കൊന്നിട്ടും തോൽപ്പിക്കാനായില്ല, സിപിഎമ്മിനെ വിടാതെ ടി പി

കൊന്നിട്ടും തോൽപ്പിക്കാനായില്ല, സിപിഎമ്മിനെ വിടാതെ ടി പി

ടി പി ചന്ദ്രശേഖരനെ കൊലപാതകത്തിനുശേഷവും കുലംകുത്തിയെന്നായിരുന്നു അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയൻ അധിക്ഷേപിച്ചത്

ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടശേഷവും അദ്ദേഹത്തെ കുലംകുത്തിയെന്നായിരുന്നു അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ വിളിച്ചത്. കൊല്ലപ്പെട്ടത് ധീരനായ കമ്മ്യൂണിസ്റ്റെന്ന വി എസ് അച്യുതാനന്ദനുള്ള മറുപടി പോലെയായിരുന്നു നിലപാടില്‍ വിട്ടുവീഴ്ചയില്ലാത്ത രീതിയില്‍ പിണറായിയുടെ പ്രതികരണം. ചന്ദ്രശേഖരനെതിരായ ആരോപണങ്ങളും അധിക്ഷേപങ്ങളും സിപിഎം അണികളും നേതാക്കളും കൊലപാതകത്തിന് ശേഷവും തുടര്‍ന്നപ്പോഴും കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നായിരുന്ന സംസ്ഥാന, ദേശീയ നേതൃത്വം അവകാശപ്പെട്ടത്.

എന്നാല്‍ കീഴ്‌ക്കോടതി വിധിയിലൂടെ സ്ഥാപിക്കപ്പെട്ട കൊലപാതകത്തിലെ സിപിഎമ്മിന്റെ പങ്ക്, ഹൈക്കോടതി വിധിയിലൂടെ കൂടുതല്‍ ഉറപ്പിക്കപ്പെടുകയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുണ്ടായ ഹൈക്കോടതി വിധി, സിപിഎമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കുന്നതാണ്. പ്രത്യേകിച്ചും ടി പി ഇഫക്ട് ഇല്ലാതായികൊണ്ടിരിക്കുന്നുവെന്ന് പാര്‍ട്ടി ആശ്വസിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് രണ്ട് പാര്‍ട്ടി പ്രാദേശിക നേതാക്കള്‍കൂടി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്.

Summary

സി പി എമ്മിലുണ്ടായ സംഘടനാ വിഷയങ്ങളില്‍ വി എസ് അച്യുതാനന്ദനുമായി ചേര്‍ന്നുനിന്ന ടി പി ചന്ദ്രശേഖരന്‍ പിന്നീട് പാര്‍ട്ടിവിടുകയും ആര്‍ എം പിയെന്ന സംഘടന രൂപികരിക്കുകയുമായിരുന്നു. ഇത് വടകര, ഒഞ്ചിയം ഭാഗങ്ങളില്‍ സി പി എമ്മിന് കനത്ത തിരിച്ചടിയായി

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായതും സിപിഎമ്മിന് തിരിച്ചടിയായതും ടി പി ചന്ദ്രശേഖരന്റേതായിരുന്നു. സി പി എമ്മിലുണ്ടായ സംഘടനാ വിഷയങ്ങളില്‍ വി എസ് അച്യുതാനന്ദനുമായി ചേര്‍ന്നുനിന്ന ടി പി ചന്ദ്രശേഖരന്‍ പിന്നീട് പാര്‍ട്ടിവിടുകയും ആര്‍ എം പിയെന്ന സംഘടന രൂപികരിക്കുകയുമായിരുന്നു. ഇത് വടകര, ഒഞ്ചിയം ഭാഗങ്ങളില്‍ സി പി എമ്മിന് കനത്ത തിരിച്ചടിയായി. ഇതില്‍ പ്രതികാരമായാണ് ടി പിയെ വാടക ഗുണ്ടകളെ ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. എന്നാല്‍ ഒരു തരത്തിലും പാര്‍ട്ടിനേതൃത്വം അറിഞ്ഞുകൊണ്ടല്ല ഇതെന്നായിരുന്നു സി പി എമ്മിന്റെ ഔദ്യോഗിക വിശദീകരണം. എന്നാല്‍ പ്രതികളെ പോലീസില്‍നിന്ന് സംരക്ഷിച്ചു നിര്‍ത്തുന്നതിനും പിന്നീട് പിടിക്കപ്പെട്ടപ്പോള്‍ അവര്‍ക്ക് സഹായമായിനിന്നതും സി പി എമ്മായിരുന്നു.

പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തൻ, പ്രാദേശിക നേതാവ് കെ സി രാമചന്ദ്രന്‍ എന്നിവരെ വിചാരണക്കോടതി ശിക്ഷിച്ചപ്പോള്‍ കുഞ്ഞനന്ദനുവേണ്ടി പാര്‍ട്ടി രംഗത്തെത്തി. കണ്ണൂര്‍ ജയിലിലലെത്തിയ പിണറായി വിജയന്‍ അദ്ദേഹത്തെ അഭിവാദ്യം ചെയ്യുന്ന ചിത്രങ്ങൾ പുറത്തുവന്നു. ശിക്ഷ അനുഭവിക്കുമ്പോഴും അദ്ദേഹത്തെ ഏരിയ കമ്മിറ്റി അംഗമായി സി പി എം നിലനിര്‍ത്തി. പാര്‍ട്ടി അന്വേഷണത്തില്‍ നേതാക്കള്‍ക്ക് പങ്കില്ലെന്ന് കണ്ടെത്തിയെന്ന വിചിത്രമായ ന്യായമായിരുന്നു അന്ന് സി പി എം മുന്നോട്ടുവെച്ചത്. എന്നാൽ ആരാണ് പാർട്ടിക്കുവേണ്ടി അന്വേഷണം നടത്തിയതെന്നോ മറ്റ് കാര്യങ്ങളോ പാർട്ടിയുടെ ഒരു നേതാവും ജനങ്ങളോട് വിശദീകരിച്ചുമില്ല. കുഞ്ഞനന്തന്‍ മരിച്ചപ്പോള്‍ ജനങ്ങള്‍ ഒന്നടങ്കം ആദരിച്ച വ്യക്തിത്വമെന്നായിരുന്നു പിണറായി വിജയന്‍ അനുശോചിച്ചത്.

ശിക്ഷിക്കപ്പെട്ട, ക്വട്ടേഷന്‍ സംഘത്തിലുള്ള കൊടി സുനി ഉള്‍പ്പെടെയുള്ളവര്‍ക്ക് പിണറായി വിജയൻ അധികാരത്തിലെത്തിയശേഷം ജയിലില്‍ ഉദാരമായി പരോള്‍ നല്‍കുന്നത് നേരത്തെ തന്നെ വാര്‍ത്തായായിരുന്നു. അയാളും സംഘവും ജയിലില്‍ കഴിഞ്ഞുകൊണ്ടുതന്നെ ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ജയില്‍ അധികൃതര്‍ റിപ്പോര്‍ട്ടുകള്‍ നല്‍കുകയും ചെയ്തു.

