എംഫിലും പിഎച്ച്ഡിയും കഴിഞ്ഞ് വിദേശത്തേയ്ക്ക്;
ചോലനായ്ക്കര്‍ വിഭാഗക്കാരനായ വിനോദിൻ്റെ പഠനഗാഥ

എംഫിലും പിഎച്ച്ഡിയും കഴിഞ്ഞ് വിദേശത്തേയ്ക്ക്; ചോലനായ്ക്കര്‍ വിഭാഗക്കാരനായ വിനോദിൻ്റെ പഠനഗാഥ

ചോലനായ്ക്കര്‍ വിഭാഗത്തില്‍ നിന്ന് രാജ്യത്തിന് പുറത്ത് പോവുന്ന ആദ്യ വ്യക്തിയെന്ന ബഹുമതിയും ഇനി വിനോദിന് സ്വന്തം

ഏഷ്യയില്‍ തന്നെ അവശേഷിക്കുന്ന ഗുഹാവാസികളാണ് ചോലനായ്ക്കര്‍ വിഭാഗം. ഉള്‍വനത്തില്‍ ജനിച്ച് ആ വിഭാഗത്തില്‍ നിന്ന് ആദ്യമായി ബിരുദവും ബിരുദാനന്തര ബിരുദവും എംഫിലും പൂര്‍ത്തിയാക്കിയ വ്യക്തിയാണ് മാഞ്ചിരി മണ്ണള ചെല്ലൻ്റേയും വിജയയുടേയും മകന്‍ വിനോദ്. പുതിയ പാഠങ്ങളുമായി ഇനി വിദേശത്തേയ്ക്കുള്ള യാത്രയ്ക്ക് തയ്യാറെടുക്കുകയാണ് വിനോദിപ്പോള്‍. നോര്‍വേയിലെ ടോമസോ ആര്‍ട്ടിച്ച് സര്‍വകലാശാലയില്‍ 27 മുതല്‍ 31 വരെ നടക്കുന്ന അന്തര്‍ദേശീയ സെമിനാറില്‍ പങ്കെടുക്കാനുള്ള അവസരം ലഭിച്ചിരിക്കുകയാണ് വിനോദിന്. ചോലനായ്ക്കര്‍ വിഭാഗത്തില്‍ നിന്ന് രാജ്യത്തിന് പുറത്ത് പോവുന്ന ആദ്യ വ്യക്തിയെന്ന ബഹുമതിയും ഇതോടെ വിനോദിന് സ്വന്തം.

വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യമോ പുറംലോകത്തേക്കുറിച്ചുള്ള ധാരണയോ ഇല്ലാത്ത ചോലനായ്ക്കര്‍ വിഭാഗത്തില്‍ നിന്നും വിനോദ് അടക്കം മൂന്ന് കുട്ടികളേയും കൊണ്ടാണ് കിര്‍ത്താഡ്സ് ഡയറക്ടറായിരുന്ന എന്‍ വിശ്വനാഥനും സംഘവും അന്ന് കാടിറങ്ങിയത്

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദിവാസി കുട്ടികളെ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാട് കയറിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ട് കുട്ടികള്‍ ഉള്‍വനത്തിലേയ്ക്ക് ഓടി ഒളിച്ചു. വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യമോ പുറംലോകത്തേക്കുറിച്ചുള്ള ധാരണയോ ഇല്ലാത്ത ചോലനായ്ക്കര്‍ വിഭാഗത്തില്‍ നിന്നും വിനോദ് അടക്കം മൂന്ന് കുട്ടികളേയും കൊണ്ടാണ് കിര്‍ത്താഡ്സ് ഡയറക്ടറായിരുന്ന എന്‍ വിശ്വനാഥനും സംഘവും അന്ന് കാടിറങ്ങിയത്. വിനോദ് ഇന്നെത്തി നില്‍ക്കുന്നിടത്തേയ്ക്ക് അവനെ കൊണ്ടെത്തിച്ചതും അന്നത്തെ കാടിറക്കം തന്നെ.

