കേന്ദ്രസേന വരുന്നു; ഗവര്‍ണറുടേയും രാജ്ഭവന്റേയും സുരക്ഷ ഇനി സിആര്‍പിഎഫിന്, ഇസെഡ് പ്ലസ്

കേന്ദ്രസേന വരുന്നു; ഗവര്‍ണറുടേയും രാജ്ഭവന്റേയും സുരക്ഷ ഇനി സിആര്‍പിഎഫിന്, ഇസെഡ് പ്ലസ്

60 സിആര്‍പിഎഫ് സൈനികരേയും 10 എന്‍എസ്ജി കമാന്‍ഡോകളേയും രാജ്ഭവനില്‍ നിയോഗിക്കും

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സുരക്ഷ വര്‍ധിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. സിആര്‍പിഎഫ് ഇസെഡ് പ്ലസ് സുരക്ഷ നല്‍കാനാണ് നിര്‍ദേശം. രാജ്ഭവന്റെ സുരക്ഷയും സിആര്‍പിഎഫ് ഏറ്റെടുക്കും. എസ്എഫ്ഐ പ്രതിഷേധത്തിനിടെ കൊല്ലം നിലമേലില്‍ ഗവര്‍ണര്‍ റോഡിലിറങ്ങി പ്രതികരിച്ചതിന് പിന്നാലെയാണ് സുരക്ഷ വര്‍ധിപ്പിച്ച് കൊണ്ടുള്ള കേന്ദ്ര തീരുമാനം.

സുരക്ഷ വര്‍ധിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ച വിവരം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എക്‌സിലൂടെ അറിയിച്ചു. കേരള ഗവര്‍ണര്‍ക്കും രാജ്ഭവനും ഇസെഡ് പ്ലസ് കാറ്റഗറിയിലുള്ള സുരക്ഷ നല്‍കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയതായി അദ്ദേഹം എക്‌സില്‍ കുറിച്ചു.

കേന്ദ്രസേന വരുന്നു; ഗവര്‍ണറുടേയും രാജ്ഭവന്റേയും സുരക്ഷ ഇനി സിആര്‍പിഎഫിന്, ഇസെഡ് പ്ലസ്
'ക്രിമിനലുകള്‍ മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാര്‍'; എസ്എഫ്ക്കാര്‍ക്കെതിരേ കേസ്, കുത്തിയിരിപ്പ് അവസാനിപ്പിച്ച് ഗവര്‍ണര്‍

60 സിആര്‍പിഎഫ് സൈനികരേയും 10 എന്‍എസ്ജി കമാന്‍ഡോകളേയും രാജ്ഭവനില്‍ നിയോഗിക്കും. എഴുപതുകള്‍ക്കു ശേഷം ആദ്യമായാണ് രാജ്ഭവന്‍ സുരക്ഷ കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുക്കുന്നത്. രാജ്ഭവന്‍ ഗേറ്റിന് മുന്നില്‍ മാത്രം കേരള പോലീസിനെ വിന്യസിക്കും. ഗവര്‍ണറുടെ എസ്‌കോര്‍ട്ട് അടക്കമുള്ള സുരക്ഷ ചുമതല സിആര്‍പിഎഫ് ഏറ്റെടുക്കും.

കൊല്ലം നിലമേലിലെ നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് കേന്ദ്രത്തിന്റെ ഇടപെടല്‍. ഗവര്‍ണറെ കരിങ്കൊടി കാണിക്കാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് വിഷയത്തിന്റെ തുടക്കം. പ്രതിഷേധിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങിയ ആരിഫ് മുഹമ്മദ് ഖാന്‍ പോലീസിനോട് കയര്‍ത്തു. തുടര്‍ന്ന് സമീപത്തെ കടയ്ക്ക് മുന്നില്‍ കുത്തിയിരുന്ന ഗവര്‍ണര്‍ പ്രതിഷേധക്കാര്‍ക്ക് എതിരെ കേസെടുക്കാതെ മടങ്ങില്ലെന്ന് നിലപാട് സ്വീകരിക്കുകയായിരുന്നു. പോലീസ് പ്രതിഷേധക്കാര്‍ക്ക് കരിങ്കൊടി കാണിക്കാന്‍ അവസരം ഒരുക്കിക്കൊടുത്തു എന്നാണ് ഗവര്‍ണറുടെ നിലപാട്.

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് എതിരെ കേസെടുത്തതിന്റെ എഫ്‌ഐആര്‍ പകപ്പ് കാണിച്ചതോടെയാണ് ഗവര്‍ണര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. 17 എസ്എഫ്ഐക്കാര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അതേസമയം, സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയത്. പ്രതിഷേധത്തിനു പിന്നില്‍ മുഖ്യമന്ത്രിയാണെന്നും ഇത്തരം നിയമലംഘകര്‍ മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാരാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. പ്രതിഷേധക്കാരെ പോലീസ് വാഹനത്തിലാണ് എത്തിച്ചത്. മുഖ്യമന്ത്രി കടന്നുപോകുമ്പോള്‍ ഇത്തരത്തില്‍ പ്രതിഷേധക്കാരെ സൈ്വര്യമായി നില്‍ക്കാന്‍ പോലീസ് അനുവദിക്കുമോ എന്നും ഗവര്‍ണര്‍ ചോദിച്ചു. തന്റേത് പ്രതിഷേധമല്ലെന്നും നടപടി എടുക്കാന്‍ അധികാരമുള്ള ആളാണ് താനെന്നും വിഷയങ്ങള്‍ കേന്ദ്രത്തെ അറിയിച്ചെന്നും ഗവര്‍ണര്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in