നിർബന്ധിച്ച് ലഹരി നല്‍കി ക്രൂരത; ആണ്‍ സുഹൃത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി റഷ്യൻ യുവതി

നിർബന്ധിച്ച് ലഹരി നല്‍കി ക്രൂരത; ആണ്‍ സുഹൃത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി റഷ്യൻ യുവതി

യുവതിയെ നാട്ടിലേക്ക് മടക്കി അയക്കാൻ നടപടി ആരംഭിച്ചു

ആണ്‍ സുഹൃത്തിന്റെ പീഡനം മൂലം കോഴിക്കോട് കൂരാച്ചുണ്ടില്‍ ആത്മഹത്യക്ക് ശ്രമിച്ച റഷ്യന്‍ യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയാണ് രഹസ്യമൊഴി രേഖപ്പെടുത്തുക. പ്രതി ആഖിലിനെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതി ഉന്നയിച്ചിരിക്കുന്നത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആണ്‍ സുഹൃത്തിന്റെ നിരന്തരമായ ശാരീരിക പീഡനം കാരണമാണ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതെന്ന് യുവതി പോലീസിന് മൊഴി നല്‍കിയിരുന്നു. ആഖില്‍ ബലമായി ലഹരി മരുന്നുകള്‍ നല്‍കുകയും ലൈംഗിക പീഡനത്തിനും മര്‍ദനത്തിനും ഇരയാക്കിയെന്നും തടങ്കലില്‍ വച്ചുവെന്നും യുവതി പറഞ്ഞു. യുവതിയെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

പ്രതിയായ കൂരാച്ചുണ്ട് സ്വദേശി ആഖിലിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂരാച്ചുണ്ട് ഇന്‍സ്‌പെക്ടര്‍ കെ പി സുനില്‍ കുമാറാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. പരുക്കേറ്റ റഷ്യന്‍ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച ഉച്ചയോടെയാണ് പരുക്കേറ്റ യുവതിയെ പോലീസ് ആശുപത്രിയില്‍ എത്തിച്ചത്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലീസ് എത്തുകയും യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. സാമൂഹ്യ മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ടതാണ് ഇവർ. പിന്നീട് യുവതി ആഖിലിനെ തേടി ഖത്തറില്‍ എത്തുകയായിരുന്നു. ഇരുവരും ഖത്തർ, നേപ്പാള്‍ എന്നീ സ്ഥലങ്ങള്‍ സന്ദർശിച്ച് ഒരു മാസം മുൻപാണ് കേരളത്തിലെത്തിയത്.

സംഭവത്തില്‍ കോണ്‍സുലേറ്റ് ഇടപെടുകയും കേസിന്റെ നടപടിക്രമങ്ങള്‍ കഴിഞ്ഞതിന് ശേഷം യുവതിയെ തിരിച്ച് നാട്ടിലെത്തിക്കാനുള്ള നീക്കങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്

സംഭവത്തില്‍ കോണ്‍സുലേറ്റ് ഇടപെടുകയും കേസിന്റെ നടപടിക്രമങ്ങള്‍ കഴിഞ്ഞതിന് ശേഷം യുവതിയെ തിരിച്ച് നാട്ടിലെത്തിക്കാനുള്ള നീക്കങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. പാസ്‌പോര്‍ട്ട് ആഖില്‍ നശിപ്പിച്ചെന്ന് യുവതി മൊഴി നല്‍കിയിരുന്നു. ഇതോടെ താത്കാലിക പാസ്‌പോര്‍ട്ട് അനുവദിച്ചു നല്‍കാനാണ് കോണ്‍സുലേറ്റ് അധികൃതരുടെ തീരുമാനം. ഇവര്‍ യുവതിയുടെ റഷ്യയിലുള്ള രക്ഷിതാക്കളുമായി സംസാരിച്ചു. എന്നാല്‍ കേസ് പുരോഗമിക്കുന്നതിനിടെ ഇരയ്ക്ക് നാട്ടില്‍ പോകാനാവുമോ എന്നതില്‍ കോടതിയുടെ തീരുമാനം വരേണ്ടതുണ്ട്. ഇതിനിടെ സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് പേരാമ്പ്ര ഡിവൈഎസ്പിയോട് റിപ്പോര്‍ട്ട് തേടി. എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

ആഖില്‍ തന്നെ നാട്ടിലേക്ക് തിരികെപ്പോകാന്‍ അനുവദിച്ചില്ലെന്നും തന്റെ പാസ്‌പോര്‍ട്ടും ഫോണും നശിപ്പിച്ചുവെന്നും യുവതി പോലീസിനോട് പറഞ്ഞു. റഷ്യന്‍ ഭാഷ മാത്രം അറിയുന്ന യുവതിയില്‍ നിന്ന് ദ്വിഭാഷി മുഖേനയാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്. ആഖിലിന്റെ വീട്ടില്‍നിന്ന് മൂന്ന് ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തു. ലഹരിവസ്തു കൈവശം വച്ചതിനും ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. 14 ദിവസത്തേക്ക് ആഖിലിനെ റിമാന്‍ഡ് ചെയ്തു.

logo
The Fourth
www.thefourthnews.in