ചിന്ത ജെറോം
ചിന്ത ജെറോം

ചിന്താ ജെറോമിന്റെ പ്രബന്ധ വിവാദം: സര്‍വകലാശാല പരിശോധിക്കും, വിദഗ്ധ സമിതിയെ നിയമിക്കും

നല്‍കിയ പിഎച്ച്ഡി ബിരുദം പിന്‍വലിക്കാനോ പ്രബന്ധത്തിലെ തെറ്റ് തിരുത്താനോ സര്‍വകലാശാല നിയമത്തില്‍ വ്യവസ്ഥയില്ല

ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധ വിവാദത്തില്‍ ഇടപെടലുമായി കേരള സര്‍വകലാശാല. പ്രബന്ധത്തിനെതിരായ പരാതി വിദഗ്ധ സമിതിയെ കൊണ്ട് പരിശോധിപ്പിക്കുന്നത് കേരള സര്‍വകലാശാല പരിഗണിക്കുന്നു. പ്രബന്ധത്തിലെ പിഴവിലും പരാതികളിലും പരിശോധന നടത്തും. അതേസമയം നല്‍കിയ പിഎച്ച്ഡി ബിരുദം പിന്‍വലിക്കാനോ പ്രബന്ധത്തിലെ തെറ്റ് തിരുത്താനോ സര്‍വകലാശാല നിയമത്തില്‍ വ്യവസ്ഥയില്ല.

പ്രബന്ധം സംബന്ധിച്ച പരാതികള്‍ കേരള സര്‍വകലാശാല വിസിയുടെ ചുമതല വഹിക്കുന്ന ഡോ. മോഹനന്‍ കുന്നുമ്മല്‍ പരിശോധിച്ച ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക. പ്രബന്ധത്തില്‍ കടന്നുകൂടിയ ഗുരുതര തെറ്റുകളും, ഓണ്‍ലൈന്‍ മാധ്യമത്തില്‍ നിന്ന് എടുത്തു എന്ന് പറയുന്ന ഭാഗങ്ങളെ പറ്റിയുള്ള ആരോപണവുമാണ് പ്രധാനമായും പരിശോധിക്കേണ്ടത്. ഇതിനായി വിസിക്ക് ഒരു വിദഗ്ദ സമിതിയെ ചുമതലപ്പെടുത്താം. ഇക്കാര്യമാണ് വി സി പരിഗണിക്കുന്നത്. വിദഗ്ധ പരിശോധനയ്ക്കായി നാലംഗ സമിതിയെ നിയമിക്കാനാണ് നിലവിലെ ആലോചന.

ചിന്തയുടെ ഗൈഡായിരുന്ന ഡോ. പി പി അജയകുമാറിനെ ഗൈഡ്ഷിപ്പില്‍ നിന്നും അധ്യാപക പരിശീലന കേന്ദ്രം ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്നുള്ള സേവ് യൂണിവേഴ്‌സിറ്റി സമിതിയുടെ നിവേദനവും ഗവര്‍ണര്‍ക്കും വിസിക്കും ലഭിച്ചിട്ടുണ്ട്. ഗവര്‍ണറുടെ അഭിപ്രായങ്ങള്‍ക്കൊപ്പം നിയമവശങ്ങള്‍ കൂടി പരിശോധിച്ച ശേഷമേ ഇക്കാര്യത്തില്‍ തുടര്‍നടപടികളുണ്ടാകൂ.

logo
The Fourth
www.thefourthnews.in