'സാധാരണക്കാര്‍ക്ക് ലഭിക്കാത്ത കിറ്റ് ഞങ്ങള്‍ക്കും വേണ്ട'; സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് സ്വീകരിക്കില്ലെന്ന് യുഡിഎഫ്

'സാധാരണക്കാര്‍ക്ക് ലഭിക്കാത്ത കിറ്റ് ഞങ്ങള്‍ക്കും വേണ്ട'; സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് സ്വീകരിക്കില്ലെന്ന് യുഡിഎഫ്

കിറ്റ് സ്വീകരിക്കില്ലെന്ന് സപ്ലൈകോയെ അറിയിക്കുമെന്ന് യുഡിഎഫ്

എംഎല്‍എമാര്‍ക്കുള്ള സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് സ്വീകരിക്കില്ലെന്ന് യുഡിഎഫ്. സാധാരണക്കാരായ ജനങ്ങള്‍ക്ക് കിട്ടാത്ത കിറ്റ് വാങ്ങേണ്ടതില്ലെന്നാണ് തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഇക്കാര്യം സപ്ലൈക്കോയെ അറിയിക്കുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

ജനപ്രതിനിധികൾക്ക് കിറ്റ് നൽകാൻ സർക്കാർ തീരുമാനമെടുത്തിരുന്നു. എന്നാൽ വിതരണത്തിനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെ, സംസ്ഥാനത്ത് അര്‍ഹരായ പകുതിപേര്‍ക്കും ഓണക്കിറ്റ് ലഭിച്ചിട്ടില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് കിറ്റ് സ്വീകരിക്കില്ലെന്ന യുഡിഎഫ് തീരുമാനം.

ഈ വര്‍ഷം മഞ്ഞ റേഷന്‍ കാര്‍ഡുകാര്‍ക്ക് മാത്രമായി ഓണക്കിറ്റ് പരിമിതപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ മന്ത്രിമാര്‍ക്ക് ഉള്‍പ്പെടെ കിറ്റ് നല്‍കുന്നത് സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. പന്ത്രണ്ടിനം സാധനങ്ങള്‍ അടങ്ങിയ കിറ്റ് ഓഫീസിലോ താമസ സ്ഥലത്തോ എത്തിച്ചു നല്‍കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം.

ഇന്ന് തന്നെ കിറ്റ് വിതരണം പൂര്‍ത്തിയാകുമെന്ന് മന്ത്രി ജി ആര്‍ അനിൽ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇനിയും മൂന്നരലക്ഷത്തോളം പേര്‍ക്കാണ് ഓണക്കിറ്റ് ലഭിക്കാനുള്ളത്. ഇന്നലെ രാത്രിവരെയുള്ള കണക്ക് പ്രകാരം 2,59,944 കിറ്റുകളാണ് ആകെ വിതരണം ചെയ്തത്. ഇനിയും 3,27,737 പേര്‍ക്ക് കൂടി കിറ്റ് നല്‍കാനുണ്ട്.

തൃശൂര്‍, എറണാകുളം, കോഴിക്കോട് ജില്ലകളിലെ പല റേഷന്‍ കടകളിലും കിറ്റുകള്‍ ലഭ്യമല്ല. സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്ന കമ്പനികളുടെ പായസം മിക്സും, കറി പൊടികളും ലഭ്യമാകാത്ത സാഹചര്യത്തില്‍ മറ്റ് കമ്പനികളുടേത് വാങ്ങി പാക്കിങ് പൂര്‍ത്തിയാക്കി വിതരണം ചെയ്യാനാണ് നിര്‍ദേശം. ഇതിനിടെ റേഷന്‍ കടകളിലെ ഇ - പോസ് മെഷീന്‍ തകരാറിലായതും കിറ്റ് വിതരണത്തെ ബാധിച്ചു.

ഓണം പ്രമാണിച്ച് രാവിലെ 8 മണിമുതല്‍ രാത്രി 8 മണിവരെയാണ് റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക. ആദിവാസി ഊരുകളിലെ കിറ്റ് വിതരണം പൂര്‍ത്തിയായെന്നും സംസ്ഥാനത്ത് ഇന്ന് തന്നെ കിറ്റ് വിതരണം പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in