ചൈനയിലേക്ക് മനുഷ്യക്കടത്ത്: പൂന്തുറയിലെ തട്ടിപ്പിന് പിന്നില്‍ 'അന്തര്‍ സംസ്ഥാന മാഫിയ', കൈമലര്‍ത്തി ഏജന്റുമാര്‍

ചൈനയിലേക്ക് മനുഷ്യക്കടത്ത്: പൂന്തുറയിലെ തട്ടിപ്പിന് പിന്നില്‍ 'അന്തര്‍ സംസ്ഥാന മാഫിയ', കൈമലര്‍ത്തി ഏജന്റുമാര്‍

ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങള്‍ ഒരു വലിയ തട്ടിപ്പിന്റെ തുടക്കം മാത്രമാണെന്നാണ് ഇരകളും ബന്ധുക്കളും നല്‍കുന്ന പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്

ജോലി വാഗ്ദാനം ചെയ്ത് ആളുകളെ ചൈനയില്‍ എത്തിക്കുന്ന സംഘത്തിന് പിന്നില്‍ അന്തര്‍ സംസ്ഥാന മാഫിയ. തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് തിരുവനന്തപുരം പൂന്തുറയിലെ മനുഷ്യക്കടത്തിന് പിന്നിലെന്ന സൂചനയാണ് ദ ഫോര്‍ത്തിന്റെ അന്വേഷണത്തില്‍ ലഭിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങള്‍ ഒരു വലിയ തട്ടിപ്പിന്റെ തുടക്കം മാത്രമാണെന്നാണ് ഇരകളും ബന്ധുക്കളും നല്‍കുന്ന പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്.

പൂന്തുറയില്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘം പ്രാദേശികമായി കണ്ടെത്തുന്ന ഏജന്റുമാരിലൂടെ ആളുകളുടെ വിശ്വാസം നേടിയാണ് ഇരകളെ കണ്ടെത്തുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായി തിരിച്ചറിയാത്തവരാണ് പൂന്തുറയിലെ ഏജന്റുമാര്‍. പൂന്തുറയിലെ ഏജന്റെന്ന് പറയുന്ന ആളെ അറിയില്ലെന്ന് പറഞ്ഞ് കൈമലര്‍ത്തുകയാണ് ചൈന്നെയിലുള്ള പ്രധാന ഏജന്റ് എന്ന് ഇരകള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്ന വ്യക്തി.

തമിഴ്‌നാട് ചെന്നൈ സ്വദേശി ഡാനിയേലിന്റെ വാക്ക് വിശ്വസിച്ചാണ് നാട്ടുകാരും സുഹൃത്തുക്കളും ഉള്‍പ്പെടെയുള്ളവരെ സ്വാധീനിച്ചതെന്നാണ് ഏജന്റ് ലിപ്‌സണ്‍ പറയുന്നത്. എന്നാല്‍ ഡാനിയേലിനെ ബന്ധപ്പെട്ടപ്പോള്‍ ഏജന്റുമാരെ അറിയില്ലെന്ന് പറഞ്ഞ് കൈ മലര്‍ത്തി. പണം വാങ്ങിയ ലിപ്‌സണ്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിസ നല്‍കുന്ന സ്ഥാപനത്തെ സംബന്ധിച്ച് ഒന്നുമറിയില്ല. ഇരകള്‍ക്ക് പണം എന്നു തിരികെക്കൊടുക്കാന്‍ കഴിയുമെന്ന ചോദ്യത്തിനും ഉത്തരമില്ല.

ചൈനയിലേക്ക് മനുഷ്യക്കടത്ത്: പൂന്തുറയിലെ തട്ടിപ്പിന് പിന്നില്‍ 'അന്തര്‍ സംസ്ഥാന മാഫിയ', കൈമലര്‍ത്തി ഏജന്റുമാര്‍
വീണ്ടും മനുഷ്യക്കടത്ത്; ചൈനയിലെത്തിയ യുവാക്കൾ ദുരിതാശ്വാസ ക്യാംപിൽ, മത്സ്യമേഖലയിലെ പ്രതിസന്ധി ചൂഷണം ചെയ്ത് തട്ടിപ്പുകാർ

കുടുംബം രക്ഷപ്പെടുമെന്ന് പ്രതീക്ഷിച്ച് ഭാര്യയുടെ കെട്ടുതാലി ഊരിക്കൊടുത്താണ് ധനു വിസയ്ക്കുള്ള പണം കണ്ടെത്തി ചൈനയിലേക്ക് പോയത്. ആപത്തില്ലാതെ നാട്ടില്‍ തിരികെയെത്തിയെങ്കിലും നഷ്ടപ്പെട്ട ആറരലക്ഷം രൂപ എപ്പോള്‍ ലഭിക്കുമെന്ന ആശങ്കയിലാണ് ധനുവിന്റെ കുടുംബം.

ചൈനയില്‍ അകപ്പെട്ട സഹോദരങ്ങളായ ജോണ്‍ പോളും ജോണ്‍ പ്രബിനും അനധികൃത കുടിയേറ്റ ക്യാമ്പിലുണ്ടെന്ന കാര്യം ഏജന്റായ ലിപ്‌സണ്‍ സ്ഥിരീകരിക്കുന്നുണ്ട്. ധനുവും സംഘവും പോകുന്നതിന് മുന്‍പേ പോയവരാണ് ജോണ്‍ പോളും ജോണ്‍ പ്രബിനും. അതിനാല്‍ അവരുടെ വിസാ കാലാവധിയും കഴിഞ്ഞിട്ടുണ്ട്. മെയ് 19 ന് ശേഷം ഇരുവരെ ബന്ധപ്പെടാന്‍ കുടുംബക്കാര്‍ക്കും ഏജന്റുമാര്‍ക്കും സാധിച്ചിട്ടില്ല എന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. കേരളത്തിലെ വടക്കന്‍ ജില്ലകളിലും തട്ടിപ്പ് സംഘങ്ങളുണ്ടെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്.

ചൈനയിലേക്ക് മനുഷ്യക്കടത്ത്: പൂന്തുറയിലെ തട്ടിപ്പിന് പിന്നില്‍ 'അന്തര്‍ സംസ്ഥാന മാഫിയ', കൈമലര്‍ത്തി ഏജന്റുമാര്‍
കടലിലെ മീനെല്ലാം എവിടെപ്പോവുന്നു?

വിസിറ്റിങ് വിസയെന്ന് ബോധ്യപ്പെടുത്തിയാണ് ഇവര്‍ ആളുകളെ ചൈനയിലേക്ക് അയക്കുന്നത്. എന്നാല്‍ വിസ കാലാവധി കുറച്ചുദിവസത്തിനുള്ളില്‍ തന്നെ പൂര്‍ത്തിയാകുമ്പോഴാണ് പലരും തട്ടിപ്പിന് ഇരയായ വിവരം തിരിച്ചറിയുക. അപ്പോഴേക്കും സമയം ഒരുപാട് വൈകിയിരിക്കും. പിന്നീട് എംബസിയെ സമീപിച്ച് നാട്ടിലേക്ക് എത്തുകയെന്ന മാര്‍ഗ്ഗം മാത്രമാണ് ഇരയാകുന്നവര്‍ക്കുള്ളത്. ഫോര്‍ത്തിന്റെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട് കേസില്‍ പോലീസ് പ്രാഥമിക നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.

logo
The Fourth
www.thefourthnews.in