അധിക ബാധ്യത ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാൻ കെഎസ്ഇബി; യൂണിറ്റിന് 14 പൈസ ഇന്ധന സർച്ചാർജ് ചുമത്താൻ ശുപാർശ

അധിക ബാധ്യത ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാൻ കെഎസ്ഇബി; യൂണിറ്റിന് 14 പൈസ ഇന്ധന സർച്ചാർജ് ചുമത്താൻ ശുപാർശ

വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടും

ഇന്ധനവിലയിലെ വര്‍ധനവ് കാരണമുണ്ടായ അധിക ചെലവ് നികത്താന്‍ ഉപഭോക്താക്കളില്‍ നിന്ന് സര്‍ചാര്‍ജ് ഈടാക്കണമെന്ന് കെഎസ്ഇബി. യൂണിറ്റിന് 14 പൈസ വെച്ച് ഈടാക്കാന്‍ അനുമതി നല്‍കണമെന്ന് സംസ്ഥാന റെഗുലേറ്ററി കമ്മീഷനോട് കെഎസ്ഇബി ആവശ്യപ്പെട്ടു. കെഎസ്ഇബി നൽകിയ പെറ്റീഷന് മേലുള്ള പൊതു തെളിവെടുപ്പ് റെഗുലേറ്ററി കമ്മീഷന്‍ ഈ മാസം 18 ന് നടത്തും.

ഇന്ധനവിലയിലുണ്ടായ വര്‍ധനവ് മൂലം ഉണ്ടായ ബാധ്യതയാണ് ഇന്ധന സര്‍ച്ചാര്‍ജായി ജനങ്ങളില്‍ നിന്നും ഈടാക്കാന്‍ കെഎസ്ഇബി തീരുമാനിച്ചിരിക്കുന്നത്

2021 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയും 2022 ജനുവരി മുതല്‍ ജൂണ്‍ വരെയും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനും വാങ്ങുന്നതിനും കെഎസ്ഇബിക്ക് 87.7 കോടി രൂപ അധിക ചെലവുണ്ടായിരുന്നു. ഇന്ധനവിലയിലുണ്ടായ വര്‍ധനവ് മൂലം ഉണ്ടായ ഈ ബാധ്യതയാണ് സര്‍ച്ചാര്‍ജായി ജനങ്ങളില്‍ നിന്നും ഈടാക്കാന്‍ കെഎസ്ഇബി തീരുമാനിച്ചിരിക്കുന്നത്. അതേസമയം വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടും. അതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തില്‍ കെഎസ്ഇബിയുടെ ഉന്നതതല യോഗം ഇന്ന് ചേര്‍ന്നിരുന്നു.

നിലവില്‍ സംസ്ഥാനത്ത് മൂന്നു മാസത്തിലൊരിക്കലാണ് ഇന്ധന സര്‍ചാര്‍ജ് കണക്കാക്കുന്നത്

വൈദ്യുത - വിതരണ കമ്പനികള്‍ക്ക് ഇന്ധന സര്‍ചാര്‍ജ് മാസം തോറും ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തിലാണ് വൈദ്യുതി മന്ത്രി യോഗം വിളിച്ചത്. നിലവില്‍ സംസ്ഥാനത്ത് മൂന്നു മാസത്തിലൊരിക്കലാണ് ഇന്ധന സര്‍ചാര്‍ജ് കണക്കാക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഭേദഗതി അനുസരിച്ച് മുന്‍കൂര്‍ അനുമതിയില്ലാതെ തന്നെ സര്‍ചാര്‍ജ് ഈടാക്കാന്‍ സാധിക്കും.

logo
The Fourth
www.thefourthnews.in