വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർത്ഥന്റെ മരണം: ആറ് പേർ കസ്റ്റഡിയില്‍, അറസ്റ്റ് ഉടന്‍

വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർത്ഥന്റെ മരണം: ആറ് പേർ കസ്റ്റഡിയില്‍, അറസ്റ്റ് ഉടന്‍

മരണം കൊലപാതകമാണെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു
Published on

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ ദുരൂഹ മരണത്തില്‍ ആറ് പേർ കസ്റ്റഡിയില്‍. സംഭവുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്യപ്പെട്ട 12 വിദ്യാർഥികളില്‍ ആറ് പേരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരുടെ അറസ്റ്റ് ഉടനുണ്ടായേക്കുമെന്ന് കല്‍പ്പറ്റ ഡിവൈഎസ്‍പി ടി എന്‍ സജീവന്‍ ദ ഫോർത്തിനോട് പറഞ്ഞു.

കൂടുതല്‍ വിദ്യാർഥികള്‍ക്ക് മരണത്തില്‍ പങ്കുള്ളതായും കോളേജ് അധികൃതകരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായും സംശയിക്കുന്നു. ഇതനുസരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിവൈഎസ്‌പി കൂട്ടിച്ചേർത്തു.

അഖിൽ കെ, കാശിനാഥൻ ആർ എസ്, അമീൻ അക്ബർ അലി, അരുൺ കെ, സിൻജോ ജോൺസൺ, ആസിഫ് ഖാൻ എൻ, അമൽ ഇഹ്‌സാൻ, അജയ് ജെ, സൗദ് റിസാൽ ഇ കെ, അൽത്താഫ് എ, ആദിത്യൻ വി, മുഹമ്മദ് ഡാനിഷ് എം എന്നിവരാണ് സസ്പെന്‍ഷനിലായ വിദ്യാർഥികള്‍.

മരണം കൊലപാതകമാണെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. സിദ്ധാര്‍ത്ഥനെ സഹപാഠികളും സീനിയര്‍ വിദ്യാര്‍ഥികളും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. റാഗിങ് നടന്നത് കണ്ടവരുണ്ടെന്നും കോളേജ് അധികൃതരുടെയും ചില വിദ്യാര്‍ഥികളുടെയും ഭീഷണിയെ തുടര്‍ന്നാണ് സാക്ഷികളായ കുട്ടികള്‍ പോലും ഇക്കാര്യം പുറത്തുപറയാത്തതെന്നും സിദ്ധാര്‍ഥന്റെ അച്ഛന്‍ ദ ഫോര്‍ത്തിനോട് പറഞ്ഞിരുന്നു.

സിദ്ധാർത്ഥന്റെ ശരീരത്തില്‍ രണ്ട്, മൂന്ന് ദിവസം പഴക്കമുള്ള മുറിവുകള്‍ പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ കണ്ടെത്തിയിരുന്നു.

വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർത്ഥന്റെ മരണം: ആറ് പേർ കസ്റ്റഡിയില്‍, അറസ്റ്റ് ഉടന്‍
'ബെൽറ്റിന് തല്ലി, വിവസ്ത്രനാക്കി റാഗ് ചെയ്തു;' പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥിയുടെ മരണം കൊലപാതകമെന്ന് കുടുംബം

ഇക്കഴിഞ്ഞ ഫെബ്രുവരി 18നാണ് നെടുമങ്ങാട് സ്വദേശിയായ സിദ്ധാർഥനെ ക്യാമ്പസ്സിലെ ഹോസ്റ്റൽ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ ആത്മഹത്യ ആണെന്ന് കോളേജ് അധികൃതർ വിശദീകരിച്ചെങ്കിലും മരണത്തിൽ ദുരൂഹത ആരോപിച്ച് സിദ്ധാർഥന്റെ കുടുംബം രംഗത്തെത്തിയിരുന്നു. തുടർന്ന് കോളേജ് അധികൃതർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ റാഗിങ് നടന്നതായി കണ്ടെത്തിയിരുന്നു. പിന്നാലെ കോളേജിലെ 12 വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥിയായ തിരുവനന്തപുരം സ്വദേശി സിദ്ധാർത്ഥനെ എസ്എഫ്‌ഐ നേതാക്കളുടെ നേതൃത്വത്തില്‍ തല്ലിക്കൊന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കിയിരുന്നു. കോളേജിലെ ഒരു പരിപാടിയില്‍ ഡാന്‍സ് ചെയ്തതിന്റെ പേരിലാണ് ഇത്തരമൊരു ക്രൂരത നേരിടേണ്ടി വന്നത്. കേരളത്തിലെ ഒരു കോളേജിലാണ് ഇത് സംഭവിച്ചതെന്ന് എല്ലാവരും അറിയണം. ക്രിമനലുകളുടെ സംഘമായി എസ്എഫ്ഐ മാറിക്കഴിഞ്ഞു. സിദ്ധാർഥിന്റെ മരണത്തില്‍ നടപടിയെടുത്തില്ലെങ്കില്‍ പ്രതിഷേധം ഉയരുമെന്നും സതീശന്‍ മുന്നറിയിപ്പ് നല്‍കി.

logo
The Fourth
www.thefourthnews.in