ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദം; സംസ്ഥാനത്ത് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദം; സംസ്ഥാനത്ത് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

മത്സ്യ ബന്ധനത്തിന് പോയവർ തിരിച്ച് സുരക്ഷിത തീരത്തേക്ക് മടങ്ങണമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിർദേശം

തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തീവ്ര-ന്യൂനമർദത്തെ തുടർന്ന് സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിർദേശം. ന്യൂനമർദത്തെ തുടർന്ന് പൊതുജനങ്ങൾക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് അടിയന്തര നിർദേശം നൽകി. ഫെബ്രുവരി രണ്ട് വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേരളാ തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകരുതെന്നുമാണ് നിർദേശം.

ന്യൂനമർദ സ്വാധീനം കന്യാകുമാരി തീരം വരെ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ കേരളാ തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവർ 2023 ജനുവരി 31 നോട് കൂടി തിരിച്ച് സുരക്ഷിത തീരത്തേക്ക് മടങ്ങണമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിർദേശം.ഫെബ്രുവരി രണ്ട് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

31-01-2023 മുതൽ 04-02-2023 വരെ ന്യൂനമർദ സ്വാധീനഫലമായി അതിശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്ന കന്യാകുമാരി തീരം, ഗൾഫ് ഓഫ് മന്നാർ, തമിഴ്നാട് തീരം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നീ സമുദ്ര ഭാഗങ്ങളിൽ യാതൊരു കാരണവശാലും മത്സ്യബന്ധനത്തിനായി പോകാൻ പാടില്ലെന്നും നിർദേശത്തിലുണ്ട്. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗത്തിൽ വീശിയടിച്ചേക്കാവുന്ന അതിശക്തമായ കാറ്റിനുള്ള മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇപ്പോൾ പുറപ്പെടുവിച്ചിട്ടുള്ളത്.

അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in