'സർ സി പിയെ വെളുപ്പിച്ചെടുക്കാന്‍ ശ്രമം'; പ്രകാശ് ജാവദേക്കറിന് വി ശിവന്‍കുട്ടിയുടെ മറുപടി

'സർ സി പിയെ വെളുപ്പിച്ചെടുക്കാന്‍ ശ്രമം'; പ്രകാശ് ജാവദേക്കറിന് വി ശിവന്‍കുട്ടിയുടെ മറുപടി

സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഗവർണർ അതിന്റെ ചട്ടുകം ആകരുതെന്നും മന്ത്രി

പാകിസ്താന്റെ പിന്തുണയോടെ ഇന്ത്യയ്ക്കെതിരെ പ്രവർത്തിച്ച സി പി രാമസ്വാമി അയ്യരെ വെളുപ്പിച്ചെടുക്കാനാണ് ബിജെപി നേതാവ് പ്രകാശ് ജാവദേക്കറിന്റെ ശ്രമമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഗവർണറെ സി പി രാമസ്വാമിയോട് ഉപമിച്ചത് ഒരു ഏകാധിപതിയുടെ ചരിത്രം ഓർമിപ്പിച്ചതാണെന്നും മന്ത്രിയുടെ വാർത്താക്കുറിപ്പില്‍ പറയുന്നു.

ഗവർണർ-സർക്കാർ പോരില്‍ ഗവർണറെ സി പി രാമസ്വാമി അയ്യരോട് ഉപമിച്ച ശിവന്‍കുട്ടിയെ ഇന്ന് ബിജെപി ദേശീയ നേതാവും കേരളപ്രഭാരിയുമായ പ്രകാശ് ജാവദേക്കർ വാർത്താസമ്മേളനത്തില്‍ വിമർശിച്ചിരുന്നു. 'സി പി രാമസ്വാമി അയ്യർ മഹാനായ ഭരണാധികാരി ആണെന്നാണ് ബിജെപി നേതാവ് പറയുന്നത്. ഇന്ത്യ സ്വതന്ത്രമാകുന്ന ഘട്ടം വന്നപ്പോൾ ഇന്ത്യയിലോ പാകിസ്താനിലോ ചേരാതെ തിരുവിതാംകൂറിനെ സ്വതന്ത്രമാക്കി ഒരു രാജ്യമാക്കി നിർത്താൻ ആയിരുന്നു സി പി രാമസ്വാമി അയ്യരുടെ ശ്രമം. സി പി രാമസ്വാമി അയ്യരുടെ നീക്കങ്ങൾക്ക് പാകിസ്താന്റെ പിന്തുണയുണ്ടായിരുന്നു എന്ന് ചരിത്രം പറയുന്നുണ്ട്. പാകിസ്താന്‍ പിന്തുണയോടെ ഇന്ത്യാ മഹാരാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരായി പ്രവർത്തിച്ച സിപി രാമസ്വാമി അയ്യരെയാണ് ബിജെപിയുടെ ദേശീയ നേതാവ് ഇപ്പോൾ വെളുപ്പിച്ചെടുക്കാൻ ശ്രമം നടത്തുന്നത്'. മന്ത്രി കൂട്ടിച്ചേർത്തു.

ഗവർണർക്കെതിരെയും കുറിപ്പില്‍ വിമർശനമുണ്ട്. സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഗവർണർ അതിന്റെ ചട്ടുകം ആകരുതെന്നും കുറിപ്പില്‍ പറയുന്നു. അതേസമയം, ഗവർണറെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹത്തിന് അർഹിക്കുന്ന ബഹുമാനം നൽകുന്നുമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തിലെ സിപിഎം സർക്കാർ അരാജകത്വം സൃഷ്ടിക്കുകയാണെന്നായിരുന്നു പ്രകാശ് ജാവദേക്കറിന്റെ വിമർശനം. ഭരണഘടനയെ വെല്ലുവിളിച്ച് മുഖ്യമന്ത്രിയും സർക്കാരും ഗവർണറെ അപമാനിക്കുകയാണെന്നും ജാവദേക്കർ ആരോപിച്ചിരുന്നു. 1947ൽ സർ സി പി രാമസ്വാമിയെ വധിക്കാൻ ശ്രമിച്ചത് ഗവർണർ ഓർമിക്കണമെന്നാണ് ശിവൻകുട്ടി പറയുന്നത്. ജനാധിപത്യ സ്നേഹികൾക്ക് അംഗീകരിക്കാനാകാത്ത വാക്കുകളാണിതെന്നായിരുന്നു പ്രകാശ് ജാവദേക്കറിന്റെ പരാമർശം.

logo
The Fourth
www.thefourthnews.in