ടി പി വധം: പി മോഹനന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് വ്യാജമെന്ന്‌ ഹൈക്കോടതി

ടി പി വധം: പി മോഹനന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് വ്യാജമെന്ന്‌ ഹൈക്കോടതി

പി മോഹനന്‍, സി എച്ച് അശോകന്‍, കെ സി രാമചന്ദ്രന്‍, കെ കെ കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ഗൂഡാലോചന നടത്തിയെന്ന് വ്യാജ മഹസര്‍ നിര്‍മിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയെടുക്കാനും ഡിവിഷന്‍ ബെഞ്ച്

ഓര്‍ക്കാട്ടേരിയിലെ പൂക്കടയില്‍ വച്ച് പി മോഹനനടക്കമുള്ള സിപിഎം നേതാക്കള്‍ ടി പി ചന്ദ്രശേഖരനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് വ്യാജമെന്ന് ഹൈക്കോടതി. പി മോഹനന്‍, സി എച്ച് അശോകന്‍, കെ സി രാമചന്ദ്രന്‍, കെ കെ കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ഗൂഡാലോചന നടത്തിയെന്ന് വ്യാജ മഹസര്‍ നിര്‍മിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയെടുക്കാനും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കോഴിക്കോട് അഡീ. സെഷന്‍സ് കോടതി തള്ളിയതിനെതിരെ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കെ കെ കൃഷ്ണന്‍ നല്‍കിയ അപ്പീലിലാണ് ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവ്.

വ്യാജ മഹസര്‍ നിര്‍മിച്ച ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജോസി ചെറിയാന്‍, കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ എന്‍ വാസുദേവന്‍, മഹസറില്‍ ഒപ്പിട്ട സമീപവാസി പ്രമോദ് എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് വിചാരണക്കോടതിയോട് ഹൈക്കോടതി നിര്‍ദേശിച്ചത്. പ്രതികള്‍ക്ക് ശിക്ഷ ലഭിക്കുമെന്ന ഉറച്ച ബോധത്താടെയും അറിവോടെയുമാണ് വ്യാജരേഖ നിര്‍മിച്ചതെന്നും കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും കോടതി വിലയിരുത്തി.

നാല് നേതാക്കളും 2012 ഏപ്രില്‍ രണ്ടിന് ഓര്‍ക്കാട്ടേരിയിലെ പൂക്കടയില്‍ ഒത്തുചേര്‍ന്ന് ഗൂഡാലോചന നടത്തിയെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. കേസില്‍ കെ സി രാമചന്ദ്രനെ മെയ് 16-ന് വൈകീട്ട് അഞ്ചോടെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍, പതിനേഴിന് വൈകീട്ട് ഏഴിനാണ് പോലീസ് കസ്റ്റഡിയില്‍ നല്‍കിയത്. ഇതേ ദിവസം വൈകീട്ട് അഞ്ചോടെ തങ്ങള്‍ ഒത്തുകൂടി ഗൂഡാലോചന നടത്തിയ പൂക്കട കാണിച്ചു തരാമെന്ന് കെ സി രാമചന്ദ്രന്‍ കുറ്റസമ്മതമൊഴി നല്‍കിയെന്ന് വ്യാജമായി മഹസര്‍ ഉണ്ടാക്കുകയായിരുന്നു. ഈ സമയത്ത് തന്നെയാണ് പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്.

logo
The Fourth
www.thefourthnews.in