പത്താം തരം ഒന്നാം ക്ലാസോടെ വിജയിച്ച വിനോദ്, നിലമ്പൂരിലെ പാലേമാട് ശ്രീ വിവേകാനന്ദ കോളജിലായിരുന്നു ബിരുദപഠനം നടത്തിയത്, ബിരുദാനന്തര ബിരുദവും കുസാറ്റില്‍ അപ്ലൈഡ് ഇക്കണോമിക്‌സില്‍ എംഫിലും പൂര്‍ത്തിയാക്കി. ചോലനായ്ക്കര്‍, കാട്ടുനായ്ക്കർ ആദിവാസി വിഭാഗങ്ങളെക്കുറിച്ച് ഗവേഷണം നടത്തുകയാണ് ഇപ്പോള്‍. പഠനമേഖലയില്‍ പുതിയ വഴിത്തിരിവുകളിലേയ്ക്കാണ് വിനോദ് ഇനി പ്രവേശിക്കുന്നത്. വിദേശ സന്ദര്‍ശത്തിന് ഭക്ഷണവും യാത്രാ ചിലവുമടക്കം എല്ലാ ചിലവും ആര്‍ട്രിച്ച് സര്‍വകലാശാലയാണ് വഹിക്കുന്നത്. ഉള്‍വനത്തില്‍ നിന്ന് ആരംഭിച്ച തൻ്റെ പഠനവഴികൾ ദ ഫോര്‍ത്തുമായി പങ്കുവയ്ക്കുകയാണ് വിനോദ്.

ഉള്‍വനത്തിലെ ആ കുട്ടിക്കാലമായിരുന്നു ഏറ്റവും പ്രിയപ്പെട്ട സമയം. അതൊരു വേറെ ലോകമാണ് പണമെന്നൊരു സങ്കല്‍പ്പമില്ല, ഒന്നിനേക്കുറിച്ചും ആദിയില്ല, സന്തോഷം മാത്രം

30 ആളുകളോളം ഒരുമിച്ചു താമസിക്കുന്ന ചെമ്മത്തിലെ അളയിലായിരുന്നു ഞാന്‍ താമസിച്ചിരുന്നത് (തുറസ്സായ സ്ഥലത്ത് ഇലകള്‍ വളച്ചു കെട്ടി താമസിക്കുന്നതാണ് ചെമ്മം). ഉള്‍വനത്തിലെ ആ കുട്ടിക്കാലമായിരുന്നു ഏറ്റവും പ്രിയപ്പെട്ട സമയം. അതൊരു വേറെ ലോകമാണ്, പണമെന്നൊരു സങ്കല്‍പ്പമില്ല, ഒന്നിനേക്കുറിച്ചും ആധിയില്ല, സന്തോഷം മാത്രം. (ചെറു പുഞ്ചിരിയോടെ വിനോദ് ഓര്‍ത്തെടുത്തു).

ആദ്യ പാഠം കാടായിരുന്നു. ഒരു പനി വന്നാല്‍പോലും അതിനെ എങ്ങനെ സ്വയം പ്രതിരോധിക്കാമെന്ന് ആദ്യം പഠിപ്പിച്ചത് കാടാണ്. അങ്ങനെയിരിക്കേയാണ് വിശ്വനാഥന്‍ സാര്‍ മക്കിവറാളയിലെത്തുന്നത്. സ്‌കൂളില്‍ ചേര്‍ത്താന്‍ കുട്ടികളുണ്ടോയെന്ന് അന്വേഷിക്കാനായിരുന്നു അദ്ദേഹം കാട്ടിലെത്തിയത്. സാറിനേയും ഒപ്പമുള്ളവരേയും കണ്ടയുടനെ ബാക്കിയുള്ളവരെല്ലാം ഓടി. എന്നേയും എന്റെ ചെറിയമ്മയേയും മാത്രമേ അവര്‍ക്ക് കിട്ടിയുള്ളൂ. അങ്ങനെ ഞങ്ങളേയും കൂട്ടി അവര്‍ കാടിറങ്ങി.

