130 വയസുള്ള മുട്ടുങ്ങൽ എൽപിഎസിന് പൂട്ടുവീഴില്ല; ഊരാളുങ്കൽ ഏറ്റെടുത്തു, പുതിയ കെട്ടിടത്തിന് എം മുകുന്ദന്‍ തറക്കല്ലിട്ടു

130 വയസുള്ള മുട്ടുങ്ങൽ എൽപിഎസിന് പൂട്ടുവീഴില്ല; ഊരാളുങ്കൽ ഏറ്റെടുത്തു, പുതിയ കെട്ടിടത്തിന് എം മുകുന്ദന്‍ തറക്കല്ലിട്ടു

നാട്ടില്‍ പ്രതിസന്ധി ഉണ്ടായാല്‍ ഇടപെടുക എന്നതായിരുന്നു വാഗ്ഭടാനന്ദന്റെ സമീപനം. അതു പിന്തുടരുന്ന സൊസൈറ്റിക്ക് സ്‌കൂള്‍ മികവാര്‍ന്നതാക്കി മാറ്റാന്‍ കഴിയട്ടെയെന്ന് എന്ന് എം മുകുന്ദന്‍ പറഞ്ഞു

ദേശീയപാതാവികസനത്തിനായി പൊളിച്ച മുട്ടുങ്ങല്‍ എല്‍പി സ്‌കൂളിന് സ്വന്തം കെട്ടിടം ഒരുങ്ങുന്നു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്‌കൂള്‍ ഏറ്റെടുത്താണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. സ്‌കൂളിനായി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പ്രശസ്തസാഹിത്യകാരന്‍ എം മുകുന്ദന്‍ നിര്‍വഹിച്ചു.

വിദ്യാഭ്യാസത്തിലും തൊഴിലിലും ഊന്നി സാമൂഹികപരിഷ്‌ക്കരണത്തിനു തുടക്കമിട്ട ഗുരു വാഗ്ഭടാനന്ദന്റെയും അദ്ദേഹത്തിന്റെ മുന്‍കൈയില്‍ സ്ഥാപിച്ച ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെയും കര്‍മ്മമാര്‍ഗ്ഗത്തിലെ സ്വാഭാവികദൗത്യമാണ് സ്‌കൂള്‍ ഏറ്റെടുക്കലിലൂടെ സൊസൈറ്റി നിറവേറ്റുന്നതെന്ന് മുകുന്ദന്‍ പറഞ്ഞു. ആത്മവിദ്യാസംഘം സ്‌കൂളിനു ഗുരു തുടക്കം കുറിച്ചകാര്യം അദ്ദേഹം അനുസ്മരിച്ചു. ''നാട്ടില്‍ പ്രതിസന്ധി ഉണ്ടായാല്‍ അതു മറികടക്കാന്‍ ഇടപെടുക എന്നതായിരുന്നു വാഗ്ഭടാനന്ദന്റെ സമീപനം. അതു പിന്തുടരുന്ന സൊസൈറ്റിക്ക് പ്രതിസന്ധിയിലായ ഈ സ്‌കൂള്‍ മികവാര്‍ന്നതാക്കി മാറ്റാന്‍ കഴിയട്ടെ!'' എന്നും എം മുകുന്ദന്‍ ആശംസിച്ചു. യുഎല്‍സിസിഎസ് ചെയര്‍മാന്‍ രമേശന്‍ പാലേരിയുടെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ചോറോട് പഞ്ചായത്ത് പ്രസിഡന്റ് പി. പി. ചന്ദ്രശേഖരന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായി.

2. മുട്ടുങ്ങൽ എൽപി സ്കൂളിനു നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ച് സാഹിത്യകാരൻ എം. മുകുന്ദൻ സംസാരിക്കുന്നു
2. മുട്ടുങ്ങൽ എൽപി സ്കൂളിനു നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ച് സാഹിത്യകാരൻ എം. മുകുന്ദൻ സംസാരിക്കുന്നു

130 കൊല്ലം പഴക്കമുള്ള വിദ്യാലയമാണ് മുട്ടുങ്ങല്‍ എല്‍പി സ്‌കൂള്‍. നിലവില്‍ വാടകക്കെട്ടിടത്തിലാണു സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തനം പ്രതിസന്ധിയിലായതോടെ അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു സ്‌കൂള്‍. ഇതോടെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ രൂപവത്ക്കരിച്ച സംരക്ഷണസമിതി സ്‌കൂളിന്റെ പുനരുദ്ധാരണം ഉള്‍പ്പെടെ നടത്താനുള്ള ശ്രമങ്ങളും ആരംഭിച്ചു. സ്‌കൂളിനായുള്ള സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് ഊരാളുങ്കല്‍ സൊസൈറ്റിയെ സമിതി സമീപിച്ചത്. സ്‌കൂള്‍ ഏറ്റെടുക്കണമെന്ന അഭ്യര്‍ത്ഥന സൊസൈറ്റി സ്വീകരിച്ചതോടെ സ്‌കൂള്‍ മാനേജ്‌മെന്റും പിടിഎയും സ്‌കൂള്‍ വികസനസമിതിയും ചേര്‍ന്ന് സ്‌കൂളിന്റെ ഉടമസ്ഥത സൊസൈറ്റിക്കു കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് സൊസൈറ്റി സ്ഥലം വാങ്ങി കെട്ടിടം നിര്‍മ്മിക്കുന്നത്.

എത്രയും വേഗം പണി പൂര്‍ത്തിയാക്കി പുതിയ കെട്ടിടത്തില്‍ സ്‌കൂള്‍ പ്രവര്‍ത്തിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി പറഞ്ഞു. വിദ്യാഭ്യാസരംഗത്തു പുതിയ ദിശാബോധം പകരുന്ന ഒരു മാതൃഭാഷാവിദ്യാലയം വളര്‍ത്തിയെടുക്കുക എന്ന വലിയസ്വപ്നമാണ് മനസിലുള്ളതെന്നും സൊസൈറ്റിയിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും മക്കള്‍ക്ക് പ്രവേശനത്തില്‍ മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in