നിമിഷപ്രിയയ്ക്ക് യെമനില്‍ വധശിക്ഷ ലഭിച്ചത് എങ്ങനെ? അപ്പീല്‍ തള്ളിയതോടെ ഇനി എന്താണ് പോംവഴി?

നിമിഷപ്രിയയ്ക്ക് യെമനില്‍ വധശിക്ഷ ലഭിച്ചത് എങ്ങനെ? അപ്പീല്‍ തള്ളിയതോടെ ഇനി എന്താണ് പോംവഴി?

യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 2017 ഓഗസ്റ്റിലാണ് നിമിഷയെ യെമന്‍ പോലീസ് അറസ്റ്റ് ചെയ്തത്

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയായ മലയാളി നിമിഷപ്രിയ നല്‍കിയ അപ്പീല്‍ യെമനിലെ സുപ്രീം കോടതി തള്ളിയതായി കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വധശിക്ഷ ഒഴിവാക്കാന്‍ ഇനി രണ്ട് മാര്‍ഗം മാത്രമേ നിമിഷയുടെ മുന്നില്‍ അവശേഷിക്കുന്നുള്ളൂ. ഇതുസംബന്ധിച്ച കാര്യങ്ങള്‍ക്കായി യെമനിലേക്ക് പോകാന്‍ നിമിഷയുടെ അമ്മ നല്‍കിയ ഹര്‍ജിയില്‍ അപേക്ഷ കേന്ദ്രത്തിന് സമര്‍പ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു. ഹര്‍ജി ലഭിച്ചാല്‍ ഏഴ് ദിവസത്തിനുള്ളില്‍ കേന്ദ്രം ഇതില്‍ തീരുമാനമെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

സ്വന്തം ഉത്തരവാദിത്വത്തില്‍ നിമിഷയുടെ അമ്മ പ്രേമകുമാരി യെമനില്‍ പോകുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വാക്കാല്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ആരൊക്കെ യെമനിലേക്ക് കൂടെപ്പോകുമെന്നത് വിശദമായി രണ്ട് ദിവസത്തിനകം കേന്ദ്രത്തെ അറിയിക്കാന്‍ കോടതി പ്രേമകുമാരിക്ക് നിര്‍ദേശം നല്‍കി. നിമിഷപ്രിയയുടെ കാര്യത്തിൽ ആവശ്യമായ നയതന്ത്ര സഹായങ്ങൾ എല്ലാം നൽകുമെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്.

വധശിക്ഷയ്‌ക്കെതിരെ നിമിഷപ്രിയ നല്‍കിയ അപ്പീല്‍ നവംബര്‍ 13-ന് യെമന്‍ സുപ്രീംകോടതി തള്ളിയെന്നാണ് തങ്ങള്‍ക്ക് ലഭിച്ച വിവരമെന്ന് കേന്ദ്രം വാക്കാല്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. അപ്പീല്‍ തള്ളിയത് അപ്രതീക്ഷിതമെന്നാണ് നിമിഷയുടെ അമ്മ പ്രേമകുമാരി പ്രതികരിച്ചത്. അപ്പീല്‍ തള്ളിയതോടെ നിമിഷപ്രിയയ്ക്കുമുന്നില്‍ നിയമവഴി പൂര്‍ണമായി അടഞ്ഞിരിക്കുകയാണ്. എന്നാല്‍ നിമിഷയ്ക്കും അമ്മയ്ക്കും പ്രതീക്ഷ നല്‍കുന്ന ചില കാര്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്‌. അവ എന്താണെന്ന് പരിശോധിക്കാം.

നിമിഷപ്രിയയ്ക്ക് യെമനില്‍ വധശിക്ഷ ലഭിച്ചത് എങ്ങനെ? അപ്പീല്‍ തള്ളിയതോടെ ഇനി എന്താണ് പോംവഴി?
വധശിക്ഷയ്‌ക്കെതിരായ നിമിഷപ്രിയയുടെ അപ്പീല്‍ യെമന്‍ സുപ്രീംകോടതി തള്ളി; ഇനി 'ആശ്രയം' പ്രസിഡന്റ് മാത്രം

യെമന്‍ വധശിക്ഷാ നിയമം

മകളും പ്രായമായ അമ്മയും നാട്ടിലുണ്ടെന്ന് കാണിച്ചാണ് നിമിഷ യെമനിലെ സുപ്രീംകോടതിയെ കോടതിയെ സമീപിച്ചത്. എന്നാല്‍ നിമിഷയുടെ അപ്പീല്‍ കോടതി തള്ളി എന്നാണ് കേന്ദ്രത്തിന് ലഭിച്ച വിവരം. ഭര്‍ത്താവ് ടോമി തോമസും മകളും അമ്മ പ്രേമകുമാരിയുമാണ് നിമിഷയുടെ മോചനത്തിനായി ശ്രമം നടത്തുന്നത്.

