വൈഗ കൊലക്കേസ്: പിതാവ് സനു മോഹന് ജീവപര്യന്തം

വൈഗ കൊലക്കേസ്: പിതാവ് സനു മോഹന് ജീവപര്യന്തം

പ്രതിക്കെതിരെ ചുമത്തിയ കൊലപാതകം അടക്കമുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞു

പത്തുവയസ്സുകാരിയായ മകള്‍ വൈഗയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ പിതാവ് സനു മോഹന് ജീവപര്യന്തം തടവുശിക്ഷ. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കേസുകള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ സോമന്‍ ആണ് വിധിപറഞ്ഞത്. പ്രതിക്കെതിരെ ചുമത്തിയ കൊലപാതകം അടക്കമുള്ള എല്ലാ വകുപ്പുകളും തെളിഞ്ഞു. കൊലക്കുറ്റത്തിന് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. ലഹരി പദാര്‍ത്ഥങ്ങള്‍ നല്‍കി അപായപ്പെടുത്താന്‍ ശ്രമിച്ചതിന് പത്തു വര്‍ഷം കഠിന തടവും 25,000 രൂപ പിഴജുവനൈല്‍ ജസ്റ്റിസ് ആക്ട് വകുപ്പുകള്‍ പ്രകാരം 13 വര്‍ഷം തടവിനും കോടതി വിധിച്ചു. ഇതെല്ലാം കൂടി ചേര്‍ത്ത് 28 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കണം. പ്രായമായ അമ്മയെ പരിചരിക്കാന്‍ വധശിക്ഷ ഒഴിവാക്കണമെന്ന് പ്രതി കോടതിയില്‍ ആവശ്യപ്പെട്ടു.

കൊലപാതക കുറ്റത്തിന് പുറമേ, കുറ്റകൃത്യത്തിനായി മദ്യം നല്‍കിയെന്ന 328-ാം വകുപ്പ് അനുസരിച്ചുള്ള കുറ്റവും തെളിവ് നശിപ്പിച്ചതിന് 201-ാം വകുപ്പു പ്രകാരമുള്ള കുറ്റവും ബാലനീതി നിയമം 75 വകുപ്പ് അനുസരിച്ച് കുട്ടികളോടുള്ള ക്രൂരത, 77 വകുപ്പ് അനുസരിച്ച് കുട്ടിക്ക് മദ്യം നല്‍കിയ കുറ്റങ്ങളും നിലനില്‍ക്കുമെന്ന് കോടതി കണ്ടെത്തി. 1200 പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചത്.

വൈഗ കൊലക്കേസ്: പിതാവ് സനു മോഹന് ജീവപര്യന്തം
വൈഗ കൊലക്കേസ്; അച്ഛന്‍ സനു മോഹന്‍ കുറ്റക്കാരന്‍, ശിക്ഷാവിധി ഉച്ചയ്ക്ക് രണ്ടരയ്ക്ക്‌

98 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും വധശിക്ഷ നല്‍കണമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. കങ്ങരപ്പടിയിലെ ഫ്ളാറ്റില്‍ വച്ച് പിതാവ് സനു മോഹന്‍ മകള്‍ വൈഗയെ ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി നല്‍കി കഴുത്തില്‍ ബെഡ് ഷീറ്റുകൊണ്ട് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മുട്ടാര്‍ പുഴയില്‍ എറിഞ്ഞെന്നാണ് കേസ്.

2021 മാര്‍ച്ച് 21നാണ് വൈഗയെ കൊലപ്പെടുത്തിയത്. 22ന് മുട്ടാര്‍ പുഴയില്‍ നിന്ന് മൃതദേഹം കണ്ടെത്തി. ആലപ്പുഴയിലെ ഭാര്യവീട്ടില്‍നിന്ന് ബന്ധുവിന്റെ വീട്ടിലേക്ക് എന്നു പറഞ്ഞായിരുന്നു സനു മോഹന്‍ മകളുമായി ഇറങ്ങിയത്. പിന്നീട് ഇവരെ കാണാതായതിനെ തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തിരച്ചില്‍ പുരോഗമിക്കുന്നിനിടെയാണ് കുട്ടിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയത്.

വൈഗ കൊലക്കേസ്: പിതാവ് സനു മോഹന് ജീവപര്യന്തം
നിയമസഹായം തേടിയെത്തിയ യുവതിയെ പീഡനത്തിനിരയാക്കിയ കേസ്: മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പദവി ദുരുപയോഗം ചെയ്‌തെന്ന് ഹൈക്കോടതി

വൈഗയെ കൊലപ്പെടുത്തി സനു മോഹനും പുഴയില്‍ ചാടി ആത്മഹത്യ ചെയ്‌തെന്നായിരുന്നു ആദ്യം കരുതിയത്. പിന്നീട് കൊലപാതകത്തിന് ശേഷം പ്രതി നാടുവിട്ടതായി വ്യക്തമായി. ഒരു മാസത്തിന് ശേഷം കര്‍ണാടകയിലെ കാര്‍വാറില്‍ നിന്നാണ് സനു മോഹന്‍ പിടിയിലായത്. കൊലപാതകം നടന്ന് 81-ാം ദിവസം അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു.

സനു മോഹനെതിരെ മഹാരാഷ്ട്രയില്‍ സാമ്പത്തിക തട്ടിപ്പ് കേസുകളുണ്ടായിരുന്നു. കട ബാധ്യതകളുള്ള താന്‍ ഏറെക്കാലം ഒഴിവില്‍ കഴിയാന്‍ തീരുമാനിച്ചിരുന്നെന്നും, ഈ സമയം മകളെ മറ്റാരും നോക്കില്ലെന്ന് കരുതിയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നുമായിരുന്നു സനുമോഹന്റെ മൊഴി.

logo
The Fourth
www.thefourthnews.in