'ലീഗ് ഭീകരസംഘടനയെന്ന അഭിപ്രായം തിരുത്തിയതില്‍ സന്തോഷം'; 
ഭിന്നതയുണ്ടാക്കാനാകില്ലെന്ന് സതീശന്‍, അവിഭാജ്യഘടകമെന്ന് ലീഗ്

'ലീഗ് ഭീകരസംഘടനയെന്ന അഭിപ്രായം തിരുത്തിയതില്‍ സന്തോഷം'; ഭിന്നതയുണ്ടാക്കാനാകില്ലെന്ന് സതീശന്‍, അവിഭാജ്യഘടകമെന്ന് ലീഗ്

എം വി ഗോവിന്ദന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ്. പാര്‍ട്ടി യുഡിഎഫിന്റെ അവിഭാജ്യഘടകമെന്ന് മുസ്ലീം ലീഗ് നേതൃത്വം.

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ലീഗ് അനുകൂല പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യുഡിഎഫില്‍ ഭിന്നതയുണ്ടാക്കാമെന്ന് ആരും കരുതേണ്ടെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. എം വി ഗോവിന്ദന്‌റെ പ്രസ്താവനകൊണ്ട് യുഡിഎഫില്‍ പ്രശ്‌നങ്ങളുണ്ടാക്കാനാകില്ല. ലീഗ് തീവ്രവാദ സംഘടനയാണെന്ന പിണറായി വിജയന്റെ അഭിപ്രായം സിപിഎം സംസ്ഥാന സെക്രട്ടറി തിരുത്തിയതില്‍ സന്തോഷമുണ്ടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

യുഡിഎഫിന്റെ അവിഭാജ്യഘടകമാണ് മുസ്ലീംലീഗെന്ന് പാര്‍ട്ടി നേതൃത്വവും വ്യക്തമാക്കി. ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നത് യാഥാര്‍ഥ്യമാണെന്ന് മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ പറഞ്ഞു. അത് കേരളത്തിന്റെയാകെ അഭിപ്രായമാണെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി. എം വി ഗോവിന്ദന്റെ പ്രസ്താവനയ്ക്ക് മറ്റ് വ്യാഖ്യാനങ്ങളൊന്നും നല്‍കേണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഗവര്‍ണര്‍ക്കെതിരായ സര്‍ക്കാര്‍ നിലപാടിനെ ലീഗും ആര്‍എസ്പിയും പിന്തുണച്ചതോടെ യുഡിഎഫ് പ്രതിസന്ധിലായെന്ന് എം വി ഗോവിന്ദന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ലീഗ് വര്‍ഗീയപാര്‍ട്ടിയാണെന്ന് പറഞ്ഞിട്ടില്ലെന്നും വര്‍ഗീയതക്കെതിരായ പോരാട്ടത്തിന് യോജിക്കുന്നവരെ ചേര്‍ത്തുപിടിക്കുന്ന വിശാലമായ കാഴ്ചപ്പാടാണ് സിപിഎമ്മിന്‌റേതുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ബിജെപിക്ക് അനുകൂലമായെടുക്കുന്ന നിലപാടുകളോട് യുഡിഎഫില്‍ പലര്‍ക്കും അമര്‍ഷമുണ്ട്. എല്ലാകാലത്തും ആരും ശത്രുവും മിത്രവുമല്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു.

അതിനിടെ ലീഗിനെ സ്വാഗതം ചെയ്യുന്ന സിപിഎം പ്രസ്താവനയ്ക്കെതിരെ ബിജെപി രംഗത്തെത്തി. ഭാരതം പിളർക്കാൻ കാരണമായ വർഗീയ പാർട്ടിയെ കേവലം വോട്ടിന്റെ പേരിലാണ് സിപിഎം കൂട്ടുപിടിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. പത്ത് വോട്ടിന് വേണ്ടി ഗോവിന്ദൻ മാസ്റ്റർ ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന സർട്ടിഫിക്കറ്റ് നൽകുകയാണെന്നും വി മുരളീധരന്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in