വരുമാനം വര്‍ധിപ്പിക്കാൻ  പൂജകളും വഴിപാടുകളും കൂട്ടണം; 
ക്ഷേത്രങ്ങൾക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിർദേശം

വരുമാനം വര്‍ധിപ്പിക്കാൻ പൂജകളും വഴിപാടുകളും കൂട്ടണം; ക്ഷേത്രങ്ങൾക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിർദേശം

ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

ക്ഷേത്രങ്ങളെ സ്വയം പര്യാപ്തമാക്കുന്നതിന് പുതിയ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനം. വിശ്വാസികളെ ആകര്‍ഷിക്കാന്‍ കൂടുതല്‍ പൂജകള്‍ നടത്തണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഓരോ ക്ഷേത്രത്തിലേയും പ്രധാന വഴിപാടുകളും അതിന്റെ പ്രസക്തിയും എഴുതി പ്രദര്‍ശിപ്പിക്കുക, വിശേഷ ദിവസങ്ങളില്‍ എല്ലാ ക്ഷേത്രങ്ങളിലും പ്രത്യേക പൂജകള്‍ നടത്തുക, ഓരോ ദേവസ്വത്തിലെയും പ്രത്യേകതകള്‍ അനുസരിച്ച് വഴിപാടുകള്‍ നടക്കുന്ന ദിവസങ്ങള്‍ മുന്‍കൂട്ടി പ്രദര്‍ശിപ്പിക്കുകയും മുന്‍കൂറായി രസീത് നല്‍കുകയും ചെയ്യുക തുടങ്ങിയവയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രധാന നിര്‍ദേശം.

Attachment
PDF
TDB order.pdf
Preview

ദേവസ്വം ബോര്‍ഡുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളും ബോര്‍ഡുകളുമായി ബന്ധപ്പെട്ട കോടതി കേസുകളുടെ നിലവിലെ സ്ഥിതിയുമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കഴിഞ്ഞ മാസം ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ക്ഷേത്രങ്ങള്‍ അവരുടെ മേല്‍ശാന്തിയുമായി കൂടിയാലോചിച്ച് പുതിയ പൂജകള്‍ ആരംഭിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു.

വിനായകചതുര്‍ഥി, ചിങ്ങം ഒന്ന് തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ എല്ലാ ക്ഷേത്രങ്ങളിലും ഗണപതിഹോമം പോലുള്ള വഴിപാടുകള്‍ നടത്തണം. ദേവീക്ഷേത്രങ്ങളില്‍ എല്ലാ മാസവും പൗര്‍ണമി നാളുകളില്‍ ഭഗവതി സേവയും, ഐശ്വര്യ പൂജയും അയ്യപ്പ ക്ഷേത്രങ്ങളില്‍ ശനിയാഴ്ചതോറും വിശേഷാല്‍ ശനീശ്വര പൂജയും നടത്തണം. നിത്യപൂജ ഇല്ലാത്ത ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട വഴിപാടുകള്‍ ഉള്‍പ്പെടുത്തി നിത്യപൂജ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കണമെന്നും സര്‍ക്കുലറിലുണ്ട്.

വഴിപാടുകള്‍ സംബന്ധിച്ച് പരസ്യങ്ങള്‍ നല്‍കി ക്ഷേത്രങ്ങളിലേക്ക് കൂടുതല്‍ വിശ്വാസികളെ കൊണ്ടുവരണമെന്നും നിലവിലുള്ള ടിക്കറ്റ് കൗണ്ടറുകള്‍ക്ക് പുറമേ നാലമ്പലത്തിനകത്ത് പുതിയ രസീത് കൗണ്ടറുകള്‍ തുടങ്ങണമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. പുതിയ തീരുമാനങ്ങള്‍ നടപ്പാക്കുന്നത് വഴി കൂടുതല്‍ ഭക്തരെ ആകര്‍ഷിക്കാനും ആരാധനാലയങ്ങളെ സ്വയംപര്യാപ്തമാക്കാനുമാണ് ലക്ഷ്യമിടുന്നതെന്നും വിശ്വാസികള്‍ക്ക് സുഗമമായ ദര്‍ശനം ഒരുക്കാന്‍ കഴിയുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ ദ ഫോര്‍ത്തിനോട് പറഞ്ഞു.

അധിക വരുമാനവും ക്ഷേത്രങ്ങളില്‍ സ്വകാര്യ നിക്ഷേപവും ഉറപ്പ് വരുത്തും വിധമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ നിര്‍ദേശങ്ങള്‍. ദേവസ്വങ്ങളുടെ അറ്റകുറ്റപണികള്‍ നടത്തുന്നതിന് സ്‌പോണ്‍സര്‍മാരെ കണ്ടെത്താനും, ഊട്ടുപുരകളും, മറ്റ് ഓഡിറ്റോറിയങ്ങളും അറ്റകുറ്റപണികള്‍ നടത്തി വാടകയ്ക്ക് നല്‍കി വരുമാനം വര്‍ധിപ്പിക്കാനും ബോര്‍ഡ് ലക്ഷ്യമിടുന്നുണ്ട്.

logo
The Fourth
www.thefourthnews.in