'മന്ത്രിയുമായി അഭിപ്രായവ്യത്യാസമില്ല, വിവാദത്തിന് പിന്നിൽ എതിരാളികൾ'; ഇന്ന് തന്നെ രാജിവയ്ക്കുമെന്ന് ടി കെ ഹംസ

'മന്ത്രിയുമായി അഭിപ്രായവ്യത്യാസമില്ല, വിവാദത്തിന് പിന്നിൽ എതിരാളികൾ'; ഇന്ന് തന്നെ രാജിവയ്ക്കുമെന്ന് ടി കെ ഹംസ

പാർട്ടിയുമായി ആലോചിച്ചാണ് പദവിയിൽ നിന്നും ഒഴിയുന്നതെന്ന് ടി കെ ഹംസ

വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം ഇന്നുതന്നെ രാജി വയ്ക്കുമെന്ന് ടി കെ ഹംസ. സിപിഎം തീരുമാനപ്രകാരമാണ് രാജിയെന്നും അദ്ദേഹം വ്യക്തമാക്കി. വൈകിട്ട് 5ന് രാജിക്കത്ത് നൽകും. രാജി ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നത് വരെ പദവിയിൽ തുടരുമെന്നും ടി കെ ഹംസ പറഞ്ഞു.

''പാർട്ടിയുമായി ആലോചിച്ചാണ് പദവിയിൽ നിന്നും ഒഴിയുന്നത് സംബന്ധിച്ച് തീരുമാനം എടുത്തത്. 80 വയസ്സാണ് പാര്‍ട്ടി അനുവദിക്കുന്ന പ്രായപരിധി. സ്ഥാനങ്ങളിൽ തുടരാൻ ആ പ്രായപരിധി നിലനിൽക്ക തന്നെ തനിക്ക് അഞ്ച് വയസ്സ് അധികം ലഭിച്ചു. ഇപ്പോള്‍ 86 വയസുണ്ട്. ഈ സാഹചര്യത്തിലാണ് പദവി ഒഴിയുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. പ്രത്യേക സാഹചര്യത്തിൽ ആണ് പ്രായത്തിൽ ഇളവ് തന്നത്. ഇളവ് തരുന്നതിനുള്ള പരിധിയും കഴിഞ്ഞു'' - ടി കെ ഹംസ വ്യക്തമാക്കി.

'മന്ത്രിയുമായി അഭിപ്രായവ്യത്യാസമില്ല, വിവാദത്തിന് പിന്നിൽ എതിരാളികൾ'; ഇന്ന് തന്നെ രാജിവയ്ക്കുമെന്ന് ടി കെ ഹംസ
സമസ്തയ്ക്ക് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം നല്‍കാന്‍ സിപിഎം; മനസില്‍ മുഈനലി തങ്ങള്‍, നേതൃത്വത്തെ താത്പര്യം അറിയിച്ചു

മന്ത്രിയുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന വാർത്ത തെറ്റായ പ്രചാരണമാണെന്ന് ടി കെ ഹംസ പറഞ്ഞു. ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ ചില യോഗങ്ങളിൽ പങ്കെടുത്തിട്ടില്ല. മന്ത്രിയും താനും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായാൽ പാർട്ടി പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അന്യാധീനപ്പെട്ട 144 വഖഫ് സ്ഥലങ്ങള്‍ ഭരണകാലയളവിൽ തിരിച്ചുപിടിച്ചു. 1091 കേസുകളിൽ 460 മാത്രമേ ബാക്കിയുള്ളൂ. മൂന്ന് കോടി 23 ലക്ഷം രൂപ അധിക വരുമാനം കണ്ടെത്തി. മലപ്പുറം മൂന്നാക്കൽ പള്ളിയിൽ മൂന്ന് കോടിയുടെ അഴിമതിയാണ് കണ്ടെത്തിയത്. വഖഫ് ഭാരവാഹികൾ അഴിമതി നടത്തിയതായി കണ്ടെത്തിയതിനെത്തുടർന്ന് ആ കമ്മിറ്റി പിരിച്ചുവിട്ടതായും ടി കെ ഹംസ പറഞ്ഞു.

''വഖഫ് സ്വത്തുക്കൾ തിരിച്ച്‌ പിടിക്കുമ്പോൾ എതിരാളികൾ ഉണ്ടാവും. അവരാണ് വിവാദത്തിന് പിന്നില്‍'' - ടി കെ ഹംസ വ്യക്തമാക്കി.

വഖഫ് ബോർഡ് യോഗം ഇന്ന് കോഴിക്കോട് ചേരും. ചെയർമാൻ പദവിയിൽ തുടരാൻ ഇനിയും ഒന്നരവർഷക്കാലം കാലാവധി ബാക്കിയുളളപ്പോഴാണ് ടി കെ ഹംസയുടെ രാജി പ്രഖ്യാപനം. നേരത്തെ, വഖഫ് ബോർഡുമായി ബന്ധപ്പെട്ട് മന്ത്രി വി അബ്ദുറഹ്മാനുമായി അഭിപ്രായഭിന്നതയുണ്ടെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. മന്ത്രിയുടെ സാന്നിധ്യത്തിൽ കൂടിയ വഖഫ് ബേർഡിന്റെ പല യോ​ഗങ്ങളിലും ഹംസ പങ്കെടുത്തിരുന്നില്ല. മന്ത്രിയുമായുളള പ്രശ്നം നേതൃത്വത്തിൽ ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിച്ചെങ്കിലും പാർട്ടി അദ്ദേഹത്തെ കൈവിടുകയായിരുന്നുവെന്നും ഇതേത്തുടർന്നാണ് രാജിയിലേക്ക് കാര്യങ്ങൾ നീങ്ങിയതെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ.

logo
The Fourth
www.thefourthnews.in