വണ്ടിപ്പെരിയാര്‍ പീഡനക്കേസ്: പെണ്‍കുട്ടിയുടെ പിതാവിനും മുത്തച്ഛനും കുത്തേറ്റു

വണ്ടിപ്പെരിയാര്‍ പീഡനക്കേസ്: പെണ്‍കുട്ടിയുടെ പിതാവിനും മുത്തച്ഛനും കുത്തേറ്റു

കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട അര്‍ജ്ജുന്റെ ബന്ധുവാണ് കുത്തിയത്.

വണ്ടിപ്പെരിയാറില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിനും മുത്തശ്ശനും കുത്തേറ്റു. വണ്ടിപ്പെരിയാര്‍ ടൗണില്‍വച്ചാണ് കുത്തേറ്റത്. കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട അര്‍ജ്ജുന്റെ ബന്ധുവാണ് കുത്തിയത്. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി അര്‍ജുന്‍ സുന്ദറിനെ (24) വിചാരണക്കോടതി വിട്ടയച്ചതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി കഴിഞ്ഞ ദിവസം പ്രതിക്കു നോട്ടീസ് നല്‍കാന്‍ നിര്‍ദേശം നല്‍കി.

പ്രതിയെ വിട്ടയച്ച കട്ടപ്പന ഫാസ്റ്റ് ട്രാക്ക് കോടതിയുടെ ഉത്തരവ് റദ്ദാക്കി ശിക്ഷിക്കണം എന്നായിരുന്നു അപ്പീലിലെ ആവശ്യം. വസ്തുതകളും ശാസ്ത്രീയ തെളിവുകളും വിലയിരുത്തുന്നതില്‍ വിചാരണക്കോടതിക്ക് തെറ്റുപറ്റി. സാക്ഷിമൊഴികളും കണക്കിലെടുത്തില്ലെന്നും അപ്പീലില്‍ വിശദീകരിച്ചിരുന്നു. 2021 ജൂണ്‍ 30നാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് വണ്ടിപ്പെരിയാര്‍ ചുരക്കുളം സ്വദേശി അര്‍ജുനെ അറസ്റ്റ് ചെയ്തത്. തെളിവു ശേഖരണത്തില്‍ ഉള്‍പ്പെടെ കേസന്വേഷണത്തില്‍ പൊലീസിനു ഗുരുതരമായ വീഴ്ചയുണ്ടായെന്ന് വിചാരണക്കോടതി വിധിപ്രസ്താവത്തില്‍ വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in