മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി സി ജോജോ അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി സി ജോജോ അന്തരിച്ചു

തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു രാവിലെയായിരുന്നു അന്ത്യം

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി സി ജോജോ (66) അന്തരിച്ചു. കേരള കൗമുദി മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്റായിരുന്ന അദ്ദേഹം തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു രാവിലെയാണ് അന്തരിച്ചത്.

കേരള കൗമുദിയിൽ സ്പെഷ്യൽ കറസ്പോണ്ടൻ്റായും മെയിൻ സ്ട്രീം, കാരവൻ എന്നീ ഇംഗ്ലിഷ് മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം പ്രസ് ക്ലബ് ഓണററി അംഗമാണ്.

പാമോലിന്‍ അഴിമതി, മതികെട്ടാന്‍ മലയിലെ കയ്യേറ്റം, മുല്ലപ്പെരിയാര്‍ കരാറിലെ വീഴ്ചകള്‍ തുടങ്ങിയ നിരവധി പ്രധാന വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകനാണ്. പാമോയില്‍ അഴിമിതി സംബന്ധിച്ച റിപ്പോര്‍ട്ട് അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്റെ രാജിയിലേക്ക് നയിച്ചിരുന്നു.

മുല്ലപ്പെരിയാര്‍ കരാറിന് നിമയസാധുതയില്ലെന്ന ബി സി ജോജോയുടെ റിപ്പോര്‍ട്ട് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. വിഷയം പരിശോധിക്കാന്‍ നിയമസഭ നിയോഗിച്ച അഡ്‌ഹോക്ക് കമ്മിറ്റിയുടെ കണ്ടെത്തൽ റിപ്പോര്‍ട്ട് ശരിവെക്കുന്നതായിരുന്നു. 'മുല്ലപ്പെരിയാറിലേക്ക് വീണ്ടും' എന്ന ജോജോയുടെ പുസ്തകം ഏറെ ശ്രദ്ധേയമായിരുന്നു.

മെയിൻ സ്ട്രീം, കാരവൻ എന്നിവയിൽ പ്രവർത്തിച്ചശേഷം 1985 ലാണ് കേരളകൗമുദിയിൽ ചേർന്നത്. 2003 മുതൽ 2012 വരെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു. തുടർന്ന് വിൻസോഫ്‌റ്റ് ഡിജിറ്റൽ മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായും ഇന്ത്യാ പോസ്റ്റ് ലൈവിന്റെ സി ഇ ഒ ആയും പ്രവർത്തിച്ചു.

കൊല്ലം മയ്യനാട് സ്വദേശികളായ ഡി ബാലചന്ദ്രൻ- പി ലീലാവതി ദമ്പതികളുടെ മകനായി 1958ലായിരുന്നു ജനനം. ഭാര്യ: ഡോ. ടി കെ സുഷമ, മക്കൾ: ദീപു, സുമി.

മയ്യനാട് ഹൈസ്കൂൾ, കൊല്ലം ശ്രീനാരായണ കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, ഇന്ത്യൻ ഇൻസ്റ്റി‌റ്റ്യൂട്ട് ഒഫ് മാസ് കമ്യൂണിക്കേഷൻ (ന്യൂഡൽഹി) എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

logo
The Fourth
www.thefourthnews.in