നിയമങ്ങള്‍ക്കനുസരിച്ച് സ്വാതന്ത്ര്യത്തോടെ നടന്നിരുന്ന, നാടിന്റേതായ ഒരു ചിട്ടയും പാലിക്കാതിരുന്ന ജീവിതത്തില്‍ നിന്ന് പുറത്തെത്തിയപ്പോള്‍ ബുദ്ധിമുട്ടുകള്‍ ഒരുപാടുണ്ടായിരുന്നു

അച്ഛന്റെ കൂടെ തേനെടുക്കാന്‍ പോയും മറ്റും കാടിന്റെ നിയമങ്ങള്‍ക്കനുസരിച്ച് സ്വാതന്ത്ര്യത്തോടെ നടന്നിരുന്ന, നാടിന്റേതായ ഒരു ചിട്ടയും ഇല്ലാതിരുന്ന ജീവിതത്തില്‍ നിന്ന് പുറത്തെത്തിയപ്പോള്‍ ബുദ്ധിമുട്ടുകള്‍ ഒരുപാടുണ്ടായിരുന്നു. വിനോദ് ദ ഫോര്‍ത്തിനോട് പറഞ്ഞു.

ഉദാഹരണത്തിന് കാട്ടില്‍ മൂത്രമൊഴിക്കാന്‍ പോവണമെങ്കില്‍ ആരുടേയും അനുവാദം ആവശ്യമില്ലായിരുന്നു എന്നാല്‍ ക്ലാസിലേയ്‌ക്കെത്തിയപ്പോള്‍ മൂത്രമൊഴിക്കാന്‍ പോലും അധ്യാപകന്റെ അനുവാദം വേണ്ടിവന്നു. അതിനോടെല്ലാം പൊരുത്തപ്പെടുകെയെന്നത് പ്രയാസകരമായ കാര്യമായിരുന്നു. അധ്യാപകരുമായി ആശയവിനിമയം നടത്താന്‍ പോലും ഞങ്ങള്‍ക്ക് മറ്റൊരു ഭാഷ അറിയില്ലായിരുന്നു. പഠനത്തിന്റെ തുടക്കകാലത്തെ പ്രയാസം ഭാഷയായിരുന്നു.

കടന്നുപോയ ജീവിതയാത്രയെ വിനോദ് ഓർത്തെടുക്കുന്നു:

''എംഎംആര്‍എസ് മഞ്ചേരിയില്‍ 2001 മുതലാണ് പഠനം ആരംഭിക്കുന്നത് . നിലമ്പൂര്‍ ഐജിഎംഎംആര്‍എസിലും, പത്തനംതിട്ട വടശ്ശേരിക്കര എംആര്‍എസിലുമായി പ്ലസ്ടു വരെ ട്രൈബല്‍ സ്‌കൂളുകളിലായിരുന്നു. തുടര്‍ പഠനത്തിനായി കെ ആര്‍ ഭാസ്‌കര പിള്ള സാർ എന്നെ ദത്തെടുത്തു. എസ്‌വിപികെ കോളേജ് പാലേമാട്, അവിടെയായിരുന്നു എന്റെ ബിരുദ പഠനം. ആ സ്ഥാപനത്തിന്റെ കാര്യദര്‍ശിയായിരുന്നു ഭാസ്‌കര പിള്ള സാർ. അദ്ദേഹം സ്വന്തം വീട്ടില്‍ നിര്‍ത്തിയായിരുന്നു എന്നെ പഠിപ്പിച്ചിരുന്നത്. പിന്നീട് ഒരു ക്യാമ്പസില്‍ പഠിക്കണമെന്ന മോഹവുമായാണ് കുസാറ്റിലെ പ്രവേശന പരീക്ഷ എഴുതുന്നത്. എംഎ അപ്ലൈഡ് എക്കണോമിക്‌സില്‍ അവസരം ലഭിച്ചു. ഇതേ വിഷയത്തില്‍ അവിടെ നിന്നുതന്നെ എംഫിലും പൂര്‍ത്തിയാക്കി. കുസാറ്റില്‍ തന്നെ പികെ ബോബി സാറിന്റെ കീഴില്‍ പിഎച്ച്ഡിയ്ക്കും ജോയിന്‍ ചെയ്തു. സോഷ്യല്‍ ആന്‍ഡ് എക്കണോമിക് ഷിഫ്റ്റ് ഇന്‍ ട്രൈബല്‍ ക്ലാസ് ആന്‍ഡ് വള്‍ണറബിള്‍ ട്രൈബല്‍ ഗ്രൂപ്പ് ഇന്‍ കേരള എന്ന വിഷയത്തിലാണ് പിഎച്ച്ഡി ചെയ്തുകൊണ്ടിരിക്കുന്നത്.''

