തീ ചാമുണ്ഡി തെയ്യംകെട്ടി എട്ടാം ക്ലാസുകാരൻ; ബാലാവകാശ കമ്മീഷന്‍  കേസെടുത്തു

തീ ചാമുണ്ഡി തെയ്യംകെട്ടി എട്ടാം ക്ലാസുകാരൻ; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

ചുട്ട് പഴുത്ത തീക്കൂനയ്ക്ക് ചുറ്റും വലം വച്ച് തെയ്യം കനല്‍ ചൂട് നെഞ്ചോട് ചേര്‍ക്കും. തീ ചാമുണ്ഡി പോലെ അത്യധികം ആയാസവും വേദനയും സമ്മാനിക്കുന്ന തെയ്യങ്ങള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്

കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍ പെരുങ്കളിയാട്ടത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി അഗ്‌നി കോലം പകര്‍ന്ന് തെയ്യം അവതരിപ്പിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി മനോജ്കുമാര്‍ നടപടി സ്വീകരിച്ചത്. സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ ഡയറക്ടര്‍, ജില്ലാ പോലീസ് മേധാവി, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നിവര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി.

ഇന്നലെ പുലര്‍ച്ചോടെയാണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി കെട്ടിയാടിയ തീ ചാമുണ്ഡി തെയ്യം ചിറക്കല്‍ ചാമുണ്ഡി കോട്ടത്തില്‍ അരങ്ങേറിയത്. ഒരാള്‍ പൊക്കത്തില്‍ എരിയുന്ന മേലേരിയിലേക്ക് (കനല്‍ കൂമ്പാരം) കുതിച്ച് ചാടുന്ന തെയ്യമാണ് തീ ചാമുണ്ഡി. പുളി മരത്തിന്റെ തടിയില്‍ തീര്‍ത്ത ചുട്ട് പഴുത്ത തീക്കൂനയ്ക്ക് ചുറ്റും വലം വച്ച് തെയ്യം കനല്‍ ചൂട് നെഞ്ചോട് ചേര്‍ക്കും. വടക്കേ മലബാറില്‍ അനേകം തെയ്യക്കോലങ്ങള്‍ ഉണ്ടെങ്കിലും തീ ചാമുണ്ഡി പോലെ അത്യധികം ആയാസവും വേദനയും സമ്മാനിക്കുന്ന തെയ്യങ്ങള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്.

തീ ചാമുണ്ഡി തെയ്യം
തീ ചാമുണ്ഡി തെയ്യം

ഇത്തരം അത്യധ്വാനം വേണ്ട പല തെയ്യങ്ങളും നന്നേ ചെറുപ്പത്തില്‍ കെട്ടിയാടുന്നത് വടക്കന് പുതിയ കാഴ്ചയല്ല. എന്നാല്‍ ഒരു തെയ്യാട്ടക്കാലത്തിനപ്പുറം ഇത്തരം തെയ്യങ്ങള്‍ കെട്ടിയാടിയ, തങ്ങള്‍ക്ക് മുന്നില്‍ ദൈവക്കരുവായി മാറിയ മനുഷ്യര്‍ക്ക് ബാക്കിയാകുന്ന വേദന ആരും ശ്രദ്ധിക്കാറില്ലെന്നതാണ് വസ്തുത. ഇക്കൊല്ലം തീ ചാമുണ്ഡി എത്ര തവണ മേലേരിയെന്ന തീക്കനലിനെ പുണര്‍ന്നു എന്നത് മാത്രമാണ് കണ്ടുനില്‍ക്കുന്നവരുടെ പ്രധാന ചര്‍ച്ച. ഒരു തെയ്യം കലാകാരന്റെ കഴിവിനെ പോലും ഇതുവച്ച് തുലനം ചെയ്തായിരിക്കും പിന്നീട് അവര്‍ക്ക് അവസരങ്ങള്‍ കിട്ടുന്നത് പോലും.

തീ ചാമുണ്ഡി കെട്ടിയാടി ഇന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ വിട്ടുമാറാത്ത ഒട്ടേറെ കലാകാരന്മാര്‍ വടക്കേ മലബാറിലുണ്ട്. ഉയരമുള്ള തീക്കൂനയിലേക്ക് സ്വയം എടുത്തെറിയുമ്പോള്‍ മനുഷ്യ ശരീരത്തിന് ഉണ്ടാകുന്ന ക്ഷതം വളരെ വലുതാണ്. പരിചയ സമ്പത്തുള്ള തെയ്യം കലാകാരന്മാര്‍ക്ക് പോലും പൊള്ളുന്ന ചൂട് തടുക്കാന്‍ പ്രയാസമാണ്. അപ്പോള്‍ പന്ത്രണ്ടു വയസ്സുള്ള ഒരു കുട്ടിയുടെ കാര്യം പറയേണ്ടതില്ലല്ലോ. ആഴ്ചകളും മാസങ്ങളുമോളം തുടര്‍ ചികിത്സകള്‍ നടത്തിയാല്‍ മാത്രമേ അഗ്നിക്കോലം കെട്ടിയാടുന്ന കലാകാരന് അടുത്ത തെയ്യക്കാലത്തില്‍ ദൈവക്കരുവായി മാറാന്‍ കഴിയൂ എന്നതാണ് വസ്തുത. എട്ടാം ക്ലാസുകാരന്റെ തീ ചാമുണ്ഡി കോലം ഇതിനകം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. കുഞ്ഞ് കുട്ടികളെ ഇത്തരം തെയ്യങ്ങള്‍ കെട്ടിയാടിക്കുന്നത് ബാലാവകാശ ലംഘനമാണെന്നാണ് ഉയരുന്ന ആക്ഷേപം.

logo
The Fourth
www.thefourthnews.in