നിരത്തിലെ നിയമലംഘനം: പിഴയടച്ചില്ലെങ്കില്‍ ഇനി ഇന്‍ഷുറന്‍സ് ഇല്ല; പുതിയ നീക്കവുമായി ഗതാഗത വകുപ്പ്

നിരത്തിലെ നിയമലംഘനം: പിഴയടച്ചില്ലെങ്കില്‍ ഇനി ഇന്‍ഷുറന്‍സ് ഇല്ല; പുതിയ നീക്കവുമായി ഗതാഗത വകുപ്പ്

എംപിമാരുടേത് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ എഐ ക്യാമറയില്‍ കുടുങ്ങിയിട്ടുണ്ടെന്നും 328 സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പിഴ ചുമത്തിയിട്ടുണ്ടെന്നും മന്ത്രി

ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചുതീര്‍ക്കാതെ സംസ്ഥാനത്ത് വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പുതുക്കി നല്‍കേണ്ടെന്ന തീരുമാനം പരിഗണനയിലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇന്‍ഷുറന്‍സ് കമ്പനികളുമായി ഇക്കാര്യം ചര്‍ച്ച നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. നോട്ടീസ് അയച്ചിട്ടും ചിലര്‍ പിഴയടയ്ക്കുന്നില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് പുതിയ നീക്കത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നത്. എ ഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം സംസ്ഥാനത്ത് വാഹനാപകടങ്ങളും അപകമരണങ്ങളും കുറഞ്ഞുവെന്നും എഐ ക്യാമറ അവലോകന യോഗത്തിനു ശേഷം മന്ത്രി വ്യക്തമാക്കി.

എംഎല്‍എ, എംപിമാര്‍ എന്നിവരുടെ വാഹനങ്ങളടക്കം 328 സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പിഴ ചുമത്തി

ജൂണ്‍ 5 മുതല്‍ ഓഗസ്റ്റ് 2 വരെ 32,42,277 നിയമലംഘനം കണ്ടെത്തിയെന്നും 15,83,367 നിയമലംഘനങ്ങള്‍ക്ക് നടപടിയെടുത്തുവെന്നും മന്ത്രി പറഞ്ഞു. 3,82,580 നിയമ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാന്‍ നോട്ടീസ് നല്‍കി. 25 കോടി 81 ലക്ഷം രൂപയുടെ ഇ-ചെലാന്‍ അയച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 2022 ജൂലൈയില്‍ വാഹനാപകടങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം 3,992 ആയിരുന്നുവെന്നും 2023 ജൂലൈയില്‍ ഇത് 3316 ആയി കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. എഐ ക്യാമറ വഴി ലഭിച്ച പിഴയ്‌ക്കെതിരെ ഓണ്‍ലൈന്‍ അപ്പീല്‍ നല്‍കാനുള്ള സംവിധാനം സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആരംഭിക്കും.

പ്രമുഖരുടെ വാഹനങ്ങള്‍ നടത്തുന്ന നിയമം ലംഘിക്കുന്ന വിഐപികളുടെ വാഹനങ്ങളെ പിഴയില്‍ നിന്ന് ഒഴിവാക്കുന്നുവെന്ന ആരോപണം തെറ്റാണെന്നും എംപിമാരുടേത് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ എഐ ക്യാമറയില്‍ കുടുങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എം എല്‍ എ, എം പി വാഹനങ്ങളടക്കം 328 സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പിഴ ചുമത്തിയിട്ടുണ്ട്. 19 എംഎല്‍എമാരും 10 എംപിമാരും നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതായും ചിലര്‍ തുടര്‍ച്ചയായി നിയമലംഘനം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിലേക്ക് പ്രവേശിക്കുന്ന അന്യസംസ്ഥാന വാഹനങ്ങള്‍ക്കും എ ഐ ക്യാമറ വഴിയുള്ള പിഴ ബാധകമാണെന്നും മന്ത്രി വ്യക്തമാക്കി. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഹെവി വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന നിയമം നിര്‍ബന്ധമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Related Stories

No stories found.
logo
The Fourth
www.thefourthnews.in