മഹാരാജാസ്  കോളേജിലെ പോസ്റ്റർ
മഹാരാജാസ് കോളേജിലെ പോസ്റ്റർ

ഒന്നിന് പിന്നാലെ ഒന്ന്; മഹാരാജാസിലെ എസ്എഫ്‌ഐ-കെഎസ്‌യു പോസ്റ്റര്‍പോര് അവസാനിക്കുന്നില്ല

രാഷ്ട്രീയ വൈര്യത്തെ കായികമായി നേരിടാതെ ആശയങ്ങള്‍ കൊണ്ട് നേരിടുന്ന മഹാരാജാസ് മാതൃക സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ്

എസ്എഫ്‌ഐയെ നിരോധിക്കണമെന്ന് ഹൈബി ഈഡന്‍ എംപി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടതിന് പിന്നാലെ എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐയും കെഎസ്‌യുവും തമ്മില്‍ ബാനര്‍ പോര്. രാഷ്ട്രീയ വൈരത്തെ കായികമായി നേരിടാതെ ക്രിയാത്മകമായ രീതിയില്‍ പോസ്റ്ററുകളിലൂടെ വിദ്യാര്‍ത്ഥി സംഘടനകള്‍ പരസ്പരം പോരടിക്കുന്നത് കൗതുകമായി മാറിയിരിക്കുകയാണ്.

കഥയിങ്ങനെ

ഓഗസ്റ്റ് അഞ്ചിനാണ് എംപി ഹൈബി ഈഡന്‍ പാര്‍ലമെന്റില്‍ എസ്എഫ്‌ഐയെ നിരോധിക്കണമെന്നാവശ്യം ഉന്നയിച്ചത്. പിന്നാലെ ഹൈബി ഈഡന്‍ എംപിയ്ക്ക് മറുപടിയുമായി എസ്എഫ്‌ഐ രംഗത്തെത്തി. "ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല, പിന്നല്ലേ ഈഡന്" ഇതായിരുന്നു എസ്എഫ്‌ഐയുടെ ആദ്യ ബാനര്‍.

ഒരു ദിവസത്തെ ഇടവേളയില്‍ "ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനും" എന്ന് കെഎസ്‌യുവിന്റെ മറുപടി ബാനര്‍ ഉയര്‍ന്നു. പിന്നാലെ "അതേ, ജനഹൃദയങ്ങളിലുണ്ട് അടിയന്തരാവസ്ഥയുടെ നെറികേടുകളിലൂടെ" എസ്എഫ്‌ഐ വീണ്ടും ആഞ്ഞടിച്ചു. ഇതിന് കെ.എസ്.യുവിന്റെ മറുപടി "വര്‍ഗ്ഗീയതയും കമ്മ്യൂണിസ്റ്റും ഒരുമിച്ചിട്ടും ഇന്ത്യ പറഞ്ഞത് INDIA is INDIRA INDIRA is INDIA" എന്നായിരുന്നു.

ഇതിനു മറുപടിയായി കെഎസ്‌യു ഉയര്‍ത്തിയ ബാനറുകള്‍ പരിശോധിച്ചാല്‍ പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് അവര്‍ ഓരോ തവണയും പറയുന്നത്.കേരളത്തിലെ എല്ലാ ക്യാമ്പസുകളിലും സംഘടനാസ്വാതന്ത്ര്യം അനുവദിക്കുന്ന ഒരു സംഘടനയാണ് എസ്എഫ്‌ഐ. വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് അവരുടെ ആശയങ്ങള്‍ പറയാം അതിന് ഞങ്ങള്‍ എതിരല്ല - എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി അതുല്‍ വ്യക്തമാക്കി.

എന്നാല്‍ എസ് എഫ് ഐ നിലപാട് തള്ളുന്ന തരത്തിലാണ് കെ എസ് യുവിന്റെ പ്രതികരണം. തിരുവനന്തപുരം ലോ കോളജില്‍ വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് ഹൈബി ഈഡന്‍ പാര്‍ലമെന്റില്‍ വിഷയം അവതരിപ്പിച്ചത്. ക്യാമ്പസില്‍ സംഘടനാ സ്വാതന്ത്ര്യം പോലും അനുവദിക്കാതെ വനിതകള്‍ ഉള്‍പ്പെടെയുള്ള ഇതര സംഘടന പ്രവര്‍ത്തകരെ നിരന്തരമായി ആക്രമിക്കുന്ന സാഹചര്യത്തിലാണ് സംഘടനയെ നിരോധിക്കണമെന്ന് എം പി ആവശ്യപ്പെട്ടതെന്ന് കെ എസ് യു യൂണിറ്റ് പ്രസിഡന്റ് അതുല്‍ പറഞ്ഞു.

ആശയത്തെ ആശയം കൊണ്ട് നേരിടാനാണ് കെ എസ് യു ശ്രമിക്കുന്നത് എസ്എഫ്‌ഐ ചെയ്യുന്നതുപോലെ ആശയത്തെ അക്രമം കൊണ്ട് നേരിടാന്‍ ആഗ്രഹിക്കുന്നില്ല. കെ എസ് യു ഉയര്‍ത്തിയ ബാനര്‍ കേരളം മുഴുവന്‍ ചര്‍ച്ചയായതു കൊണ്ട് മാത്രമാണ് പതിവില്‍ നിന്നും വിപരീതമായി എസ്എഫ്‌ഐ അവ നശിപ്പിക്കാതിരുന്നത്. എതിര്‍ സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നു എന്ന് എസ്എഫ്‌ഐ പറയുമ്പോഴും മഹാരാജാസ് പോലെ ഒരു ക്യാമ്പസില്‍ ഒരു കെ എസ് യു ക്കാരന്‍ സംഘടനാ പ്രവര്‍ത്തനം നടത്തുന്നതിന് നിരവധി പ്രതിസന്ധികള്‍ നേരിടുന്നുണ്ടെന്ന് അതുല്‍ ചൂണ്ടികാണിച്ചു.

എന്തായാലും രാഷ്ട്രീയ വൈര്യത്തെ കായികമായി നേരിടാതെ ആശയങ്ങള്‍ കൊണ്ട് നേരിടുന്ന മഹാരാജാസ് മാതൃക സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. കെ എസ് യുവിന്റെ പോസ്റ്ററിന് എന്ത് മറുപടിയായിരിക്കും എസ് എഫ് ഐ നല്‍കുകയെന്ന് ആകാംക്ഷയും സമൂഹമാധ്യമങ്ങളില്‍ കാണാം.

logo
The Fourth
www.thefourthnews.in