പ്രതിഷേധിച്ച വിദ്യാര്‍ഥികളെ ചേംബറില്‍  പൂട്ടിയിട്ട സംഭവം; കോളേജ് പ്രിൻസിപ്പാളിനെ പുറത്താക്കാൻ നിർദേശം നല്‍കി മന്ത്രി

പ്രതിഷേധിച്ച വിദ്യാര്‍ഥികളെ ചേംബറില്‍ പൂട്ടിയിട്ട സംഭവം; കോളേജ് പ്രിൻസിപ്പാളിനെ പുറത്താക്കാൻ നിർദേശം നല്‍കി മന്ത്രി

വിദ്യാർഥികളെ പ്രിൻസിപ്പാൾ ചേംബറിൽ പൂട്ടിയിട്ടുവെന്ന പരാതിയെ തുടർന്നാണ് നടപടി

കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജില്‍ ക്യാമ്പസിലെ കുടിവെള്ള പ്രശ്‌നമുന്നയിച്ച് പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പ്രിന്‍സിപ്പാള്‍ ചേംബറില്‍ പൂട്ടിയിട്ടെന്ന പരാതിയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടല്‍. പ്രിന്‍സിപ്പാള്‍ എന്‍ രമയെ പുറത്താക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

വാട്ടർ പ്യൂരിഫയറിലെ വെള്ളം മലിനമാണെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകാനാണ് വിദ്യാർത്ഥി യൂണിയൻ പ്രതിനിധികൾ പ്രിൻസിപ്പാളിനെ സമീപിച്ചത്. എന്നാൽ ഈ വെള്ളം കുടിച്ചാൽ മതിയെന്നും തനിക്ക് സമയമില്ലെന്നുമായിരുന്നു പ്രിൻസിപ്പാളിന്റെ മറുപടി എന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. തുടർന്ന് പ്രശ്നം പരിഹരിക്കാതെ മടങ്ങില്ലെന്ന നിലപാടെടുത്ത് വിദ്യാർഥികൾ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ പ്രിൻസിപ്പൽ ചേംബർ പൂട്ടി പുറത്തിറങ്ങുകയായിരുന്നുവെന്നും വിദ്യാർത്ഥികൾ പറയുന്നു.15 ലധികം വിദ്യാർത്ഥികളാണ് പ്രിൻസിപ്പാൾ ചേംബറിൽ കുടുങ്ങിയത്. തുടർന്ന് പ്രിൻസിപ്പാൾ എം രമയ്ക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും വിദ്യാർത്ഥികൾ പരാതി നൽകുകയായിരുന്നു.

പ്രിൻസിപ്പാൾ എം രമയ്ക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും വിദ്യാർത്ഥികൾ പരാതി നൽകുകയായിരുന്നു

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തമായതോടെ കോളേജിന് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. കൂടാതെ പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനായി ശനിയാഴ്ച സർവ്വകക്ഷി യോഗം ചേരാന്‍ സ്റ്റാഫ് കൗൺസിൽ യോഗത്തിൽ തീരുമാനമായി. വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറുകയും ഇരുന്ന് സംസാരിക്കാൻ അവകാശമില്ലെന്ന നിലപാട് എടുക്കുകയും ചെയ്ത പ്രിൻസിപ്പാൾ രമ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ സമരം ശക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in