'ശാസ്ത്രത്തിനുപകരം
മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു'; സ്പീക്കര്‍ പറഞ്ഞതെന്ത്? സംഘപരിവാറും എൻഎസ്എസും കേട്ടതെന്ത്?

'ശാസ്ത്രത്തിനുപകരം മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു'; സ്പീക്കര്‍ പറഞ്ഞതെന്ത്? സംഘപരിവാറും എൻഎസ്എസും കേട്ടതെന്ത്?

എന്‍എസ്എസിനെ പിന്തുണച്ച് എസ്എന്‍ഡിപി അടക്കമുള്ള സംഘടനകളും ബിജെപിയും പ്രത്യക്ഷത്തില്‍ രംഗത്തെത്തുമ്പോള്‍ സ്പീക്കര്‍ തിരുത്താന്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെടുന്നു

ശാസ്ത്രബോധം പ്രോത്സാഹിപ്പിക്കണമെന്ന സ്പീക്കര്‍ എ എന്‍ ഷംസീറിന്‌റെ പ്രസംഗം വിശ്വാസത്തിനെതിരാണെന്ന തരത്തിൽ വിവാദമാക്കുകയാണ് സംഘപരിവാറും എന്‍എസ്എസും. ലോകത്തെ ആദ്യ പ്ലാസ്റ്റിക് സര്‍ജറി നടന്നത് ഗണപതിക്കെന്ന രീതിയിലുള്ള ഹിന്ദുത്വം അടിച്ചേൽപ്പിക്കുന്ന വ്യാഖ്യാനങ്ങൾക്ക് പകരം വിദ്യാഭ്യാസ മേഖലയില്‍ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണമെന്ന ഷംസീറിന്റെ വാക്കുകളാണ് ഹൈന്ദവവിരുദ്ധമെന്നും വിശ്വാസത്തെ വ്രണപ്പെടുത്തുന്നതെന്നും കാട്ടി വിവാദമാക്കുന്നത്. സ്പീക്കർക്കെതിരെ സംഘപരിവാർ തുടങ്ങിവച്ച പ്രചാരണം ഏറ്റെടുത്ത എന്‍എസ്എസിനെ പിന്തുണച്ച് എസ്എന്‍ഡിപി അടക്കമുള്ള സംഘടനകളും രംഗത്തെത്തിക്കഴിഞ്ഞു. ഷംസീർ തിരുത്താന്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെടുന്നു.

പുഷ്പക വിമാനമാണ് ആദ്യ വിമാനമെന്നും ഗണപതിയാണ് പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനായ ആദ്യവ്യക്തിയെന്നുമുള്ള സംഘപരിവാര്‍ പരിഭാഷകള്‍ പൊതുമധ്യത്തില്‍ ഏറ്റുപറഞ്ഞവരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിവരെയുണ്ട്. വിശ്വാസങ്ങളും മിത്തുകളുമായി കണക്കാക്കപ്പെടുന്ന ഇത്തരം കാര്യങ്ങൾ 'ഇന്ത്യയുടെ കണ്ടുപിടിത്തങ്ങളായി' ശാസ്ത്രസമൂഹത്തിൽ പോലും സ്ഥാപിക്കപ്പെടുന്ന പശ്ചാത്തലം ചൂണ്ടിക്കാട്ടിയായിരുന്നു എറണാകുളം കുന്നത്തുനാട് മണ്ഡലത്തിലെ വിദ്യാജ്യോതി പദ്ധതി ചടങ്ങിൽ ഷംസീറിന്റെ പ്രസംഗം. മിത്തുകളെ കൂട്ടുപിടിച്ചുകൊണ്ടുള്ള ആഖ്യാനങ്ങള്‍ ഒഴിവാക്കേണ്ടതാണെന്നും പകരം ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണമെന്നുമായിരുന്നു ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി ഷംസീര്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചത്. യഥാര്‍ഥത്തില്‍ സ്പീക്കര്‍ പറഞ്ഞതെന്താണ്?

പ്രസംഗത്തിലെ വിവാദമായ ഭാഗത്തിന്‌റെ പൂര്‍ണരൂപം ഇങ്ങനെ :

'' നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ സയന്‍സിനെ പ്രൊമോട്ട് ചെയ്യണം. സയന്‍സിനെ പ്രൊമോട്ട് ചെയ്യണമെന്ന് പറയാന്‍ കാരണമെന്താ..ഇന്ന് കാണുന്ന എല്ലാ പ്രശ്‌നങ്ങളുടെയും പരിഹാരം സയന്‍സിനെ പ്രൊമോട്ട് ചെയ്യല്‍ മാത്രമാണ്. എന്തൊക്കെയാണ് പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്. വിമാനം കണ്ടു പിടിച്ചതാരാണ്, എന്റെ കാലത്ത് ഉത്തരം റൈറ്റ് ബ്രദേഴ്‌സ് എന്നായിരുന്നു. ഇപ്പൊ റൈറ്റ് ബ്രദേഴ്‌സ് അല്ല. അത് തെറ്റാണ്, വിമാനം കണ്ടുപിടിച്ചത് ഹിന്ദുത്വ കാലത്താണ്, ലോകത്തെ ആദ്യത്തെ വിമാനം പുഷ്പക വിമാനമാണ്. ടെക്‌നോജി നിങ്ങള്‍ ആലോചിക്കണം. ശാസ്ത്രസാങ്കേതികരംഗം വികാസം പ്രാപിക്കുന്നുവെന്ന് മാത്രമല്ല, സയന്‍സിനെ മിത്തുകള്‍ കൊണ്ട് റീപ്ലേസ് ചെയ്യുന്നു. പാഠപുസ്തകത്തിനകത്ത് ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു. അതിന്റെ ഭാഗമാണ്, വിമാനം കണ്ടുപിടിച്ചതാര് എന്ന ചോദ്യത്തിന് റൈറ്റ് ബ്രദേഴ്‌സ് എന്ന് ഉത്തരമെഴുതിയാല്‍ തെറ്റാകുന്നതും ഹിന്ദുത്വ കാലം എന്നെഴുതിയാല്‍ ശരിയാകുന്നതും.

ഇന്‍ഫെര്‍ട്ടിലിറ്റി ചികിത്സയുടെ പ്രത്യേകത ചിലപ്പോള്‍ ട്വിന്‍സ് ഉണ്ടാകും, ചിലപ്പോള്‍ ട്രിപ്ള്‍സ് ഉണ്ടാകും. അത് അതിന്റെ പ്രത്യേകതയാണ്. അപ്പോള്‍ അവര്‍ പറയുന്നു ഇത് നേരത്തെ ഉള്ളതാ. ഇതൊന്നും ഇപ്പോള്‍ ഉണ്ടായതല്ല. അതാണ് കൗരവപ്പട. കൗരവപ്പടയുണ്ടായത് ഈ ഇന്‍ഫെര്‍ട്ടിലിറ്റി ട്രീറ്റ്‌മെന്റിലൂടെയാണ്. ഇങ്ങനെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നു.

പിന്നെ മെഡിക്കല്‍സയന്‍സ് കൂടുതല്‍ കൂടുതല്‍ മൈക്രോ ആയി. സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി ആയി. പ്ലാസ്റ്റിക് സര്‍ജറി എന്നാല്‍ ചിലര്‍ക്ക് പരുക്ക് പറ്റിക്കൊണ്ട് വന്നാല്‍, ചില പെണ്‍കുട്ടികളുടെ മുഖത്തൊക്കെ, ഡോക്ടര്‍മാര്‍ ചോദിക്കും, അല്ല നോര്‍മല്‍ സ്റ്റിച്ചിങ് വേണോ പ്ലാസ്റ്റിക് സ്റ്റിച്ചിങ്് വേണോ? കാരണം മുഖത്ത് കല വന്നാല്‍ അത് അവിടെ തന്നെ നില്‍ക്കുമല്ലോ. പ്രത്യേകിച്ച് സൗന്ദര്യത്തെ ബാധിക്കുന്ന, സൗന്ദര്യത്തെക്കുറിച്ച് കോണ്‍ഷ്യസ് ആകുന്ന ഒരു തലമുറയോട് സ്വാഭാവികമായും ചോദിക്കും, നിങ്ങള്‍ക്ക് പ്ലാസ്റ്റിക് സര്‍ജറി നടത്തുന്നോ?

പ്ലാസ്റ്റിക് സര്‍ജറി മെഡിക്കല്‍ സയന്‍സില്‍ ഒരു പുതിയ കണ്ടുപിടിത്തമാണ്. ഇവിടെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് പ്ലാസ്റ്റിക് സര്‍ജറി നേരത്തെ, ഹിന്ദുത്വ കാലത്തേയുള്ളതാണ്. ഹു വാസ് ദി ഫസ്റ്റ് പ്ലാസ്റ്റിക് സര്‍ജറി ബേബി, മനുഷ്യന്റെ ശരീരവും ആനയുടെ മുഖവുമുള്ള ഗണപതിയാണ്. ഇങ്ങനെയുള്ള സയന്‍സിന്റെ സ്ഥാനത്ത് ശാസ്ത്രത്തിന്റെ സ്ഥാനത്ത് മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു. ഇവിടെ സയന്‍സിനെ നമുക്ക് പ്രൊമോട്ട് ചെയ്യാന്‍ സാധിക്കണം. സെക്കുലര്‍ വിദ്യാഭ്യാസത്തിനായിരിക്കണം നമ്മുടെ ഊന്നല്‍.''

സ്പീക്കറുടെ ഈ പരാമർശം മുൻനിർത്തിയാണ് ശബരിമല പ്രക്ഷോഭത്തിന് സമാനമായ പ്രതിഷേധം ഉയർത്തുമെന്ന് എൻഎസ്എസ് ഭീഷണി മുഴക്കുന്നത്. സമരത്തിന് പൂർണപിന്തുണയുമായി ബിജെപിയും രംഗത്തെത്തി. ശാസ്ത്രവും വിശ്വാസവും കൂട്ടിക്കുഴയ്ക്കരുതെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കോൺഗ്രസ് ഏതുപക്ഷത്തെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.

logo
The Fourth
www.thefourthnews.in