തുടര്‍ പഠനത്തിനായി കെ ആര്‍ ഭാസ്‌കര പിള്ള സാറ് എന്നെ ദത്തെടുത്തു. അദ്ദേഹം സ്വന്തം വീട്ടില്‍ നിര്‍ത്തിയായിരുന്നു എന്നെ പഠിപ്പിച്ചിരുന്നത്

മുന്നോട്ട് കൊണ്ടുവന്നതില്‍ ഓരോ ഘട്ടത്തിലും ഓരോ ആളുകളുടെ പങ്കുണ്ട്. പ്ലസ്ടു കാലഘട്ടത്തില്‍ ഫസീലാമ്മ,പ്രശാന്ത് സാർ എന്നിവരായിരുന്നു സഹായത്തിനുണ്ടായിരുന്നത്. ഒന്നും അറിയാത്ത, കാടിന് പുറത്തുള്ള ലോകമറിയാത്ത എന്നെ സ്‌കൂളില്‍ കൊണ്ട് പോയിരുന്നതും തിരിച്ച് വീട്ടിലേയ്‌ക്കെത്തിച്ചിരുന്നതെല്ലാം അവരായിരുന്നു.

ഒരു മകനെ പോലെയായിരുന്നു കെ ആര്‍ ഭാസ്‌കരപിള്ള സാറെന്നെ നോക്കിയിരുന്നത്. അദ്ദേഹത്തിലൂടെയാണ് എനിക്ക് സ്വപ്‌നങ്ങളുണ്ടാവുന്നത്. എന്റെ ഈ രണ്ടു കാലഘട്ടത്തിലും ഒരു രക്ഷകര്‍ത്താവായി കൂടെ നിന്നിരുന്നത് ഉണ്ണികൃഷ്ണന്‍ സാറായിരുന്നു. എംഎംആര്‍എസ് മഞ്ചേരിയിലും നിലമ്പൂര്‍ ഐജിഎംഎംആര്‍എസ്‌ലും എന്നെ പഠിപ്പിച്ച മാഷ്. എനിക്ക് അമ്മയും അച്ഛനുമൊക്കെയായിരുന്നു മാഷ്. ഭാസ്‌കര പിള്ളസാറും ഉണ്ണികൃഷ്ണന്‍ സാറുമാണ് എന്റെ പഠന വഴിയിലെ വഴികാട്ടികള്‍- വിനോദ് പറഞ്ഞു.

ഒരു ആഗ്രഹങ്ങളും വച്ച് പുലര്‍ത്താത്ത നാളേയ്ക്ക് സമ്പാദ്യം വേണമെന്ന് ചിന്തിക്കാത്ത, ചെരിപ്പിട്ടു നടന്നാല്‍ അത് ഭൂമിയ്ക്ക് ദോഷം ചെയ്യുമെന്ന് കരുതുന്ന അത്രയ്ക്ക് മനസിന് സൗന്ദര്യമുള്ള ഒരു വിഭാഗമാണ് ചോലനായ്ക്കര്‍