ഇപ്പോള്‍, ചന്ദ്രശേഖരനെ കൊലപെടുത്തിയ കേസില്‍ സിപിഎമ്മിന്റെ രണ്ട് നേതാക്കളുടെ ശിക്ഷ കൂടി ഹൈക്കോടതി ശരിവെച്ചിരിക്കുകയാണ്. ഇതോടെ സി പി എം കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്. പ്രത്യേകിച്ച്, ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍. ടി പി കൊല്ലപ്പെട്ടശേഷം ഇതുവെരെ വടകര ലോക്‌സഭ മണ്ഡലം സി പി എമ്മിന് ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. മുല്ലപ്പള്ളി രാമചന്ദ്രനും കെ മുരളീധരനും വലിയ ഭൂരിപക്ഷത്തിലാണ് നേരത്തെ ഇടതു കോട്ടയായ വടകരയിൽനിന്ന് വിജയിച്ചത്. ഇപ്പോൾ വനിതാ കമ്മിഷൻ അധ്യക്ഷയായ പി സതീദേവി, ഇപ്പോഴത്തെ സ്പീക്കർ എ എം ഷംസീർ, മുതിർന്ന നേതാവ് പി ജയരാജൻ എന്നിവരാണ് പരാജയപ്പെട്ടത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സി പി എം സകല തന്ത്രങ്ങളും പയറ്റിയിട്ടും കെ കെ രമ അവിടുന്ന് വിജയിക്കുകയും ചെയ്തു. കോടതി വിധിയോടെ, ടി പി ചന്ദ്രശേഖരന്‍ ഒരിക്കല്‍ കൂടി വടകരയില്‍ മുഖ്യ തിരഞ്ഞെടുപ്പ് വിഷയമാകും. ഇത്തവണ കെ കെ ശൈലജ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയാാകുമെന്നാണ് സൂചന.

നേരത്തെ കേസില്‍ വിചാരണ നടക്കുമ്പോള്‍ മരിച്ച, ഒഞ്ചിയം ഏരിയാ സെക്രട്ടറി സി എച്ച് അശോകനെ മാറ്റിനിര്‍ത്തിയാല്‍ പാനൂര്‍ ഏരിയ കമ്മിറ്റി അംഗം കുഞ്ഞനന്തനും കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ സി രാമചന്ദ്രനുമായിരുന്നു ശിക്ഷിക്കപ്പെട്ട പാര്‍ട്ടി നേതാക്കള്‍. ഇപ്പോള്‍ രണ്ട് സിപിഎം നേതാക്കള്‍ക്ക് കൂടി പങ്കുണ്ടെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി കണ്ടെത്തിയിരിക്കുന്നു, ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗമായിരുന്ന കെ കെ കൃഷ്ണനും കുന്നോത്ത് പറമ്പ് ലോക്കൽ കമ്മിറ്റി അംഗം ജ്യോതി ബാബുവിനും. കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെ വെറുതെ വിട്ട നടപടി ശരിവെച്ചുവെന്നത് മാത്രമാണ് സി പി എമ്മിന് ആശ്വാസം.

കുറ്റക്കാരനെന്ന് കണ്ടെത്തിയ എല്ലാ പ്രതികളെയും 26ന് ഹാജരാക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിനകം ശിക്ഷിക്കപ്പെട്ടവരുടെ ശിക്ഷ വര്‍ധിപ്പിക്കുന്നതിന്റെ കാര്യത്തിലും അതുപോലെ പുതുതായി കുറ്റക്കാരനെന്ന് കണ്ടെത്തിയ രണ്ടുപേരുടെ ശിക്ഷയുടെ കാര്യത്തിലും കോടതി തീരുമാനമെടുക്കും. അതുപോലെ ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയും ഹൈക്കോടതിയിലുണ്ട്.

സംഘടനാ ബലത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രചാരണവും ന്യായീകരിക്കലുകളും കോടതിയില്‍ തകര്‍ന്നുപോകുന്നതിന്റെ കാഴ്ചയാണ് ചന്ദ്രശേഖരന്‍ കേസില്‍ കാണുന്നത്. കുലുംകുത്തിയെന്ന് അധിക്ഷേപിച്ച കമ്മ്യൂണിസ്റ്റ്, പിണറായി വിജയനും കൂട്ടാളികള്‍ക്കും അവസാനിക്കാത്ത തലവേദനങ്ങള്‍ അവശേഷിപ്പിക്കുകയാണ്.

logo
The Fourth
www.thefourthnews.in