ഷൂഏറ് ഗൂഡാലോചനാക്കേസ്: മാധ്യമപ്രവര്‍ത്തകയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ഷൂഏറ് ഗൂഡാലോചനാക്കേസ്: മാധ്യമപ്രവര്‍ത്തകയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട്‌ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് പോലീസിന് നോട്ടീസ് അയച്ചു. പത്ത് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദ്ദേശം.

നവകേരളാ യാത്രയ്ക്കിടെ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനു നേര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞ് പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ട ഗൂഡാലോചനാക്കേസില്‍ 24 ന്യൂസ് റിപ്പോർട്ടർ വി ജി വിനീതയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട്‌ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് സംസ്ഥാന പോലീസിന് നോട്ടീസ് അയച്ചു. പത്ത് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദ്ദേശം.

എറണാകുളം കുറുപ്പംപടി പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന് നേരെ കെഎസ് യു ഷൂ എറിഞ്ഞിരുന്നു. ഇതിന്റെ ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ്‌ മാധ്യമ പ്രവര്‍ത്തകയെ പോലീസ്‌ പ്രതിചേര്‍ത്തത്.

ഡിസംബര്‍ പത്തിന് വൈകിട്ടായിരുന്നു നവകേരള ബസിന് നേരെ ഷൂ എറിഞ്ഞത്. കേസില്‍ കെഎസ് യു പ്രവര്‍ത്തകര്‍ക്ക് എതിരെ വധശ്രമം ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് കുറുപ്പംപടി പൊലീസ് നേരത്തെ ചുമത്തിയത്. സ്ഥലത്തുണ്ടായിരുന്ന പ്രവർത്തകരെ വധശ്രമ കേസ് ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ചേർത്ത വകുപ്പുകളുടെ സാധുത ചോദ്യം ചെയ്ത കോടതി അവർക്ക് ജാമ്യം അനുവദിച്ചിരുന്നു. ഈ കേസില്‍ വിനീത വിജിയെയും പോലീസ് പ്രതി ചേര്‍ക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in