ഓണ്‍ലൈൻ യോഗത്തിനും യാത്രപ്പടി; കെടിയുവിലെ താത്കാലിക നിയമനങ്ങളിലും സിൻഡിക്കേറ്റ് അംഗങ്ങൾ സ്വാധീനം ചെലുത്തിയെന്ന് ആക്ഷേപം

ഓണ്‍ലൈൻ യോഗത്തിനും യാത്രപ്പടി; കെടിയുവിലെ താത്കാലിക നിയമനങ്ങളിലും സിൻഡിക്കേറ്റ് അംഗങ്ങൾ സ്വാധീനം ചെലുത്തിയെന്ന് ആക്ഷേപം

സംസ്ഥാനത്തെ മറ്റ് സര്‍വകലാശാലകളില്‍ ഇല്ലാത്ത തരത്തിലുള്ള ആനുകൂല്യങ്ങളാണ് കെ ടി യു സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ കൈപ്പറ്റുന്നത്

കേരള സാങ്കേതിക സര്‍വകലാശാല (കെ ടി യു)യുമായി ബന്ധപ്പെട്ട് യാത്രപ്പടി വിവാദത്തില്‍ കുടുതല്‍ ആരോപണങ്ങളുമായി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തതിനും അംഗങ്ങള്‍ യാത്രപ്പടി കൈപ്പറ്റിയെന്നും സ്വകാര്യ ആവശ്യത്തിന് യാത്രയ്ക്കായി യൂണിവേഴ്‌സിറ്റി വാഹനങ്ങള്‍ ഉപയോഗിച്ചെന്നുമുള്‍പ്പെടെയാണ് പുതിയ ആരോപണങ്ങള്‍. ഇക്കാര്യം തെളിയിക്കുന്ന രേഖകളും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി പുറത്തുവിട്ടു.

സംസ്ഥാനത്തെ മറ്റ് സര്‍വകലാശാലകളില്‍ ഇല്ലാത്ത തരത്തിലുള്ള ആനുകൂല്യങ്ങളാണ് കെ ടി യു സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ കൈപ്പറ്റുന്നത്. കോളേജുകളില്‍ പരിശോധനയ്ക്ക് ചുമതലപ്പെടുത്തിയ സിന്‍ഡിക്കേറ്റ് മെമ്പര്‍മാര്‍ ഒരു ദിവസം മൂന്ന് കോളേജുകളില്‍ വരെ പരിശോധന നടത്തി 15000 രൂപവരെ ഓണറേറിയമായി കൈപ്പറ്റിയെന്നാണ് പ്രധാന ആരോപണം. പരീക്ഷാ ഫീ, റീവാലുവേഷന്‍ ഫീ, കോളേജ് അഡ്മിനിസ്‌ട്രേഷന്‍ ഫീ, അഫിലിയേഷന്‍ ഫീ എന്നിവയില്‍ നിന്നുള്ള തനത് ആഭ്യന്തര വരുമാനത്തില്‍ നിന്നാണ് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ ടിഎ, സിറ്റിംഗ് ഫീ, ഓണറേറിയം എന്നിവയ്ക്ക് പണം കണ്ടെത്തുന്നതെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.

ഓണ്‍ലൈൻ യോഗത്തിനും യാത്രപ്പടി; കെടിയുവിലെ താത്കാലിക നിയമനങ്ങളിലും സിൻഡിക്കേറ്റ് അംഗങ്ങൾ സ്വാധീനം ചെലുത്തിയെന്ന് ആക്ഷേപം
യാത്രപ്പടിയായി കെടിയു സിന്‍ഡിക്കേറ്റ് അംഗങ്ങൾ കൈപ്പറ്റിയത് ലക്ഷങ്ങൾ; പി കെ ബിജു മാത്രം 12.2 ലക്ഷം: വിജിലൻസിൽ പരാതി

യാത്രപ്പടിക്കു പുറമെ സര്‍വകലാശാലയുടെ വാഹനങ്ങള്‍ സിന്‍ഡിക്കേറ്റംഗങ്ങള്‍ സ്വന്തം ആവശ്യങ്ങള്‍ക്കും വ്യാപകമായി ഉപയോഗിക്കുന്നു എന്നാണ് മറ്റൊരു ആക്ഷേപം. സിപിഎം നേതാവും ആലത്തുര്‍ മുന്‍ എംപിയുമായ പി കെ ബിജു യൂണിവേഴ്‌സിറ്റിയുടെ വാഹനം ഉപയോഗിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റര്‍, സിഐടിയു ഓഫീസ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ടുണ്ടെന്നും ലോഗ് ബുക്ക് രേഖകള്‍ ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി പറയുന്നു.

സ്ഥിരം വിസിയില്ലാത്ത സാഹചര്യത്തില്‍ ഒരു വര്‍ഷത്തിലേറെയായി സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ പൂര്‍ണ നിയന്ത്രണത്തിലാണ് സര്‍വകലാശാല ഭരണം

കേരള സാങ്കേതിക സര്‍വകലാശാലയില്‍ സിന്‍ഡിക്കേറ്റ് ഇടപെട്ട് നടത്തിയ നിയമനങ്ങളെയും സംശയത്തിന്റെ മുനയില്‍ നിര്‍ത്തുകയാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി. സ്ഥിരം വിസി യില്ലാത്ത സാഹചര്യത്തില്‍ ഒരു വര്‍ഷത്തിലേറെയായി സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ പൂര്‍ണ നിയന്ത്രണത്തിലാണ് സര്‍വകലാശാല ഭരണം. നിലവില്‍ സ്ഥിരം ജീവനക്കാരുടെ ഇരട്ടിയിലധികം താല്‍ക്കാലിക ജീവനക്കാരെയാണ് സര്‍വകലാശാലയിലുള്ളത്. ക്ലര്‍ക്ക് ഡ്രൈവര്‍, ക്ലാസ് 4, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികകളില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നിയമിച്ചിട്ടുള്ള നൂറോളം താല്‍ക്കാലിക ജീവനക്കാരില്‍ ഭൂരിഭാഗവും കാട്ടാക്കട, നെയ്യാറ്റിന്‍കര പ്രദേശത്തു നിന്നുള്ളവരാണ്. ഇതിന് പിന്നില്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഐ. ബി. സതീഷ് എംഎല്‍എ, അഡ്വ. ഐ സാജു എന്നിവരുടെ സ്വാധീനമാണ് എന്നും ആരോപണമുണ്ട്. ജീവനക്കാര്‍ക്ക് സഞ്ചരിക്കാനായി രണ്ട് എസി ബസുകള്‍ കാട്ടാക്കട, നെയ്യാറ്റിന്‍കരഭാഗത്ത് നിന്നും യൂണിവേഴ്‌സിറ്റി ഏര്‍പ്പെടുത്തിയ കാര്യവും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.

logo
The Fourth
www.thefourthnews.in