സുപ്രീംകോടതി ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ നിമിഷയുടെ കുടുംബത്തിന് മുന്നില്‍ രണ്ട് സാധ്യതകളാണുള്ളത്. ദയാഹര്‍ജിയുമായി യെമന്‍ പ്രസിഡന്റ് റാഷദ് അല്‍ അലിമിയെ സമീപിക്കുകയെന്നാണ് ഇതിലൊന്ന്. യെമനില്‍ ശരിയത്ത് നിയമമാണ് പിന്തുടരുന്നത്. ഇതുപ്രകാരം എല്ലാ വധശിക്ഷകളും നടപ്പാക്കും മുന്‍പ് പ്രസിഡന്റ് ശരിവെക്കേണ്ടതുണ്ട്. വാദിഭാഗത്തിന്റെ കടുത്ത സമ്മര്‍ദ്ദത്തെ മറികടന്നും പ്രസിഡന്റ് വധശിക്ഷ ഒഴിവാക്കിയ സംഭവങ്ങള്‍ യെമനിലുണ്ടായിട്ടുണ്ടെന്നാണ് പത്രവാര്‍ത്തകളില്‍നിന്ന് മനസ്സിലാക്കുന്നത്. ഈ വഴി മോചനം നേടാനാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിമിഷയുടെ കുടുംബത്തിന് നല്‍കുന്ന ഉപദേശം.

രണ്ടാമത്തേത് യെമനില്‍ ഏറ്റവും കൂടുതല്‍ കണ്ട് വരുന്ന രീതിയാണ് ബ്ലഡ് മണി അധവാ ദയാധനം നല്‍കി വധശിക്ഷ ഒഴിവാക്കുന്നതാണ്. ഇതിന് കൊല്ലപ്പെട്ട തലാലിന്റെ ബന്ധുക്കള്‍ തയാാറാണെന്ന് ജയില്‍ അധികൃതര്‍ നിമിഷയുടെ കുടുംബത്തെ അറിയിച്ചിരുന്നു. 50 ദശലക്ഷം റിയാലാണ് തലാലിന്റെ ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. അതായത് ഏകദേശം ഒന്നരക്കോടി ഇന്ത്യന്‍ രൂപ.

എന്താണ് കേസ്?

പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയാണ് നിമിഷ. യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 2017 ഓഗസ്റ്റിലാണ് നിമിഷയെ യെമന്‍ പോലീസ് അറസ്റ്റ് ചെയ്തത്. നിമിഷയ്‌ക്കൊപ്പം ക്ലിനിക്ക് നടത്തുകയായിരുന്ന ഇയാളെ നിമിഷയും കൂട്ടുകാരി ഹനാനും ചേര്‍ന്ന് മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചുവെന്നാണ് കേസ്. ജൂലൈ 25നായിരുന്നു സംഭവം. ദിവസങ്ങള്‍ പിന്നിട്ടതോടെ ടാങ്കില്‍നിന്ന് ദുര്‍ഗന്ധം വമിച്ചു. ഇതോടെ പ്രദേശവാസികള്‍ പോലീസിനെ അറിയിച്ചു. തുടര്‍ന്നാണ് കൊലപാതകം പുറത്തായത്.

യെമനില്‍ വെല്‍ഡറായി ജോലി ചെയ്തിരുന്ന നിമിഷയുടെ ഭര്‍ത്താവ് ടോമി തോമസ് മകളെയും കൂട്ടി 2014ല്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനുശേഷമാണ് നിമിഷ തലാല്‍ അബ്ദു മഹ്ദിയെ പരിചയപ്പെട്ടതും ക്ലിനിക്ക് തുടങ്ങാന്‍ ലൈസന്‍സിന് ഇയാളുടെ സഹായം തേടിയതും. ക്ലിനിക്കില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ പകുതി വേണമെന്ന് തലാല്‍ അബ്ദു മഹ്ദി ആവശ്യപ്പെട്ടതോടെയാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായതും കൊലപാതകത്തിലേക്ക് നയിച്ചതും.

2018ല്‍ യമനിലെ വിചാരണക്കോടതിയാണ് നിമിഷയെ വധശിക്ഷയ്ക്ക് വിധിച്ചത്. തനിക്ക് നിയമസഹായം ലഭിച്ചില്ലെന്ന് കാണിച്ച് അന്ന് നിമിഷ കോടതിയില്‍ അപ്പീല്‍ നല്‍കി. തലാല്‍ തന്നെ ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്നും സ്വയംരക്ഷയുടെ ഭാഗമായാണ് കൊലപ്പെടുത്തിയതെന്നും കോടതിയെ അറിയിച്ചു. എന്നാല്‍ ഹര്‍ജി കോടതി തള്ളി. യെമന്‍ തലസ്ഥാനമായ സനയിലെ ജയിലിലാണ് നിലവില്‍ നിമിഷപ്രിയ കഴിയുന്നത്.

logo
The Fourth
www.thefourthnews.in