രണ്ട് പകലും രണ്ട് രാത്രിയും നീണ്ട ദൗത്യം; കിണറിടിഞ്ഞ് അപകടത്തില്‍പ്പെട്ട മഹാരാജന്റെ മൃതദേഹം പുറത്തെടുത്തു

രണ്ട് പകലും രണ്ട് രാത്രിയും നീണ്ട ദൗത്യം; കിണറിടിഞ്ഞ് അപകടത്തില്‍പ്പെട്ട മഹാരാജന്റെ മൃതദേഹം പുറത്തെടുത്തു

മരിച്ചത് തമിഴ്നാട് പാര്‍വതിപുരം സ്വദേശി മഹാരാജന്‍ (55)

തിരുവനന്തപുരം വിഴിഞ്ഞത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ റിങ് ഇളകിവീണ് മണ്ണിനടിയില്‍പ്പെട്ട തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു. നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ നീണ്ട ദൗത്യത്തിന് ഒടുവിലാണ് തമിഴ്നാട് പാര്‍വതിപുരം സ്വദേശി മഹാരാജന്റെ (55) മൃതദേഹം കിണറില്‍ നിന്നും പുറത്തെടുത്തത്. അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ പോലീസിന്റെയും ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തിലായിരുന്നു രക്ഷാ ദൗത്യം. കൊല്ലത്ത് നിന്ന് എത്തിച്ച കിണറുപണിക്കാരുടെ വിദഗ്ദ സംഘവും സ്ഥലത്തുണ്ട്.

കിണറ്റിലെ ഉറവയും, മണ്ണിടിച്ചിലും ദൗത്യം വൈകാന്‍ ഇടയാക്കി

ശനിയാഴ്ച രാവിലെ 9.30ഓടെയാണ് മഹാരാജന്‍ ജോലിക്കിടെ മണ്ണിടിഞ്ഞ് 90 അടിയോളം താഴ്ചയുള്ള കിണറിനുള്ളില്‍ അകപ്പെട്ടത്. ഇന്നലെ വൈകീട്ടോടെ മഹാരാജന്റെ കൈപ്പത്തി കാണുന്ന തരത്തില്‍ മണ്ണ് മാറ്റാനായെങ്കിലും കിണറ്റിലെ ഉറവയും, മണ്ണിടിച്ചിലും ദൗത്യം വൈകാന്‍ ഇടയാക്കി. തുടര്‍ന്ന് മണ്ണിടിച്ചില്‍ തടയാന്‍ വശങ്ങളില്‍ മരപ്പലകകള്‍ നിരത്തി സുരക്ഷിതമാക്കിയാണ് രക്ഷാ പ്രവര്‍ത്തനം പുരോഗമിച്ചത്.

ശനിയാഴ്ച രാവിലെയാണ് മുക്കോല പീച്ചോട്ടുകോണം റോഡിനു സമീപത്തെ വീട്ടിലെ കിണറില്‍ അപകടം ഉണ്ടായത്. പമ്പ് ഉപയോഗിച്ച് കിണറ്റിലെ വെള്ളം വറ്റിച്ച ശേഷം കിണറ്റിലേക്ക് ഇറങ്ങി മണ്ണ് നീക്കം ചെയ്യുന്നതിനിടെ ആയിരുന്നു അപകടം. മണ്ണ് നീക്കം ചെയ്യുന്നതിനിടെ ചെറിയ തോതില്‍ മണ്ണിടിച്ചില്‍ ശ്രദ്ധയില്‍പ്പെട്ടു. തിരികെ കയറാന്‍ തുടങ്ങിയ മഹാരാജന്റെ ദേഹത്തേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. കിണറിന്റെ മധ്യഭാഗത്തായി പുതിയ ഉറകള്‍ക്കു താഴെയുണ്ടായിരുന്ന പഴയ കോണ്‍ക്രീറ്റ് ഉറ തകര്‍ത്ത് മണ്ണും വെള്ളവും ഇടിഞ്ഞുവീഴുകയായിരുന്നു. 15 അടിയോളം ഉയരത്തില്‍ മഹാരാജന്റെ ദേഹത്തേക്ക് മണ്ണ് ഇടിഞ്ഞു വീണിരുന്നു.

logo
The Fourth
www.thefourthnews.in