വിഭാഗീയതയും ഭിന്നിപ്പും സൃഷ്ടിക്കാനുള്ള
സംഘപരിവാര്‍ അജണ്ട; ദ കേരള സ്‌റ്റോറിയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുത്-വി ഡി സതീശൻ

വിഭാഗീയതയും ഭിന്നിപ്പും സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ അജണ്ട; ദ കേരള സ്‌റ്റോറിയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുത്-വി ഡി സതീശൻ

കേരളത്തിനെ രാജ്യാന്തരതലത്തില്‍ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനുമാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്നും പ്രതിപക്ഷനേതാവ്

കേരളത്തിൽ നിന്ന് 32,000 സ്ത്രീകൾ ഇസ്ലാം മതം സ്വീകരിച്ച് തീവ്രവാദ സംഘടനയായ ഐ എസ് ഐ എസിൽ ചേരുന്നത് പ്രമേയമാകുന്ന ചിത്രം ദ കേരള സ്‌റ്റോറിയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ്. ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്നമല്ലെന്നും മറിച്ച് ന്യൂനപക്ഷ വിഭാഗങ്ങളെ സംശയ നിഴലിലാക്കി സമൂഹത്തില്‍ വിഭാഗീയതയും ഭിന്നിപ്പും സൃഷ്ടിക്കുകയെന്ന സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്നതിനുള്ള ശ്രമമാണെന്നും കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍. തന്റെ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സിനിമ പറയാന്‍ ഉദ്ദേശിക്കുന്നത് ട്രെയിലര്‍ വ്യക്തമാക്കുന്നുണ്ടെന്നും കുറിപ്പില്‍ പറയുന്നു. സിനിമയുടെ ഉള്ളടക്കത്തെ വിമര്‍ശിച്ച വി ഡി സതീശന്‍ കേന്ദ്രത്തിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കടന്നാക്രമിക്കുകയായിരുന്നു. കേരളത്തിനെ രാജ്യാന്തരതലത്തില്‍ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനുമാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് വ്യക്തമാണ്. രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ടുകൊണ്ട് പ്രധാനമന്ത്രി മോദി വിതച്ച വിഭാഗീയതയുടെ വിത്തുകള്‍ മുളപ്പിച്ചെടുക്കാനുള്ള അജണ്ടയുടെ ഭാഗമാണിതെന്നും അദ്ദേഹം വിമര്‍ശിച്ചു.

മനുഷ്യനെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കാനുള്ള അങ്ങേയറ്റം ആപത്കരമായ നീക്കത്തിന്റെ അടിവേര് വെട്ടേണ്ടതുണ്ട്. മാനവികത എന്ന വാക്കിന്റെ അര്‍ത്ഥം സംഘ പരിവാറിന് ഒരിക്കലും മനസിലാകില്ലെന്നും വര്‍ഗീയതയുടെ വിഷം ചീറ്റി കേരളത്തെ ഭിന്നിപ്പിക്കാമെന്ന് കരുതേണ്ടെന്നും വി ഡി സതീശന്‍ തന്റെ ഫേസ്ബുക്കില്‍ പേജില്‍ കുറിച്ചു.

കടുത്ത വര്‍ഗീയതയും മുസ്ലീം വിരുദ്ധ നിലപാടുകളും വിദ്വേഷ പരാമര്‍ശങ്ങളും ഉള്‍പ്പെടുത്തുന്ന ദ കേരള സ്റ്റോറിയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിലും രംഗത്ത് വന്നിരുന്നു. വര്‍ഗീയതയുടെ പരിപ്പ് കേരളത്തില്‍ വേവിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ സിനിമയെന്നായിരുന്നു ഈ വിഷയവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ പ്രതികരിച്ചത്. വര്‍ഗീയതയുടെ പരിപ്പ് സിനിമ, സമൂഹമാധ്യമങ്ങള്‍, ഭവന സന്ദര്‍ശനം എന്നിങ്ങനെ പലതലങ്ങളിൽ ബിജെപി വേവിക്കാന്‍ ശ്രമിച്ചു. ഇതിലെല്ലാം ബിജെപി പരാജയപ്പെട്ടു. പുതിയ സിനിമയിലൂടെയും നിലവിലെ സ്ഥിതിയ്ക്ക് മാറ്റമുണ്ടാകില്ല. കാരണം സിനിമാനിര്‍മാതാക്കള്‍ക്കും സംഘപരിവാറിനും കേരളത്തിന്റെ യഥാര്‍ഥ സ്റ്റോറി മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഷാഫി പറമ്പില്‍ പറയുന്നു.

സിനിമ എന്ന കല ജനങ്ങളെ ഭിന്നിപ്പിക്കാനല്ല മറിച്ച് ഒന്നിപ്പിക്കാനാണ് പ്രയോജനപ്പെടുത്തേണ്ടത്. സംഘപരിവാറില്‍ നിന്നും അതൊരിക്കലും പ്രതീക്ഷിക്കാനും കഴിയില്ല. നവ മാധ്യമങ്ങളിലൊക്കെ നടത്തുന്ന വിദ്വേഷ പ്രചരണത്തിന്റെ കുറച്ചു കൂടി മികച്ച വെര്‍ഷനായിട്ടാണ് ട്രെയിലര്‍ അനുഭവപ്പെട്ടത്.

വര്‍ഗീയ അജണ്ടക്ക് കീഴ്പ്പെടാതിരിക്കലാണ് കേരളത്തിന്റെ യാഥാര്‍ഥ്യവും പ്രതിഛായയും. അതിനു മങ്ങലേല്‍ക്കാതെ സൂക്ഷിക്കാനുള്ള ശ്രമങ്ങള്‍ സമൂഹം പാലിക്കണമെന്നും ഇത്തരം ശ്രമങ്ങള്‍ കേരളസമൂഹം തള്ളിക്കളയണമെന്നും ഷാഫി പറമ്പിൽ കൂട്ടി ചേര്‍ത്തു .

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ദ കേരള സ്റ്റോറി എന്ന ഹിന്ദി ചിത്രത്തിന്റെ ട്രെയിലര്‍ ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. കേരളത്തിലെ യഥാര്‍ഥ സംഭവങ്ങള്‍ ആധാരമാക്കിയാണ് ചിത്രം നിര്‍മിച്ചതെന്ന അവകാശവാദം ചിത്രത്തിന്റെ ട്രെയിലറിൽ എഴുതി ചേർത്തിട്ടുണ്ട്. കേരളത്തില്‍ ജനിച്ച ഒരു ഹിന്ദു പെണ്‍കുട്ടി ഇസ്ലാംമതം സ്വീകരിക്കുന്നതും തുടര്‍ന്ന് തീവ്രവാദ സംഘടനയായ ഐ എസ് ഐ എസിൽ എത്തിച്ചേരുന്നതുമാണ് സിനിമയുടെ പ്രമേയം. ചിത്രത്തിന്റെ ട്രെയ്‌ലറിൽ ബിജെപിയുടെ മുസ്ലീം വിരുദ്ധതയും വിദ്വേഷവും കുത്തി നിറച്ചിട്ടുണ്ടെന്നാണ് വിമര്‍ശനമുയര്‍ന്നത്. സുദീപ്തോ സെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ നവംബര്‍ രണ്ടിനാണ് പുറത്തിറങ്ങിയത്.

logo
The Fourth
www.thefourthnews.in