന്ന് ആക്രമണം നടത്തിയതാണ് കേസ്. 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പോലീസിന്റെ കുറ്റപത്രത്തിലുള്ളത്.

logo
The Fourth
www.thefourthnews.in