ചേറില് വളരുന്ന താമരപോലെയായിരുന്നു വിനോദ്. പരമാവധി വിദ്യാര്‍ഥികളെ സ്‌കൂളിലെത്തിക്കാന്‍ സാധിച്ചിരുന്നെങ്കിലും കൊഴിഞ്ഞു പൊക്കുകളുടെ ആ കാലത്ത് അവന്‍ പിടിച്ചു നിന്നു, ഇന്നിവിടെ വരെയെത്തി.വിനോദിന്റെ പഠന ജീവിതത്തിലുടനീളം വഴികാട്ടിയായ ഉണ്ണി മാഷ് ദ ഫോര്‍ത്തിനോട് പറഞ്ഞു. ഒരു ആഗ്രഹങ്ങളും വച്ച് പുലര്‍ത്താത്ത, നാളേയ്ക്ക് സമ്പാദ്യം വേണമെന്ന് ചിന്തിക്കാത്ത, ചെരിപ്പിട്ടു നടന്നാല്‍ അത് ഭൂമിയ്ക്ക് ദോഷം ചെയ്യുമെന്ന് കരുതുന്ന, അത്രയ്ക്ക് മനസ്സിന് സൗന്ദര്യമുള്ള ഒരു വിഭാഗമാണ് ചോലനായ്ക്കര്‍. ഈ വിഭാഗത്തില്‍ നിന്ന് ആരും പഠിച്ച് മുന്നോട്ട് വരാനില്ലായിരുന്ന കാലത്താണ് വിനോദ് പഠിച്ചു കയറിയത്. കാട്ടില്‍ സര്‍വ്വ സ്വാതന്ത്ര്യത്തോടെ നടന്നിരുന്നവരെ ഒരു ക്ലാസ്മുറിയിലിരുത്തിയപ്പോള്‍ വാസ്തവത്തില്‍ അതൊരു ജയിലുപോലെയാണ് അവര്‍ക്ക് തോന്നിയിരിക്കുക. കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കിട്ടുന്നു എന്നതുകൊണ്ട് മാത്രമായിരുന്നു മാതാപിതാക്കള്‍ അവരെ സ്‌കൂളിലയക്കാന്‍ തയ്യാറായിരുന്നത്- ഉണ്ണി മാഷ് പറഞ്ഞു.

ഉണ്ണി മാഷ്
ഉണ്ണി മാഷ്ട്രൈബല്‍ സ്കൂള്‍ അധ്യാപകന്‍

കുസാറ്റില്‍ വിനോദിനെ ചേര്‍ത്താനായി പോയ സമയത്തായിരുന്നു എനിക്കേറ്റവും ഹൃദ്യമായ അനുഭവം അവനിലൂടെ ഉണ്ടായത്. അവന്‍ പ്രവേശന പരീക്ഷ എഴുതി, റാങ്ക്ലിസ്റ്റില്‍ പേരു വന്ന ശേഷം, ഡിപ്പാര്‍ട്ട്മെന്റില്‍ പോയതും അവിടെ ചെല്ലുന്ന സമയത്ത് ഇതാരാ അച്ഛനാണോ എന്ന് ഡിപ്പാര്‍ട്മെന്‍റില്‍ നിന്ന് ചോദ്യമുയര്‍ന്നപ്പോള്‍ ഇതെന്റെ 10ാം ക്ലാസില്‍ പഠിപ്പിച്ച മാഷാണെന്നായിരുന്നു അവന്റെ മറുപടി. ആ ഡിപാര്‍ട്ട്മെന്റിലെ എച്ച്ഒഡി അടക്കം മുഴുവന്‍ പേരേയും വിളിച്ചുവരുത്തി അവര്‍ ഞങ്ങള്‍ക്ക് തന്ന സ്വീകരണത്തില്‍ കണ്ണു നിറഞ്ഞു പോയി. അന്ന് ഞാന്‍ അനുഭവിച്ച സന്തോഷത്തിന് കണക്കില്ല- ഉണ്ണിമാഷ് ഓര്‍ത്തെടുത്തു.

