നഗ്നനാക്കി ജനനേന്ദ്രിയത്തില്‍ ചവിട്ടി; എബിവിപി പരിപാടിയിൽ പങ്കെടുക്കാത്തതിന് വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം

നഗ്നനാക്കി ജനനേന്ദ്രിയത്തില്‍ ചവിട്ടി; എബിവിപി പരിപാടിയിൽ പങ്കെടുക്കാത്തതിന് വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം

തിരുവനന്തപുരം ധനുവച്ചപുരം എന്‍എസ്എസ് കോളേജിലാണ് സംഭവം

തിരുവനന്തപുരം ധനുവച്ചപുരം എന്‍എസ്എസ് കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ എബിവിപി പ്രവര്‍ത്തകർ ക്രൂരമായി മർദിച്ചതായി പരാതി. ഒന്നാം വർഷ എക്കണോമിക്‌സ് വിദ്യാർഥിനെയ്യാറ്റിന്‍കര സ്വദേശിയായ വിദ്യാര്‍ഥി ബിആർ നീരജാണ് മർദനമേറ്റത്.

വിവസ്ത്രനാക്കുകയും ജനനേന്ദ്രിയത്തിൽ പലതവണ ചവിട്ടുകയും ചെയ്തു. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും മര്‍ദനമേറ്റതായും നീരജിന്റെ പരാതിയിൽ പറയുന്നു. വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എബിവിപി പ്രമുഖ് പങ്കെടുത്ത പരിപാടിക്കെത്തിയില്ലെന്ന് ആരോപിച്ചാണ് മർദനമെന്നാണ് പരാതി. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കോളേജിലാണ് സംഭവം.

26ന് എബിവിപി പ്രമുഖിനെ കാണണമെന്ന മെസേജ് എല്ലാ വിദ്യാര്‍ഥികള്‍ക്കും അയച്ചിരുന്നു. എന്നാല്‍ മര്‍ദനത്തിനിരയായ വിദ്യാര്‍ഥി കാണാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് എബിവിപി പ്രവര്‍ത്തകര്‍ മര്‍ദിച്ചതെന്ന് പരാതിയിൽ പറയുന്നു.

വിവസ്ത്രനാക്കിയശേഷം വിദ്യാര്‍ഥിയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തുകയും മർദനവിവരം പുറത്തുപറഞ്ഞാൽ നഗ്നദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി വിദ്യാര്‍ഥി പറയുന്നു. ഫോണിലെ ചാറ്റെടുത്ത് വായിച്ച് കളിയാക്കിയെന്നും ഇടിയുടെ ആഘാതത്തില്‍ തറയില്‍ കിടക്കുകയായിരുന്ന തന്നെ അടിവയറ്റില്‍ ചവിട്ടിയതായും വിദ്യാര്‍ഥി മാധ്യമങ്ങളോട് പറഞ്ഞു.

വിദ്യാര്‍ഥിയുടെ കുടുംബം പാറശ്ശാല പോലീസ് സ്റ്റേഷനിൽ പരാതി നല്‍കി. എബിവിപി നേതാക്കളും പ്രവര്‍ത്തകരുമായുള്ള അഞ്ച് സീനിയർ വിദ്യാർഥികൾക്കെതിരെയാണ് പരാതി. മർദനമേറ്റ വിദ്യാർഥികളെ സഹപാഠികളാണ് ആശുപത്രിയിലെത്തിച്ചത്.

ധനുവച്ചപുരം എന്‍എസ്എസ് കോളേജില്‍ നേരത്തെയും ഇത്തരത്തിലുള്ള പരാതി ഉയര്‍ന്നുവന്നിരുന്നു.

logo
The Fourth
www.thefourthnews.in