കാലിക്കറ്റ് സർവകലാശാല: സംവരണം അട്ടിമറിച്ചു; മുഴുവൻ സീറ്റുകളിലും ഇതര വിഭാഗക്കാർക്ക് നിയമനം

കാലിക്കറ്റ് സർവകലാശാല: സംവരണം അട്ടിമറിച്ചു; മുഴുവൻ സീറ്റുകളിലും ഇതര വിഭാഗക്കാർക്ക് നിയമനം

സംവരണം അട്ടിമറിച്ച് നിയമനം നടന്നത് ചോദ്യം ചെയ്ത് ഉദ്യോഗാർഥി നൽകിയ കേസിൽ വിധി വന്നതോടെയാണ് കൂടുതൽ ചട്ടലംഘനം നടന്നെന്ന് വ്യക്തമായത്

കാലിക്കറ്റ് സർവകലാശാലയിലെ 63 അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് നടന്ന നിയമനങ്ങളിൽ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിന് സംവരണം ചെയ്ത മുഴുവൻ സീറ്റുകളിലും മറ്റു വിഭാഗങ്ങളെ നിയമിച്ചെന്ന് ആരോപണം. മലയാളം, സൈക്കോളജി, സംസ്കൃതം, ബോട്ടണി എന്നീ പഠന വകുപ്പുകളിലെ ആറ് തസ്തികളിൽ ആണ് എസ് സി, എസ് ടി വിഭാഗങ്ങളിൽ നിന്നുള്ള അധ്യാപകരെ നിയമിക്കേണ്ടിയിരുന്നത്. എന്നാൽ ഈ ഒഴിവുകൾ ജനറൽ വിഭാഗത്തിൽ നിന്നും, മുസ്ലീം, ഈഴവ വിഭാഗങ്ങളിലെ ഉദ്യോഗാർഥികളെ വെച്ചും നികത്തുകയായിരുന്നു. 2021 ജനുവരിയിലാണ് ചട്ടം ലംഘിച്ച് നിയമനം നടത്തിയത്. എന്നാൽ നിയമന വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്. സംവരണം അട്ടിമറിച്ച് നിയമനം നടന്നത് ചോദ്യം ചെയ്ത് മാസ് കമ്മ്യൂണിക്കേഷണൻ ആൻഡ് ജേർണലിസം വിഭാഗത്തിലെ ഉദ്യോഗാർഥി നൽകിയ കേസിൽ വിധി വന്നതോടെയാണ് കൂടുതൽ ചട്ടലംഘനം നടന്നെന്ന് വ്യക്തമായത്.

പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർഥികളായ ഡോ. താര എസ്എ സ്, ഡോ.സുരേഷ് പുത്തൻപറമ്പിൽ എന്നിവർക്ക് അവസരം നഷ്ടമായി

മലയാളം പഠന വിഭാഗത്തിൽ രണ്ട് എസ് സി വിഭാഗം സീറ്റുകളാണ് ഉണ്ടായിരുന്നത്. എന്നാൽ ഒന്നിൽ പോലും എസ് സി വിഭാഗത്തിൽ നിന്നുള്ളവരെ പരിഗണിച്ചില്ല. പകരം രണ്ടും ഓപ്പൺ സീറ്റുകളായി പരിഗണിച്ച് ജനറൽ വിഭാഗത്തിൽ നിന്ന് അപർണ ടി, മഞ്ജു എം പി എന്നിവരെയാണ് അസിസ്റ്റന്റ് പ്രൊഫസർമാരായി നിയമിച്ചത്. ഇതുവഴി പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർഥികളായ ഡോ. താര എസ്എ സ്, ഡോ.സുരേഷ് പുത്തൻ പുത്തൻപറമ്പിൽ എന്നിവർക്ക് അവസരം നഷ്ടമായി. ഏറെ വർഷത്തെ കോളേജ് അധ്യാപന പരിചയമുള്ള അധ്യാപികയും മികച്ച പിഎച്ച്ഡി പ്രബന്ധത്തിന് അവാർഡ് നേടിയ ഗവേഷകയുമാണ് താര.

