ഇരുചക്ര വാഹനത്തില്‍ കുട്ടികളുമായുള്ള യാത്ര: പിഴ ഒഴിവാക്കാന്‍ ശ്രമവുമായി കേരളം, കേന്ദ്രത്തെ സമീപിക്കും

ഇരുചക്ര വാഹനത്തില്‍ കുട്ടികളുമായുള്ള യാത്ര: പിഴ ഒഴിവാക്കാന്‍ ശ്രമവുമായി കേരളം, കേന്ദ്രത്തെ സമീപിക്കും

ഇരുചക്ര വാഹനങ്ങളില്‍ രണ്ട് പേര്‍ക്ക് പുറമേ കുട്ടികളെയും ഇരുത്തി യാത്ര ചെയ്യുമ്പോഴുള്ള പിഴ ഒഴിവാക്കാന്‍ ശ്രമം. അടുത്ത മാസം 10ന് ഉന്നതതല യോഗം

ഇരുചക്ര വാഹനങ്ങളില്‍ മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികളേയും ഇരുത്തി യാത്ര ചെയ്യുമ്പോഴുള്ള പിഴ ഒഴിവാക്കാന്‍ ശ്രമവുമായി സംസ്ഥാന ഗതാഗത വകുപ്പ്. മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി തേടി ഗതാഗത വകുപ്പ് കേന്ദ്രത്തെ സമീപിക്കും. ഇതിനായി ഗതാഗതമന്ത്രി ആന്റണി രാജു ഉന്നതതല യോഗം വിളിച്ചു. അടുത്ത മാസം പത്തിനാണ് യോഗം ചേരുക. പിഴ ഈടാക്കുന്ന നടപടി വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തിലാണ് പിഴ ഒഴിവാക്കുന്നതിനുള്ള സാധ്യത പരിശോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം.

ഇരുചക്രവാഹനത്തില്‍ രണ്ട് പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാനാകൂവെന്നാണ് കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിലെ വ്യവസ്ഥ. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ക്കൊപ്പം ഹെല്‍മെറ്റ് വെച്ച് യാത്ര ചെയ്യാനുള്ള അനുമതി നേടാനാണ് ശ്രമം. 'കുട്ടികളുടെ ഇരുചക്ര വാഹന യാത്ര സംബന്ധിച്ച നിയമം പുതിയതല്ല. ഇത് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നിയമമാണ്. സംസ്ഥാനത്തിന് മാത്രമായി ഒന്നും ചെയ്യാനാകില്ല.' എന്നായിരുന്നു വിഷയത്തില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം. സംസ്ഥാനം പുതുതായി ഒന്നും ചെയ്തിട്ടില്ലെന്നും നിലവിലുള്ള നിയമങ്ങള്‍ നടപ്പാക്കുന്നത് ഉറപ്പുവരുത്തുക മാത്രമാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഗതാഗത വകുപ്പ് സ്ഥാപിച്ച എ ഐ ക്യാമറകള്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ സംസ്ഥാന സര്‍ക്കാര്‍ പുതിയ നിയമങ്ങള്‍ നടപ്പാക്കുന്നുവെന്നാണ് ജനങ്ങളുടെ ആശങ്ക. ഇത് പരിഹരിക്കാന്‍ കൂടിയാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം.

അതേസമയം, എ ഐ ക്യാമറകള്‍ സ്ഥാപിച്ച ശേഷം റോഡ് നിയമ ലംഘനങ്ങളില്‍ ഗണ്യമായ കുറവുണ്ടായി, പരീക്ഷണ ഘട്ടത്തില്‍ ക്യാമറ കണ്ടെത്തുന്ന നിയമ ലംഘനങ്ങള്‍ക്ക് താക്കീത് സന്ദേശം നല്‍കുന്ന കാര്യത്തില്‍ ആശയ കുഴപ്പം നില്‍ക്കുന്നുവെന്നും ഇക്കാര്യം ഗതാഗത കമീഷണര്‍ പരിശോധിക്കുകയാണെന്നും ആന്റണി രാജു വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in