ഡോ. വന്ദനദാസ് കൊലപാതകം:  പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് സ്ഥിരീകരിച്ച് ഡോക്ടര്‍

ഡോ. വന്ദനദാസ് കൊലപാതകം: പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് സ്ഥിരീകരിച്ച് ഡോക്ടര്‍

ആശുപത്രിയിലെത്തിച്ച് ചികിത്സ നടത്തേണ്ട തരത്തിലുള്ള മാനസിക പ്രശ്‌നങ്ങള്‍ പ്രതിക്ക് ഇല്ലെന്ന് ഡോക്ടര്‍

ഡോ. വന്ദനദാസ് കൊലപാതക കേസിലെ പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്ന് സ്ഥിരീകരിച്ച് ഡോക്ടര്‍. സന്ദീപ് എല്ലാ കാര്യങ്ങളെക്കുറിച്ചും കൃത്യമായി പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രിയിലെത്തിച്ച് ചികിത്സ നടത്തേണ്ട തരത്തിലുള്ള മാനസിക പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും മാനസികാരോഗ്യ വിദഗ്ധന്റെ പരിശോധനയില്‍ വ്യക്തമായി. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ജയിലെത്തിയാണ് സന്ദീപിനെ പരിശോധിച്ചത്.

മാനസികാരോഗ്യ വിദഗ്ധന്റെ കണ്ടെത്തല്‍ കേസ് അന്വേഷണത്തില്‍ നിര്‍ണായകമാകും. സംഭവ ദിവസം മദ്യപിച്ചിരുന്നുവെന്നും എന്നാല്‍ താന്‍ ലഹരിക്ക് അടിമയല്ലെന്നും സന്ദീപ് പോലീസിനോട് സമ്മതിച്ചതായാണ് വിവരം. അന്നേദിവസം നാട്ടുകാര്‍ ചേര്‍ന്ന് തന്നെ മര്‍ദിച്ചുവെന്നും അവര്‍ പിന്തുടര്‍ന്നപ്പോള്‍ ഭയന്ന് പോലീസിനെ വിളിച്ചതാണ് എന്നുമായിരുന്നു ആദ്യഘട്ടത്തില്‍ സന്ദീപ് പറഞ്ഞിരുന്നത്.

സന്ദീപ് ലഹരിയില്‍ വാതിലുകളില്‍ വന്ന് മുട്ടിയതായും കന്നുകാലികളെ കയറൂരി വിട്ടതായും നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കാന്‍ അന്വേഷണ സംഘം നാളെ കോടതിയില്‍ അപേക്ഷ നല്‍കും. ആശുപത്രിയിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌കുകള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

മാനസിക പ്രശ്നങ്ങളുള്ള ഒരാള്‍ ചെയ്യുന്ന തരത്തിലല്ല സന്ദീപ് കൃത്യം നിര്‍വഹിച്ചതെന്ന് വന്ദനയുടെ സഹപ്രവര്‍ത്തകരായ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച ആയുധം പ്രതി കഴുകി ചോരക്കറ കളഞ്ഞ് തിരികെ വച്ചത് അവര്‍ ചൂണ്ടിക്കാട്ടി . കത്തി കൈയില്‍ വിദഗ്ധമായി ഒളിപ്പിച്ചാണ് ആക്രമണം നടത്തിയതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in