തദ്ദേശഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം; 17 സീറ്റുകളില്‍ വിജയം

തദ്ദേശഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം; 17 സീറ്റുകളില്‍ വിജയം

മത്സരം നടന്ന 33 ല്‍ എല്‍ഡിഎഫ് 9 ഉം, ബിജെപി 4 ഉം സീറ്റുകളാണ് വിജയിച്ചത്.

സംസ്ഥാനത്ത് 33 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം. എല്‍ഡിഎഫില്‍ നിന്ന് അഞ്ച് സീറ്റും, എസ്ഡിപിഐയില്‍ നിന്ന് ഒരു സീറ്റും ഉള്‍പ്പെടെ ആറ് സീറ്റുകള്‍ യുഡിഎഫ് പിടിച്ചെടുത്തു. മുന്‍പ് ലീഗ് വിമതന്‍ വിജയിച്ച കോഴിക്കോട് വാണിമേല്‍ കൊടിയൂറ വാര്‍ഡും യുഡിഎഫ് നേടി. ആകെ 17 സീറ്റുകളിലാണ് യുഡിഎഫ് വിജയിച്ചത്.

എല്‍ഡിഎഫിന് ആറ് സീറ്റുകള്‍ നഷ്ടമായപ്പോള്‍ നാല് സീറ്റുകള്‍ പിടിച്ചെടുത്തു. ഇതില്‍ രണ്ടെണ്ണം ബിജെപിയില്‍ നിന്നുമാണ് പിടിച്ചെടുത്തത്. ബിജെപി രണ്ട് സീറ്റ് നഷ്ടപ്പെടുത്തിയപ്പോള്‍ ഒരു സീറ്റ് എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു. ഇടുക്കി കരിങ്കുന്നത്ത് ആംആദ്മി പാര്‍ട്ടിയും, ഈരാറ്റുപേട്ട 11 ആം വാര്‍ഡില്‍ എസ്ഡിപിഐയും ജയിച്ചു.

മത്സരം നടന്ന 33 ല്‍ എല്‍ഡിഎഫ് 9 ഉം, ബിജെപി 4 ഉം സീറ്റുകളാണ് വിജയിച്ചത്. പാലക്കാട് ജില്ല പഞ്ചായത്തിലേക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ലീഡ് ചെയ്യുന്നു. എസ്ഡിപിഐ പിന്തുണയോടെ യുഡിഎഫ് ഭരിച്ചിരുന്ന കൊല്ലം പോരുവഴി പഞ്ചായത്തില്‍ ഒരു സീറ്റുകൂടി നേടി കേവല ഭൂരിപക്ഷം നേടി. കൊല്ലം ഉമ്മന്നൂര്‍ പഞ്ചായത്തിലെ വിലങ്ങറ ഇരുപതാം വാര്‍ഡ് ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തപ്പോള്‍ പഞ്ചായത്ത് ഭരണം തുലാസിലായി. 20 വാര്‍ഡുകള്‍ ഉള്ള പഞ്ചായത്ത് ബിജെപി പിന്തുണയോടെ യുഡിഎഫായിരുന്നു ഭരിച്ചിരുന്നത്.

നിലവില്‍ എല്‍ഡിഎഫിന് 10 സീറ്റും യുഡിഎഫിന് എട്ട് സീറ്റും ബിജെപിക്ക് രണ്ട് സീറ്റുമായി. യുഡിഎഫിന് ബിജെപി പിന്തുണ ലഭിച്ചാല്‍ ഇനി നറുക്കെടുപ്പ് വഴി ഭരണം തീരുമാനിക്കേണ്ടി വരും. മലപ്പുറം ഒഴൂര്‍ പഞ്ചായത്തിലും സമാനമാണ് സ്ഥിതി. ഒഴൂര്‍ പഞ്ചായത്ത് 16ാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് വാര്‍ഡ് പിടിച്ചെടുത്തു. ഇവിടെയും നറുക്കെടുപ്പിനുള്ള സാധ്യതയാണ് തെളിയുന്നത്.

logo
The Fourth
www.thefourthnews.in