പ്രിയ വര്‍ഗീസ്
പ്രിയ വര്‍ഗീസ്

പ്രിയയ്ക്ക് യോഗ്യതയില്ലെന്ന് യുജിസി; ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചു

2018 ലെ യുജിസി ചട്ട പ്രകാരം നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ കണ്ണൂർ സർവകലാശാലയ്ക്കും പ്രിയ വർഗീസിനും തിരിച്ചടി. നിയമനത്തിന് ആവശ്യമായ യോഗ്യത പ്രിയയ്ക്കില്ലെന്ന് യുജിസി ഹൈക്കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഗവേഷണകാലയളവ് അധ്യാപന പരിചയമായി കണക്കാക്കില്ലെന്ന് യുജിസി നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യം രേഖാമൂലം അറിയിക്കണമെന്ന ഹൈക്കോടതിയുടെ നിർദേശം പരിഗണിച്ചാണ് ഇപ്പോൾ എതിർ സത്യവാങ്മൂലം യുജിസി സമർപ്പിച്ചത്. ഇതോടെ പ്രിയാ വർഗീസിന് കണ്ണൂർ സർവകലാശാല അസിസ്റ്റന്റ് ഫ്രൊഫസറായുള്ള നിയമനം നടത്താനാകില്ലെന്ന് ഏറെക്കുറേ വ്യക്തമാകുകയാണ്. നിയമന നടപടികൾ ഹൈക്കോടതിയും ഗവർണറും റദ്ദാക്കിയിരുന്നു. റാങ്ക് പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായ ജോസഫ് സ്‌ക്കറിയയുടെ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടൽ. കേസ് പരിഗണിക്കുന്നത് ഒക്ടോബർ 20 ലേക്ക് മാറ്റി

Attachment
PDF
DOC-20220930-WA0008. (3).pdf
Preview

എട്ട് വര്‍ഷത്തെ അധ്യാപന പരിചയമാണ് സർവകലാശാല അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള നിയമനത്തിന്റെ അടിസ്ഥാന യോഗ്യത. കേരളവര്‍മ കോളേജില്‍ മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ പ്രിയാ വര്‍ഗീസ് ഗവേഷണത്തിന്റെ ഭാഗമായ ഫാക്കല്‍റ്റി ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിനുവേണ്ടി അവധിയെടുത്ത മൂന്ന് വര്‍ഷകാലയളവും കണ്ണൂര്‍ സര്‍വകലാശാല സ്റ്റുഡന്‌റസ് സര്‍വീസ് ഡയറക്ടറായ രണ്ട് വര്‍ഷത്തെ ഡെപ്യൂട്ടേഷന്‍ കാലയളവും അധ്യാപന പരിചയമായി കാണിച്ചിരുന്നു. ഇത് ചേർത്താണ് പ്രിയയ്ക്ക് എട്ട് വർഷത്തെ പ്രവർത്തിപരിചയം ഉള്ളത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യയായ പ്രിയയ്ക്ക് യോഗ്യതയില്ലാഞ്ഞിട്ടും നിയമനം നൽകുന്നത് രാഷ്ട്രീയ ഇടപെടൽ മൂലമെന്നാണ് ഉയർന്ന ആക്ഷേപം. തുടർന്നാണ് റാങ്ക് പട്ടികയിൽ രണ്ടാമതുള്ള ചങ്ങനാശേരി എസ്.ബി. കോളേജ് അധ്യാപകന്‍ ഡോ: ജോസഫ് സ്‌ക്കറിയ കോടതിയെ സമീപിച്ചത്.

പ്രിയ വര്‍ഗീസ്
ഗവേഷണ കാലയളവ് അധ്യാപന പരിചയമായി കണക്കാക്കില്ലെന്ന് യുജിസി; പ്രിയാ വര്‍ഗീസിനും കണ്ണൂര്‍ സര്‍വകലാശാലയ്ക്കും തിരിച്ചടി

2018 ലെ യുജിസി മാനദണ്ഡ പ്രകാരം ഗവേഷണ കാലയളവ് അധ്യാപന പരിചയമായി കണക്കാക്കാനാവില്ലെന്ന് എതിര്‍ സത്യവാങ്മൂലത്തില്‍ യുജിസി വ്യക്തമാക്കുന്നു. ചട്ടം 3.11 ചൂണ്ടിക്കാട്ടിയാണ യുജിസി ഇക്കാര്യം അറിയിക്കുന്നത്. ചട്ടം 8.2 (x) പ്രകാരം എഫ് ഐ പി കാലയളവ് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ക്ക് മാത്രമേ സര്‍വീസായി കണക്കാക്കൂ എന്നും യുജിസി വ്യക്തമാക്കുന്നു. സ്റ്റുഡന്‌റ് സര്‍വീസ് ഡയറക്ടര്‍ തസ്തിക കാലയളവ് അധ്യാപന പരിചയമാകുമോ എന്നതില്‍ വ്യക്തതവരുത്താനാകില്ലെന്നും കോടതി വ്യക്തമാക്കി. ഡിഎസ്എസ് തസ്തിക അധ്യാപന തസ്തികയാണോ അല്ലയോ എന്നതിനെ ആശ്രയിച്ചിരിക്കുമതെന്നും യുജിസി പറയുന്നു. 2018 ലെ യുജിസി മാാനദണ്ഡമനുസരിച്ച് നടപടിയെടുക്കണമെന്നും യുജിസി ഹൈക്കോടതിയോട് അഭ്യര്‍ത്ഥിച്ചു.

എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ പ്രിയാ വർഗീസിന് കോടതി സമയം അനുവദിച്ചു. കേസ് ഒക്ടോബർ 20 ന് വീണ്ടും പരിഗണിക്കും.

logo
The Fourth
www.thefourthnews.in