അക്ഷരം ചൊല്ലി പഠിപ്പിച്ച കുരുന്നുകളുടെ മൃതദേഹത്തിനു മുന്നില്‍ ഹൃദയം നുറുങ്ങി അധ്യാപികമാര്‍.
അക്ഷരം ചൊല്ലി പഠിപ്പിച്ച കുരുന്നുകളുടെ മൃതദേഹത്തിനു മുന്നില്‍ ഹൃദയം നുറുങ്ങി അധ്യാപികമാര്‍.

അവര്‍ വന്നു മടങ്ങി, ഹൃത്തടം തകര്‍ന്ന കളിമുറ്റത്ത് അവസാനമായി

വടക്കഞ്ചേരി വാഹനാപകടത്തിൽ മരിച്ച മുളന്തുരുത്തി ബസേലിയോസ് വിദ്യാനികേതൻ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകനും ഹൃദയം നുറങ്ങി യാത്രാമൊഴിയേകി നാട്‌

ഉറക്കത്തിലേക്ക് ഒന്നു വഴുതിയ നിമിഷത്തിലാണ് ആശയുടെ സമീപത്തു നിന്ന് മകളെ മരണം റാഞ്ചിയത്. മകള്‍ക്കും കൂട്ടുകാര്‍ക്കും വഴികാട്ടിയായി വിനോദയാത്രയില്‍ അനുഗമിച്ച അധ്യാപക സംഘത്തില്‍ ആശയുമുണ്ടായിരുന്നു. കണ്ണുകളില്‍ ഉറക്കം കനം തൂങ്ങിത്തുടങ്ങുമ്പോഴും തനിക്ക് മൂന്നു നിര സീറ്റിനു മുന്നില്‍ കൂട്ടുകാര്‍ക്കൊപ്പം ചിരിച്ചു കളിക്കുന്ന മകളെക്കണ്ടതാണ് ആശ.

അഞ്ജനയുടെ മൃതദേഹത്തിനു മുന്നില്‍ വിതുമ്പലടക്കാനാകാതെ അപകടത്തില്‍ നിന്നു രക്ഷപെട്ട സഹപാഠി.
അഞ്ജനയുടെ മൃതദേഹത്തിനു മുന്നില്‍ വിതുമ്പലടക്കാനാകാതെ അപകടത്തില്‍ നിന്നു രക്ഷപെട്ട സഹപാഠി.

എന്നാല്‍ വലിയൊരു ശബ്ദത്തിനൊപ്പം സീറ്റില്‍ നിന്നു തെറിച്ചു വീണ അവര്‍ സുബോധത്തിലേക്ക് വന്നപ്പോള്‍ക്കണ്ട കാഴ്ച ഏറ്റവും ഹൃദഭേദകമായതായിരുന്നു. മകള്‍ അഞ്ജന ഇരുന്ന മൂന്നു നിര സീറ്റിന്റെ സ്ഥാനത്ത് വെറും ഇരുമ്പ് കഷണങ്ങള്‍ മാത്രം. ഇതേ സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി കല്യാണിയാണ് അഞ്ജനയുടെ സഹോദരി.

ദാമ്പത്യ ജീവിതത്തില്‍ ഒന്നരപ്പതിറ്റാണ്ട് കാലമാണ് തുരുത്തിക്കര സ്വദേശികളായ തോമസും മേരിയും ഒരു കുഞ്ഞിക്കാലിനായി കാത്തിരുന്നത്. ഈശ്വരാനുഗ്രഹം തേടി അവര്‍ മുട്ടാത്ത ആരാധനാലയ വാതിലുകളില്ല. ഒടുവില്‍ ആ പ്രാര്‍ഥനയ്ക്ക് 2007-ല്‍ ഫലം കണ്ടു. അവര്‍ അവന് പേരിട്ടത് ക്രിസ് വിന്റര്‍ബോണ്‍ തോമസ് എന്നും. പേരില്‍ കൗതുകം തോന്നുമെങ്കില്‍ ആ അച്ഛനും അമ്മയ്ക്കും 2007-ലെ ആ വിന്റര്‍(ശീതകാലം-ഡിസംബര്‍) മറക്കാനാകില്ലായിരുന്നു. കാരണം ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ക്രിസ്മസ് കാലമായിരുന്നു അവരുടേത്.