ആ ഡിപാര്‍ട്ട്മെന്റിലെ എച്ച്ഒഡി അടക്കം മുഴുവന്‍ പേരേയും വിളിച്ചുവരുത്തി. അവര്‍ ഞങ്ങള്‍ക്ക് തന്ന സ്വീകരണത്തില്‍ കണ്ണു നിറഞ്ഞു പോയി. അന്ന് ഞാന്‍ അനുഭവിച്ച സന്തോഷത്തിന് ഒരു കണക്കുമില്ല

ഞാനും വിനോദും ഒരുമിച്ചാണ് ആര്‍ട്ടിച്ച് സര്‍വകലാശാലയിലേയ്ക്ക് പോകുന്നത്. ഇത് വിനോദിന്‍റെ ജീവിതത്തിലെ ഒരു വഴിത്തിരിവാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിനോദിന്റെ യാത്രയ്ക്ക് അവസരമൊരുക്കിയ ഡോ.സീത കക്കോത്ത് ദ ഫോര്‍ത്തിനോട് പറഞ്ഞു. എന്തുകാര്യവും പറഞ്ഞാല്‍ അത് ഗംഭീരമായി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്ന കുട്ടിയാണ് വിനോദ്. വിദേശത്തേയ്ക്കുള്ള യാത്രയ്ക്ക് ടോമസോ ആര്‍ട്ടിച്ച് സര്‍വകലാശാലയില്‍ നിന്നും ഇങ്ങനൊരു ക്ഷണം ലഭിച്ചപ്പോള്‍ ആദ്യം ഓര്‍മ വന്നത് വിനോദിനേയാണ്. കാര്യം അവതരിപ്പിച്ചപ്പോള്‍ വലിയ താല്‍പര്യമുണ്ടെന്നായിരുന്നു പറഞ്ഞത്. താന്‍ ചോലനായ്ക്കനാണെന്ന് പറയാന്‍ വിനോദിന് ഒരു മടിയുമില്ല. ഉന്നത വിദ്യാഭ്യാസം ലഭിച്ചു കഴിഞ്ഞാല്‍ സാധാരണ കാട്ടില്‍ പോവാനൊന്നും ആരും തയ്യാറാവാറില്ല. വിനോദ് പക്ഷേ വളരെ വ്യത്യസ്തനാണ്, അവന്‍ ഇപ്പോഴും അച്ഛനോടൊപ്പം തേന്‍ ശേഖരിക്കാന്‍ പോവാറുണ്ട്. ഇപ്പോഴും കാട്ടിലെ തന്‍റെ ആളുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു- നരവംശ ശാസ്ത്രജ്ഞയായ സീത കക്കോത്ത് പറഞ്ഞു.

ടോമസോ ആര്‍ട്ടിച്ച് സര്‍വകലാശാലയില്‍ നിന്നും ഇങ്ങനെയൊരു ക്ഷണം ലഭിച്ചപ്പോള്‍ ആദ്യം ഓര്‍മ വന്നത് വിനോദിനെയാണ്

നിലവില്‍ പിഎച്ച്ഡി ചെയ്തുകൊണ്ടിരിക്കുന്ന വിനോദ്, ചോല നായ്ക്കര്‍ വിഭാഗത്തിലെ കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നതിനും സമയം കണ്ടെത്താറുണ്ട്. പങ്കാളി സുമിത്രയ്ക്കൊപ്പം, അച്ഛനും അമ്മയും അഞ്ച് അനിയത്തിമാരും രണ്ട് ഏട്ടന്‍മാരും അടക്കം എട്ട് സഹോദരങ്ങളുമടങ്ങിയതാണ് വിനോദിന്റെ കുടുംബം. മാഞ്ചേരി കോളനി പാണപ്പുഴ സെറ്റില്‍മെന്റിലാണ് താമസിക്കുന്നത്.

logo
The Fourth
www.thefourthnews.in