'സഹകരിക്കാന്‍ തയാര്‍'; സിപിഎം ക്ഷണം സ്വീകരിച്ച് മുസ്ലീം ലീഗ്

'സഹകരിക്കാന്‍ തയാര്‍'; സിപിഎം ക്ഷണം സ്വീകരിച്ച് മുസ്ലീം ലീഗ്

''ഏക സിവില്‍ കോഡിനെതിരെ ആരുമായും സഹകരിക്കും. രാജ്യം നേരിടുന്ന എറ്റവും വലിയ വെല്ലുവിളിയാണിത്. സിവില്‍കോഡ് ചരിത്രത്തിനും പാരമ്പര്യത്തിനും എതിരാണ്'' -സാദിഖലി തങ്ങള്‍ വ്യക്തമാക്കി.

ഏക സിവില്‍ കോഡിനെതിരായ പ്രതിഷേധത്തില്‍ സമാനചിന്താഗതിയുള്ളവരുമായി യോജിക്കാമെന്ന് മുസ്ലിം ലീഗ്. ഇടതുപക്ഷമടക്കം ഏക സിവില്‍ കോഡിനെ എതിര്‍ക്കുന്ന എല്ലാവരുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങള്‍. ''ഏക സിവില്‍ കോഡിനെതിരെ ആരുമായും സഹകരിക്കും. ഏക സിവില്‍ കോഡ് വിരുദ്ധ മുന്നണിയില്‍ മുസ്ലിം ലീഗും അംഗമാകും. രാജ്യം നേരിടുന്ന എറ്റവും വലിയ വെല്ലുവിളിയാണിത്. നാനാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ സൗന്ദര്യം. അവിടെ ഏക സിവില്‍കോഡ് കൊണ്ടുവരുന്നത് ചരിത്രത്തിനും പാരമ്പര്യത്തിനും എതിരാണ്. പാര്‍ലമെന്റില്‍ ബില്‍ പാസാക്കാന്‍ പാടില്ല. പാര്‍ലമെന്റിലും പുറത്തുമുള്ള പ്രതിഷേധങ്ങളില്‍ ഈ വിഷയത്തില്‍ യോജിക്കും'' -സാദിഖലി തങ്ങള്‍ വ്യക്തമാക്കി.

ഏക സിവില്‍ കോഡ് വിരുദ്ധ പ്രക്ഷോഭങ്ങളില്‍ മുസ്ലിം ലീഗുമായി യോജിക്കുന്നതില്‍ പ്രശ്നമില്ലെന്ന സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു മുസ്ലിം ലീഗ് അധ്യക്ഷന്റെ പ്രതികരണം. യുസിസിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് പല തട്ടിലാണെന്നും മുസ്ലിം ലീഗുമായി യോജിക്കുന്നതില്‍ പ്രശ്നമില്ലെന്നുമായിരുന്നു എം വി ഗോവിന്ദന്റെ പ്രസ്താവന. മുസ്ലിം ലീഗ് ശരിയായ നിലപാട് സ്വീകരിക്കുമ്പോള്‍ അതിനെ സ്വാഗതം ചെയ്യാറുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.

ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനെതിരേ വന്‍ പ്രക്ഷോഭം നടത്താനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. സിവില്‍ കോഡ് ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിനുള്ള മുന്നൊരുക്കമാണെന്നും അതിനെ എന്തു വിലകൊടുത്തും ചെറുക്കേണ്ടത് അനിവാര്യമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഏക സിവില്‍ കോഡിനെതിരെ സിപിഎം സെമിനാര്‍ സംഘടിപ്പിക്കുമെന്നും എം വി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചുിരുന്നു. കോഴിക്കോട് സംഘടിപ്പിക്കുന്ന സെമിനാറില്‍ സമസ്തയെ ക്ഷണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനു പിന്നാലെയാണ് സിവില്‍ കോഡിനെതിരായ പ്രക്ഷോഭങ്ങളില്‍ സഹകരിക്കാന്‍ ലീഗിനെ സിപിഎം സംസ്ഥാന സെക്രട്ടറി ക്ഷണിച്ചത്. പരോക്ഷമായിട്ടായിരുന്നു ക്ഷണം. ലീഗിന് ക്ഷണമുണ്ടാകുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് രാഷ്ട്രീയ ഐക്യം രൂപീകരിക്കുന്നതില്‍ സിപിഎമ്മിന് കൃത്യമായ കാഴ്ചപ്പാടുണ്ടെന്നായിരുന്നു മറുപടി.

''ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലെ ജനാധിപത്യ പാര്‍ട്ടിയാണ് മുസ്ലീം ലീഗ്. ന്യൂനപക്ഷത്തിലെ ജനാധിപത്യ പ്രസ്ഥാനങ്ങളുമായി സഹകരിച്ച് പോകുന്ന നിലപാട് സിപിഎം സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ യുഡിഎഫിന്റെ ഭാഗമായ ലീഗിനെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. പ്രക്ഷോഭത്തില്‍ ആര്‍ക്കും പങ്കെടുക്കാം''- എന്നായിരുന്നു എംവി ഗോവിന്ദന്‍ വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ സിപിഎമ്മുമായി സഹകരിക്കാന്‍ തയാറാണെന്നു സാദിഖലി തങ്ങള്‍ തുറന്നു പറഞ്ഞത്.

logo
The Fourth
www.thefourthnews.in