സൈക്കോളജി പഠന വകുപ്പിൽ എസ് സി വിഭാഗത്തിന് സംവരണം ചെയ്ത സീറ്റിൽ നിയമിച്ചത് ഓപ്പൺ വിഭാഗത്തിൽപ്പെട്ട ഡോ. നീതു ലാലിനെയാണ്. അർഹനായ ഉദ്യോഗാർഥിയെ തഴഞ്ഞാണ് ഈ നിയമനവും.

ബോട്ടണി പഠന വകുപ്പിൽ എസ് സി, എസ് ടി സംവരണ ഒഴിവിൽ അർഹനായ ഉദ്യോഗാർഥിക്ക് നിയമനം നൽകാതെ ഒഴിച്ചിട്ടിരിക്കുകയാണ്

സംസ്കൃത പഠന വകുപ്പിൽ ഒരു എസ് സി സീറ്റും ഒരു എസ് ടി സീറ്റുമാണ് ഉണ്ടായിരുന്നത്. ഇതു രണ്ടും സമാനമായ രീതിയിൽ മറ്റ് വിഭാഗങ്ങളിലുള്ളവരെ നിയമിച്ചു. ഡോ.ഷിഹാബ്, ഡോ.ഗായത്രി ഒ കെ എന്നിവരെയാണ് ഇവിടെ നിയമിച്ചിരിക്കുന്നത്. ഡോ. ശ്യാം കുമാർ, ഡോ. ഗീതുനാഥ് എന്നീ എസ് സി, എസ് ടി ഉദ്യോഗാർഥികളെ തഴഞ്ഞാണ് ഇവരുടെ നിയമനം. ബോട്ടണി പഠന വകുപ്പിൽ എസ് സി, എസ് ടി സംവരണ ഒഴിവിൽ അർഹനായ ഉദ്യോഗാർഥിക്ക് നിയമനം നൽകാതെ ഒഴിച്ചിട്ടിരിക്കുകയാണ്. ഡോ. അനിൽ രാജ് കെ എന്ന ഉദ്യോഗാർഥിക്കായിരുന്നു ഇവിടെ നിയമനം ലഭിക്കാൻ അർഹത.

സംവരണ തിരിമറി ഇന്ത്യൻ ഭരണഘടന തത്വങ്ങൾക്കും കെഎസ് ആൻ‍ഡ് എസ്എസ്ആർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി ആക്ട്, ചട്ടങ്ങൾ എന്നിവയുടെ ലംഘനമാണെന്ന് സിൻഡിക്കേറ്റ് അംഗം ഡോ. റഷീദ് അഹമ്മദ് പറഞ്ഞു. സംവരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പ്രഖ്യാപിച്ച സുപ്രധാന വിധികളുടെ നേരിട്ടുള്ള ലംഘനവുമാണ് നടപടി. കാലിക്കറ്റ് സർവകലാശാലയിലെ സംവരണ നയങ്ങളുടെ ലംഘനം പരിഹരിക്കുന്നതിനും അടിയന്തിര നടപടി സ്വീകരിക്കണമെന്നും, സാമൂഹിക നീതി ഉറപ്പാക്കി പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള യോഗ്യതയുള്ള ഉദ്യോഗാർഥികളെ നിയമിക്കുന്നതിന് അടിയന്തര നിർദേശങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ട് ഡോ. റഷീദ് അഹമ്മദ് ചാൻസലർ ആയ ഗവർണർക്ക് കത്ത് നൽകി.

സംവരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പ്രഖ്യാപിച്ച സുപ്രധാന വിധികളുടെ നേരിട്ടുള്ള ലംഘനമാണ് നടപടി

അസിസ്റ്റൻറ് പ്രൊഫസർ നിയമനത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി തയ്യാറാക്കിയ സംവരണ റൊട്ടേഷൻ ചാർട്ട് നിയമവിരുദ്ധമാണെന്നും അത് പുനഃക്രമീകരിക്കണമെന്നും ജേർണലിസം വകുപ്പിലെ നിയമനവുമായി ബന്ധപ്പെട്ട കേസിൽ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഒരാഴ്ച മുൻപ് ഉത്തരവിട്ടിരുന്നു. നിയമനങ്ങൾക്ക് എതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പട്ടിക ജാതി- പട്ടിക വർഗ വിഭാഗത്തിൽനിന്നുളള ഉദ്യോഗാർഥികൾ.

Related Stories

No stories found.
logo
The Fourth
www.thefourthnews.in