ക്രിസ് വിന്റര്‍ബോണ്‍ തോമസിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുന്നു.
ക്രിസ് വിന്റര്‍ബോണ്‍ തോമസിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുന്നു.

ആ സന്തോഷമാണ് ഇപ്പോളൊരു വിനോദയാത്രയിലൂടെ നഷ്ടമായത്. വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതനിലെ  പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ക്രിസ് ഇന്ന് തിരിച്ചെത്തിയപ്പോള്‍ ആ വീട് കണ്ണീരില്‍ കുതിരുകയായിരുന്നു. കൂട്ടുകാര്‍ക്കൊപ്പം മകന്‍ ടൂര്‍ പോയത്  അന്ത്യ യാത്രയാകുമെന്ന് ആ വീട്ടിലെ ഒരംഗത്തിനും വിശ്വസിക്കാനാകുമായിരുന്നില്ല. നിലവിളിച്ചു കരയുന്നവരെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കളും നാട്ടുകാരും കണ്ണുതുടച്ചു മടങ്ങി.

ദിയയുടെ മൃതദേഹ പേടകം വീട്ടിലെത്തിച്ചപ്പോള്‍ അമ്മയുടെ വിലാപം.
ദിയയുടെ മൃതദേഹ പേടകം വീട്ടിലെത്തിച്ചപ്പോള്‍ അമ്മയുടെ വിലാപം.

അപകടത്തില്‍പ്പെട്ട ബസിന്റെ മുന്‍ സീറ്റുകളില്‍ ഒന്നിലിരുന്ന ദിയ രാജേഷിന്റെ വീട്ടിലെ ചിത്രം ഒരമ്മയ്ക്കും താങ്ങാനാവാത്തതായിരുന്നു. വിനോദയാത്രയ്ക്ക് പുറപ്പെടും മുമ്പ് ഒരു പൊട്ടു കുത്താന്‍ പോലും നില്‍ക്കാതെ മകള്‍ ഓടിയിറങ്ങിയത് മരണത്തിലേക്കായിരുന്നുവെന്ന് അവിടെ ദിയയുടെ അമ്മയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല.

ഊട്ടിയില്‍ നിന്ന് ആപ്പിളും ചോക്ലേറ്റുകളും വാങ്ങിക്കൊണ്ടുവരുമെന്നു വാഗ്ദാനം നല്‍കി പടിയിറങ്ങിപ്പോള്‍ മകള്‍ ഒരു തുണിക്കെട്ടുമാത്രമായി മടങ്ങിയെത്തിയത് ആ അമ്മ കണ്ടു കാണില്ല. കാരണം കണ്ണീര്‍ തോര്‍ന്ന ഒരു നിമിഷമുണ്ടായിരുന്നില്ല ആ അമ്മയ്ക്ക്.

ഇമ്മാനുവലിന്റെ മൃതദേഹത്തിനു മുന്നില്‍ പൊട്ടിക്കരയുന്ന ബന്ധു.
ഇമ്മാനുവലിന്റെ മൃതദേഹത്തിനു മുന്നില്‍ പൊട്ടിക്കരയുന്ന ബന്ധു.

എപ്പോഴും കൂടെക്കൊണ്ടു നടന്ന മൊബൈല്‍ ഫോണാണ് ഇമ്മാനുവലിനെ മരണക്കയത്തിലേക്ക് വലിച്ചിട്ടത്. കൂട്ടുകാര്‍ക്കൊപ്പം ബസിന്റെ മധ്യഭാഗത്ത് ഇരുന്നിരുന്ന ഇമ്മാനുവല്‍ മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിന് വേണ്ടിയാണ് അപകടത്തിനു തൊട്ടുമുമ്പ് മുന്‍ സീറ്റുകളിലൊന്നിലേക്കു പോയതെന്ന് ഇമ്മാനുവലിന്റെ സഹപാഠി പ്രിന്‍സ് വി. രാജു പറഞ്ഞു.

logo
The Fourth
www.thefourthnews.in