സംസ്ഥാന സ്കൂൾ കലോത്സവം: ആർഭാടത്തിന്റെ  വേദിയാക്കരുതെന്ന്  ഹൈക്കോടതി

സംസ്ഥാന സ്കൂൾ കലോത്സവം: ആർഭാടത്തിന്റെ വേദിയാക്കരുതെന്ന് ഹൈക്കോടതി

വിധി നിർണായത്തിലെ അപാകത, സ്റ്റേജിലെ തടസങ്ങൾ, ശബ്ദ തടസങ്ങൾ തുടങ്ങിയവ മൂലം ജില്ലാ കലോത്സവങ്ങളിൽ ഗ്രേഡ് കുറഞ്ഞത് ചൂണ്ടിക്കാട്ടിയുളള അപ്പീലുകൾ പരിഗണിക്കവെയാണ് ഹൈക്കോടതി പരാമർശം

സംസ്ഥാന സ്കൂൾ കലോത്സവത്തെ ആർഭാടത്തിന്റെയും അനാരോഗ്യകരമായ മത്സരങ്ങളുടെയും വേദിയാക്കരുതെന്ന് ഹൈക്കോടതി. കഴിവുള്ള കുട്ടികളാണെങ്കിലും ദരിദ്ര ചുറ്റുപാടുകളിൽ നിന്ന് വരുന്നവർക്ക് കലോത്സവങ്ങളിലെ ആർഭാട ചെലവുകൾ താങ്ങാനാകില്ല. മത്സരങ്ങളിൽ വിജയിയാകുക എന്നതിനേക്കാൾ പങ്കെടുക്കുകയാണ് പ്രധാനമെന്നും കോടതി വ്യക്തമാക്കി. വിധി നിർണയത്തിലെ അപാകത, സ്റ്റേജിലെ തടസങ്ങൾ, ശബ്ദ തടസങ്ങൾ തുടങ്ങിയവ മൂലം ജില്ലാ കലോത്സവങ്ങളിൽ ഗ്രേഡ് കുറഞ്ഞത് ചൂണ്ടിക്കാട്ടിയുളള അപ്പീലുകൾ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമർശം.

കലോത്സവത്തിലെ പരാജയം ഉൾക്കൊള്ളാൻ രക്ഷിതാക്കൾ മക്കളെ സജ്ജരാക്കണമെന്നും കോടതി

കലോത്സവത്തിലെ പരാജയം ഉൾക്കൊള്ളാൻ രക്ഷിതാക്കൾ മക്കളെ സജ്ജരാക്കണമെന്നും, രക്ഷിതാക്കളുടെ അനാവശ്യ ഉത്ക്കണ്ഠ കുട്ടികളെ വിഷാദരോഗത്തിലേക്ക് തള്ളിവിട്ടേക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. അപ്പീലുകളുമായി കോടതിയിൽ എത്തുന്ന കുട്ടികളുടെ രക്ഷിതാക്കൾ ഇത് മനസ്സിലാക്കണമെന്നും കോടതി വ്യക്തമാക്കി. ആർട്ടിക്കിൾ 226 പ്രകാരമുള്ള റിട്ട് ഹർജികളായി ഇത്തരത്തിലുള്ള അപ്പീലുകൾ പരിഗണിക്കുന്നതിലുള്ള നിയമ തടസം ചൂണ്ടിക്കാട്ടിയാണ് ഹർജി ജസ്റ്റിസ് മുരളി പുരുഷോത്തമൻ തള്ളിയത്.

കലോത്സവ സ്റ്റേജുകളിലെ തടസങ്ങൾ മൂലം മത്സരത്തിൽ വിജയിക്കാനാകാത്തത് ചൂണ്ടിക്കാട്ടിയുള്ള ഹർജികളിലും കോടതി പ്രത്യകേ നിർദേശം നൽകിയിട്ടുണ്ട്. സ്റ്റേജിൽ സേഫ്റ്റിപിൻ അടക്കമുള്ളവ മത്സരാർഥികൾക്ക് തടസമുണ്ടാക്കുന്നതായി നിരവധി പരാതികൾ ഹൈക്കോടതിക്ക് മുൻപാകെ എത്തിയിരുന്നു. ആദ്യം പങ്കെടുത്തവരുടെ ആഭരണങ്ങളോ സേഫ്റ്റിപിന്നുകളോ തുണി കഷണങ്ങളോ സ്റ്റേജിൽ വീണ് കിടക്കും. അത് നീക്കം ചെയ്യാത്തത് പിന്നീട് മത്സരിക്കുന്നവർക്ക് തടങ്ങളുണ്ടാകും. ഇത്തരത്തിൽ മത്സരാർഥികൾ പിൻതള്ളിപോകുന്ന സാഹചര്യമുണ്ടാകുന്നു.

കലോത്സവ സ്റ്റേജുകളിലെ തടസങ്ങൾ മൂലം മത്സരത്തിൽ വിജയിക്കാനാകാത്തത് ചൂണ്ടിക്കാട്ടിയുള്ള ഹർജികളിലും കോടതി പ്രത്യകേ നിർദേശം നൽകി

അതിനാൽ സ്റ്റേജ് മാനേജർമാർ സ്റ്റേജിലെ തടസങ്ങൾ ഒഴിവാക്കിയെന്ന് ഉറപ്പു വരുത്തണമെന്ന് മറ്റൊരു ബെഞ്ച് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ ഉത്തരവിലും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. ഇത്തരത്തിൽ സംഭവിച്ചാൽ അതിന് ഉത്തരവാദികളായവർ നിയമനടപടി നേരിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള നടപടികൾ ബന്ധപ്പെട്ടവർക്കെതിരെ സ്വീകരിക്കാം. സർക്കാരും വിദ്യാഭ്യാസ വകുപ്പും ഇത് പ്രത്യേകം ശ്രദ്ധിക്കണമെന്നും കലോത്സവ മാന്വവലിൽ ഇക്കാര്യം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.

logo
The Fourth
www.thefourthnews.in